Wed. Nov 6th, 2024
തിരുവനന്തപുരം:

ശക്തനായ നേതാവാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍. കെ മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നാണ് കുമ്മനം പറഞ്ഞത്. കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിൻ്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു.

‘പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ ഒരു തിരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല.

രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച് ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബിജെപിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല. കരുത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അത്ര കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ. ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അതല്ലേ വേണ്ടത്. അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്,’ കുമ്മനം പറഞ്ഞു.

By Divya