Mon. Dec 23rd, 2024
തിരുവനന്തപുരം:

പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസിലേക്ക് വന്നാൽ ഉചിതമായ പരിഗണന നൽകുമെന്നും കേരളത്തിൻ്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തിൽ യുഡിഎഫ് അപ്രസക്തമാണെന്നും തുഷാർ വെള്ളാപ്പള്ളി.

കോൺഗ്രസ് ഗ്രൂപ്പ് വൈര്യത്തിൽ പാർട്ടിവിട്ട ശ്രീ പിസി ചാക്കോയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബിഡിജെഎസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകും. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തിൽ യുഡിഎഫ് അപ്രസക്തമാണ്. പാർട്ടിയുടെ ഉൾപ്പാർട്ടിപ്പോരിൽ മനംമടുത്ത് കൂടുതൽ നേതാക്കൾ ഇനിയും പാർട്ടിവിട്ടു വരും.

നേരത്തെ എൻസിപിയും പിസി ചാക്കോയെ ക്ഷണിച്ചിരുന്നു. എൻസിപിയുമായി നല്ല ബന്ധമാണ് ചാക്കോയ്ക്ക് ഉള്ളതെന്നും അദ്ദേഹത്തിന് യോജിച്ചു പോകാവുന്ന പാർട്ടിയാണ് എൻസിപിയെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ച നടന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തേക്കാൾ ദേശീയരാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സംഭാവന നൽകനാകുമെന്നും ചാക്കോയെ പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോൺഗ്രസ് വിട്ടുവെന്ന പ്രഖ്യാപനം വരുന്നത്. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവച്ചത്.

By Divya