Fri. Nov 22nd, 2024

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത് കിടക്കുന്ന പ്രദേശമെന്നതുകൊണ്ടും, തുറമുഖങ്ങൾക്കു പറ്റിയ ഭൂമിശാസ്ത്രം ഉള്ളതുകൊണ്ടും പറവൂർ വ്യാപാര ഇടനാഴിയായി നിലനിന്നിരുന്നു.

വിദേശ ബന്ധങ്ങൾ വ്യാപാരമേഖലയോടൊപ്പം പറവൂരിന്റെ സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ചരിത്രം ഓർമപ്പെടുത്തുന്നതാണ് പ്രദേശത്തെ വിവിധ മതവിഭാഗങ്ങളുടെ സാന്നിധ്യവും ജൂത-ഡച്ച് സ്മാരകങ്ങളും.

1957-ലാണ് പറവൂർ മണ്ഡലം രൂപീകരിക്കപ്പെട്ടത്. പറവൂർ താലൂക്കിന്റെ ഭാഗമായ ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും പറവൂർ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പറവൂർ നിയമസഭ മണ്ഡലം. ഇതുവരെ നടന്ന 14 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എട്ട് തവണ കോൺഗ്രസ്സും അഞ്ച് തവണ സി പി ഐ സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ ആദ്യ എംഎൽഎ എൻ ശിവൻ പിള്ള സിപിഐയുടെ സ്ഥാനാർത്ഥിയായിരുന്നു. പിന്നീട 1960 മുതൽ കോൺഗ്രസ് തുടർച്ചയായി അഞ്ച് കാലയളവിൽ ജയം നേടി. കെ എ ദാമോദര മേനോൻ, കെ ടി ജോർജ്, സേവ്യർ അറക്കൽ, എ സി ജോസ് എന്നിവരായിരുന്നു യുഡിഎഫ് എംഎൽഎമാർ.

ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷണ വിധേയമാക്കിയ മണ്ഡലം എന്ന ഒരു ചരിത്രം കൂടി ഈ മണ്ഡലത്തിനുണ്ട്. 1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ സി ജോസും എൻ ശിവൻ പിള്ളയിൽ തമ്മിൽ നടന്ന മത്സരത്തിൽ എൻ ശിവൻ പിള്ള 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയും എ സി ജോസ് ഇലക്ട്രോണിക് വോട്ടിങ്ങാണ് തോൽവിക്ക് കാരണം എന്ന് കോടതിയിൽ വാദിക്കുകയും റീപോളിംഗ് അനുമതി ലഭിച്ച മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കരുണാകരൻ മന്ത്രിസഭയിൽ നിയമസഭാ സ്‌പീക്കറാവുകയും ചെയ്തു.

നിയമസഭയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യമായ സീറ്റുകൾ ഉണ്ടായിരുന്ന അവസരത്തിൽ എസി ജോസ് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തിയാണ് കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ഇടം നേടിയത്. അതിനുശേഷമുള്ള നാല് നിയമസഭ ഭരണ കാലയളവുകളിൽ സിപിഐയുടെ ശിവൻ പിള്ളയും, പി രാജുവും രണ്ടു വീതം തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നിലനിർത്തി.

നഷ്ടപ്പെട്ട സീറ്റിനെ തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയായിരുന്ന പി രാജുവിനെതിരെയാണ് ആദ്യമായി വി ഡി സതീശൻ പറവൂർ മണ്ഡലത്തിൽ മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ 1116 വോട്ടുകൾക്ക് പരാജയപ്പെടുകയും 2001-ലെ തിരഞ്ഞെടുപ്പിൽ പി രാജുവിനെതിരെ 7434 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സതീശൻ വിജയിക്കുകയും ചെയ്തു.

അതിനു ശേഷം തുടർച്ചയായി 2021 വരെ മണ്ഡലത്തെ സതീശൻ തന്നെയാണ് പ്രതിനിധീകരിച്ചിരിക്കുന്നത്. വി ഡി സതീശന്റെ ആദ്യ മത്സരം മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ശ്രദ്ധിച്ചാൽ ഓരോ തവണയും ഭൂരിപക്ഷം കൂടി കൂടി വരുന്ന ഒരു പ്രവണത പ്രകടമാണ്. ഈ ഒരു സാഹചര്യത്തിൽ കോൺഗ്രസ് പറവൂരിൽ അർപ്പിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കാതെ പറവൂരിലെ യുഡിഫ് സ്ഥാനാർത്ഥിയായി വി ഡി സതീശൻ തന്നെയാണ് ഇത്തവണയും കോൺഗ്രസ് പരിഗണിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചെങ്കിലും എറണാകുളത്തെ ജില്ലയെ അത്ര കാര്യമായി ബാധിച്ചില്ല എന്ന് പറയാം. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല എന്നുള്ളതും എൽഡിഎഫിന് ജില്ലയിലെ നില അല്പം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നുള്ളതും എടുത്തുപറയേണ്ടവയാണ്. പറവൂർ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ പറവൂർ മണ്ഡലത്തിൽ യുഡിഎഫിനെ പിന്നിലാക്കി മുൻതൂക്കം നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

ഇത് എൽഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. ഈ ആത്മവിശ്വാസം കൈമുതലാക്കി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഇടതുപക്ഷം. യുഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന പറവൂർ മണ്ഡലം എന്തുവിലകൊടുത്തും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയത്തിൽ പറവൂർ മണ്ഡലത്തെപ്പറ്റി കാര്യമായ ചർച്ചകൾ ഇടതുമുന്നണിയിൽ ഉണ്ടായി.

സിപിഐയുടെ നേതാക്കളായ പന്ന്യൻ രവീന്ദ്രനടക്കം കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി സിപിഐ സ്ഥാനാർത്ഥികൾക്ക് വി ഡി സതീശനിൽ നിന്ന് മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സിപിഎം സ്ഥാനാർത്ഥികളെ പറവൂരിൽ പരിഗണിക്കണമെന്നുള്ള ആവശ്യങ്ങൾ ശക്തമായി മുന്നണി ചർച്ചകളിൽ ഉടനീളം കേട്ടിരുന്നു. മണ്ഡല രൂപീകരണം മുതലുള്ള സീറ്റ് വിട്ടുനൽകണ്ടെന്നും ശക്തനായ എതിരാളിയുടെ സീറ്റ് തിരികെ പിടിക്കുമെന്ന്നുമായിരുന്നു സിപിഐ ജില്ലാ-പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ എം ടി നിക്‌സണെയാണ് സതീശനെ നേരിടാൻ സിപിഐ തിരഞ്ഞെടുത്തിരിക്കുന്നത്. എൽഡിഎഫിൽ നടക്കുന്ന സീറ്റുമാറ്റ ആലോചനകളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ സതീശൻ ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവരുന്നതിനുമുമ്പേ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. ഇത് സീറ്റിനെ പറ്റിയും വിജയത്തെ പറ്റിയുമുള്ള വി ഡി സതീശന്റെ ആത്മവിശ്വാസവും കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള പിന്തുണയും ചൂണ്ടിക്കാണിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ യുഡിഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ വി ഡി സതീശനായിരിക്കും ധനമന്ത്രി എന്നൊരു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നിലവിൽ ഉണ്ട്. നിയമസഭയിലും പുറത്തും എൽഡിഎഫിനെതിരെ കടുത്ത വാദപ്രതിവാദങ്ങൾ നടത്താൻ കഴിവുള്ളയാൾ എന്ന നിലയിലും പല സന്ദര്ഭങ്ങളിലും യുഡിഎഫിന്റെ വാദങ്ങൾ യുക്തിഭദ്രമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളതിനാലും കെ എം മാണിയുടെ വിയോഗവും ധനമന്ത്രി സ്ഥാനത്തിന് യുഡിഎഫിൽ സതീശനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ശല്യക്കാരനും, മന്ത്രിപദ സാധ്യതയുള്ളതിനാലും സതീശനെ ഏതു വിധേനയും തോൽപ്പിക്കണമെന്നുള്ളത് എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പ്രളയ ദുരിതാശ്വാസത്തിനു സതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയായ ‘പുനർജനി’-ക്കു നിയമവിരുദ്ധമായി വിദേശ ധനസഹായം ലഭിച്ചു എന്നുള്ള പരാതി ഉൾപ്പെടെ പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ എം ദിനകരനെതിരെ 7792 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സതീശൻ രണ്ടാം തവണ വിജയിച്ചത്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 58 വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് സതീശന് ലഭിച്ചത്. 2011 നിയമസഭ തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ 62,955 വോട്ടുകൾ നേടിയപ്പോൾ 74,632 വോട്ടുകൾ നേടി വിഡി സതീശൻ ഭൂരിപക്ഷം 11349-ലേക്കുയർത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ വിഡി സതീശനെതിരെ മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെയാണ് എതിർസ്ഥാനാർത്ഥിയായി കൊണ്ടുവന്നത്. പക്ഷെ ഭൂരിപക്ഷം ഉയർത്തി 20,364 എത്തിച്ചാണ് സതീശൻ വിജയംനേടിയത്.

എന്‍ഡിഎ എറണാകുളം ജില്ല കണ്‍വീനറും ബിഡിജെഎസ് ജില്ല പ്രസിഡന്റുമായ എ ബി ജയപ്രകാശാണ് ബിജെപി സ്ഥാനാർത്ഥി. 2016 മുതൽ പറവൂരെ എൻഡിഎ സ്ഥാനാർത്ഥി ബിഡിജെഎസ്-ൽ നിന്നാണ്. 2011 തിരഞ്ഞെടുപ്പിൽ 2.73% വോട്ട് നേടിയിരുന്ന എൻഡിഎ 2016-ലെ ബിഡിജെഎസ് സ്ഥാനാർത്ഥി വഴി നേടിയത് 17.50% വോട്ടുകളാണ്. അതായത് ബിഡിജെഎസിന്റെ വരവ് യുഡിഎഫ് വോട്ടുകളിൽ അഞ്ച് ശതമാനത്തോളവും എൽഡിഎഫ് വോട്ടുകളിൽ പത്ത് ശതമാനത്തിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.

പ്രളയം വളരെ അധികം ബാധിച്ച പ്രദേശമെന്ന നിലക്ക് പറവൂരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വിലയിരുത്തലിൽ പ്രളയാനന്തര പുനരുദ്ധാരണം വലിയൊരു ഭാഗമാണ്. പ്രളയാനന്തരം അടിസ്ഥാന സൗകര്യങ്ങളായ റോഡുകളുടെ നവീകരണവും കുടിവെള്ള ലഭ്യതയും ദുരിതത്തിലായവർക്കുള്ള സഹായങ്ങളും ഒക്കെ ചർച്ചകളിൽ പ്രാധാന്യം അർഹിക്കുന്ന മേഖലകളാണ്. വികസനത്തെ സംബന്ധിച്ചിടത്തോളം പുരാതന നഗരം എന്ന നിലയിൽ വികസനത്തിന് വളരെയധികം പരിമിധികളുള്ള ഒരു പ്രദേശമാണ് പറവൂർ.

നഗര വികസനത്തിന് കൃത്യമായ പഠനങ്ങളും ആസൂത്രണവും വളരെ അനിവാര്യമാണ് ഈ മേഖലയിൽ എൻഎച്ച്-66 വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിലടക്കം വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ട് പറവൂർ മണ്ഡലം. വികസന ചർച്ചകളിൽ എൻഎച്ച്-16 വികസനം കാര്യമായി ഉന്നയിക്കപ്പെടുന്ന ഒന്നാണ്. നഗരത്തിലെ ഗതാഗത കുരുക്കുകളും എറണാകുളത്തേക്ക് ഇടുങ്ങിയ എൻഎച്ച്-16 ലൂടെയുള്ള യാത്രയും പ്രദേശത്തെ ജനങ്ങൾക്ക് നൽകുന്ന ദുരിതം തീരാതെ തുടരുകയാണ്.

മുസിരിസ് പൈതൃകവും ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര മേഖലയുടെ സാധ്യതകളെ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. കൊച്ചി മുസിരിസ് ബിനാലെ പോലെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പ്രദേശത്തിന്റെ വളർച്ചക്ക് ഏറെ സഹായകരമാവുന്ന ഒന്നാണ്. ജനങ്ങളുടെ ഇടയിൽ പ്രദേശത്തു ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ച അനിവാര്യമാണെന്നുള്ള ഒരു ആവശ്യം നിലനിൽക്കുന്നുണ്ട്. കോളേജുകളുടെ കുറവ് പ്രദേശത്തെ വിദ്യാർത്ഥികളെ ദൂരെയുള്ള പ്രദേശങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നുണ്ട്.

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് 1,88,785 വോട്ടർമാരാണ് പറവൂരിൽ ഉളളത്. ഇതിൽ 92,178 പുരുഷന്മാരും 96,605 സ്‌ത്രീകളും 2 ട്രാൻസ്ജൻഡേർസും ഉൾപ്പെടും. തിരഞ്ഞെടുപ്പ് വിധിനിർണയം ജനപ്രതിനിധി എന്ന നിലയിൽ വി ഡി സതീശന്റെ തുടർച്ചയായ അഞ്ചാം കാലയളവിലേക്ക് നയിക്കുമോയെന്നും ധനമന്ത്രിയെ സമ്മാനിക്കുമോയെന്നും അതോ ഇരുപത് വർഷങ്ങൾക്ക് ശേഷം സിപിഐ ആധിപത്യം സ്ഥാപിക്കുമോയെന്നും നോക്കിക്കാണേണ്ടിയിരിക്കുന്നു.