Mon. Dec 23rd, 2024
കുറ്റ്യാടി:

കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാർട്ടി പരിശോധന നടത്തേണ്ടതില്ല.

രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കൾക്ക് രണ്ടുടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയ സംഭവത്തോടും യെച്ചൂരി പ്രതികരിച്ചു.

കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. മകന്‍റെ കേസിന്‍റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്.

കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

By Divya