പിറവം:
പിറവം സീറ്റ് തനിക്കു ലഭിക്കാത്തതു പണം നൽകാനില്ലാത്തതിനാലാണെന്നു കേരള കോൺഗ്രസ് (എം) സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നു രാജിവച്ച യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭാംഗവുമായ ജിൽസ് പെരിയപ്പുറം. പിറവം നഗരസഭാ കൗൺസിലിൽ സ്വതന്ത്ര നിലപാടെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഡോ സിന്ധുമോൾ ജേക്കബ് സിപിഎം അംഗമാണെന്ന് അവർക്കെതിരെ സിപിഎം നടപടി വന്നതോടെ തെളിഞ്ഞു.
ഇതോടെ കേരള കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടെന്നു വ്യക്തമായതായി അദ്ദേഹം പറഞ്ഞു. പാർട്ടിയിൽനിന്നുള്ള രാജിക്കത്ത് ജിൽസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് അയച്ചുകൊടുത്തു.
ഇതിനിടെ, കേരള കോൺഗ്രസ് ലീഡറും പിറവത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ അനൂപ് ജേക്കബ് എംഎൽഎ ഇന്നലെ ജിൽസ് പെരിയപ്പുറവുമായി കൂടിക്കാഴ്ച നടത്തി. കൂറുമാറ്റനിയമം ബാധകമല്ലെങ്കിലും ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ജിൽസ് പറഞ്ഞു.
ജിൽസ് പെരിയപ്പുറത്തിന്റെ നിലപാട് പിറവം നഗരസഭാ ഭരണത്തിലും നിർണായകമാകും. 27 അംഗ കൗൺസിലിൽ എൽഡിഎഫ്–15 ,യുഡിഎഫ്–12 എന്നിങ്ങനെയാണു കക്ഷിനില. സർക്കാർ ജോലി ലഭിച്ചതിനാൽ എൽഡിഎഫിലെ ഒരു അംഗം രാജി വച്ചതോടെ 14 അംഗങ്ങളാണ് ഇപ്പോൾ എൽഡിഎഫിനൊപ്പമുള്ളത്. ജിൽസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാടെടുത്താൽ ഇരുമുന്നണിക്കും അംഗബലം തുല്യമാകും.