മസ്കറ്റ്:
രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുന്നതാണ് കഴിഞ്ഞദിവസം സുൽത്താൻ അംഗീകാരം നൽകിയ സാമ്പത്തിക ഉത്തേജന പദ്ധതിയെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ സൈദ് അൽ സക്രി. ദീർഘകാല താമസാനുമതി നൽകാനുള്ള തീരുമാനം വിദേശ നിക്ഷേപകരുടെ ആത്മ വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ഡോ സൈദ് അൽ സഖ്രി പറഞ്ഞു.
ഉത്തേജന പാക്കേജിൻ്റെ ഭാഗമായ നടപടികൾ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ഉണർവു പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവത്കരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കമ്പനികളുടെ പ്രവർത്തനത്തിനും ഉത്തേജന പാക്കേജ് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമായും അഞ്ചു കാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് കഴിഞ്ഞദിവസം സുൽത്താൻ അംഗീകാരം നൽകിയ സാമ്പത്തിക ഉത്തേജന പദ്ധതി.