Mon. Dec 23rd, 2024
തിരുവനന്തപുരം:

കസ്റ്റംസ് പറയുന്ന ഐ ഫോൺ ഭാര്യയുടെ കൈവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വർണക്കടത്ത് വിവാദത്തിലൂടെ പാർട്ടിയെ ശിഥിലമാക്കാൻ ശ്രമമെന്ന് കോടിയേരി പറഞ്ഞു. പാർട്ടി നേതാക്കൾ കൊള്ളരുതാത്തവർ എന്ന് വരുത്താനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്.

സന്തോഷ് ഈപ്പനെ അറിയില്ലെന്നും സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു എന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത്. പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോൾ വിവാദം.

ആ കോഡ് നമ്പറിലെ ഫോൺ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ അത് വിനോദിനിയുടെ കയ്യിലെന്ന് പറയാൻ കഴിയുമെന്ന് കോടിയേരി ചോദിച്ചു. ഉണ്ടാക്കിയെടുക്കുന്ന കഥയും പ്രചാരണവുമാണ് ഇപ്പോഴുള്ളത്.

ഇമെയിലായോ വാട്സ്ആപ്പ് വഴിയോ നോട്ടീസ് അയച്ചെന്ന് പറയുന്നതിലും കഥയില്ല. അത്തരമൊന്ന് കിട്ടിയിട്ടില്ല. കിട്ടുമ്പോൾ ബാക്കി നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

By Divya