Mon. Dec 23rd, 2024
സുൽത്താൻ ബത്തേരി:

നിയമസഭ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തില്‍നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേര്‍സണുമായ ജാനു ഇക്കാര്യമറിയിച്ചത്.

ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുകര സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബിജെപിയെ എന്നും വിശ്വാസമാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തൻെറ കൂടെയാണെന്നും അവര്‍ പറഞ്ഞു.

ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയും ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുക. ബിജെപി മണ്ഡലം പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

പ്രാദേശിക നേതൃത്വം പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. മാത്രമല്ല, ബത്തേരി മണ്ഡലത്തില്‍ സ്ഥിരമായി പോകുന്ന ആളാണ് താന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാറുണ്ട്. വനവാസി വിഭാഗത്തിൻെറ പല പ്രശ്‌നങ്ങളിലും ഇടപെട്ടിട്ടുമുണ്ട്. അതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും സികെ ജാനു പറഞ്ഞു.

By Divya