Mon. Dec 23rd, 2024
പശ്ചിമ ബംഗാൾ:

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹാള്‍ഡിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോ നടത്തിയ ശേഷമാണ് മമത ബാനര്‍ജി പത്രിക സമര്‍പ്പിച്ചത്.

പത്രിക സമര്‍പ്പണത്തിനുള്ള ശേഷം നന്ദിഗ്രാമില്‍ എത്തിയ മമത ശിവറാംപൂരിലെ ദുര്‍ഗ ക്ഷേത്രത്തിലും മസ്ജിദിലും ദര്‍ശനം നടത്തി. ഇന്ന് നന്ദിഗ്രാമില്‍ തന്നെ തങ്ങിയ ശേഷം നാളെ മമത കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കും.

അതേസമയം ബംഗാളില്‍ മമത വീണ്ടും അധികാരത്തില്‍ വരുന്നത് ഹിന്ദു വിഭാഗത്തിന് ഭീഷണിയെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി രംഗത്ത് വന്നു. നന്ദിഗ്രാം മണ്ഡലത്തില്‍ സുവേന്ദു അധികാരി വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 40 താര പ്രചാരകരാണ് ഒന്നാംഘട്ടത്തില്‍ ബംഗാളില്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുക.

ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെട്ട സംയുക്ത മോര്‍ച്ച കര്‍ഷക പ്രക്ഷോഭ നേതാക്കളെ മുന്‍നിര്‍ത്തി ശനിയാഴ്ച നന്ദിഗ്രാമില്‍ റാലി നടത്തും.

By Divya