Fri. Nov 22nd, 2024
അഹമ്മദാബാദ്:

സ്റ്റേഡിയത്തിൽനിന്നു കാണികൾ പുറത്തായപ്പോൾ ഇന്ത്യയുടെ കയ്യിൽനിന്നു ജയവും പുറത്തുപോയി. 3–ാം ട്വന്റി20യി‍ൽ ഇന്ത്യയെ 8 വിക്കറ്റിനു തോൽപിച്ച ഇംഗ്ലണ്ട് 5 മത്സര പരമ്പരയിൽ 2–1നു മുന്നിലെത്തി. 3–ാം കളിയിലും ജയം ടോസ് നേടിയ ടീമിന്. 4–ാം മത്സരം നാളെ ഇതേ വേദിയിൽ.

സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 156, ഇംഗ്ലണ്ട് 18.2 ഓവറിൽ 2ന് 158. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാണു മത്സരം നടത്തിയത്. 46 പന്തുകളിൽ പുറത്താകാതെ 77 റൺസ് നേടി ഇന്ത്യയെ കരകയറ്റിയ വിരാട് കോലിക്ക് ഇംഗ്ലണ്ടിന്റെ മറുപടി 52 പന്തുകളിൽ 83 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബ്ട‍ലറായിരുന്നു.

പവർപ്ലേയിൽ കെഎൽ രാഹുൽ (0), സൂര്യകുമാർ യാദവിനെ പുറത്തിരുത്തിയ ഒഴിവിലേക്കു മടങ്ങിയെത്തിയ രോഹിത് ശർമ (15), ഇഷാൻ കിഷൻ (4) എന്നിവരെ നഷ്ടപ്പെട്ട് 3ന് 24 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (17) അവസാന 5 ഓവറുകളിൽ 70 റൺസ് കൂട്ടിച്ചേർത്താണു കോലി ഇന്ത്യയെ കരകയറ്റിയത്. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച 6–ാം വിക്കറ്റ് പ്രകടനമാണിത്. 3 വിക്കറ്റെടുത്ത പേസർ മാർക്ക് വുഡാണ് ഇംഗ്ലിഷ് ബോളർമാരിൽ തിളങ്ങിയത്.

ജേസൺ റോയിയും (9) ഡേവിഡ് മലാനും (18) പുറത്തായെങ്കിലും ജോണി ബെയർസ്റ്റോയെ (28 പന്തുകളിൽ പുറത്താകാതെ 40) കൂട്ടുപിടിച്ച് ബട്‍ലർ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു.

By Divya