Sat. Jan 18th, 2025
കൊച്ചി:

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ദ്ധപരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

പത്ത് ദിവസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചത്. അതിന് ശേഷം കൊവിഡ് വാക്സീൻ എടുത്ത ശേഷം ആയിരിക്കും തൃശൂരിലടക്കം പ്രചരണ രംഗത്ത് സജീവമാകുക. തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശൂർ താൻ തിരഞ്ഞെടക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്.

തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. ഒടുവിൽ തൃശൂരിൽ തന്നെ സ്ഥാനാർത്ഥിയാകുകയായിരുന്നു.

By Divya