തൃശൂർ:
തൃശൂര്‍ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍ മരിച്ചതായി ജന്‍മഭൂമിയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് സിപിഐ ആരോപിച്ചു. പത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി തുടങ്ങി.
ബിജെപി മുഖപത്രമായ ജന്‍മഭൂമിയുടെ ചരമക്കോളത്തിലായിരുന്നു സിപിഐ സ്ഥാനാർത്ഥി സി സി മുകുന്ദൻ്റെ പടംവച്ച് ചരമവാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ വ്യക്തി വിവരങ്ങള്‍ ചരമവാര്‍ത്തയായി എഴുതിയെന്ന് സിപിഐ ആരോപിച്ചു. പട്ടികജാതിക്കാരനായ സ്ഥാനാർത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് സിപിഐ നേതൃത്വം കുറ്റപ്പെടുത്തി.
വ്യാജ ചരമവാര്‍ത്തയ്ക്കെതിരെ നാട്ടികയില്‍ സിപിഐ പ്രതിഷേധം തുടങ്ങി. അതേസമയം, സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ അബദ്ധത്തില്‍ ചരമവാര്‍ത്തയായി പ്രസിദ്ധീകരിച്ചതാണെന്നാണ് സൂചന.