Wed. Nov 6th, 2024
കണ്ണൂര്‍:

ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്.
കെ സുധാകരന് തന്നോട് ഒരു എതിർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ എംഎം ഹസ്സന്‍റെയും കെസി ജോസഫിന്‍റെയും നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.

സോണി സെബാസ്റ്റ്യൻ അടക്കം എ ഗ്രൂപ്പിലെ 10 പേരുമായാണ് ചർച്ച. എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്പുതന്നെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍.

കെസി വേണുഗോപാലിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥി ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അൻപതോളം എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജി നൽകി. ഇരിക്കൂർ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയിൽ എ വിഭാഗത്തിന് എംഎഎമാരില്ലാത്ത സ്ഥിതിയാകും.

ഇരിക്കൂറിന് പുറമെ കണ്ണൂർ പേരാവൂർ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെസി വേണുഗോപാലിന്‍റെ കൈകടത്തലില്‍ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിഞ്ഞതിൽ കടുത്ത അമർഷത്തിലാണ് സുധാകരൻ.

By Divya