Wed. Jan 22nd, 2025
കോഴിക്കോട്:

കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

രമ്യമായി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. സീറ്റില്‍ നിലവില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സിപിഐഎമ്മും കേരളാ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടും. ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് കുറ്റ്യാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടില ചിഹ്നത്തില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി വേണ്ടെന്നും അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നുമാണ് ആവശ്യം.

By Divya