Sun. Dec 22nd, 2024
കൊച്ചി:

കളമശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വിഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. കളമശേരിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ലീഗ് നേതൃത്വത്തിന്റെ തീരുമാനം അന്തിമമാണ്.

വിഇഅബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ എറണാകുളം ജില്ലാ നേതൃത്വമടക്കം നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കളമശേരിയില്‍ മുന്‍മന്ത്രി വികെഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വിഇഅബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രതിഷേധങ്ങളും വിമതയോഗവും ചേര്‍ന്നതിന് പിന്നാലെയാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗഫൂറിന് പകരം മങ്കട എംഎല്‍എ ടിഎഅഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എറണാകുളം ജില്ലയിലെ നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം.

By Divya