Wed. Jan 22nd, 2025
ആലപ്പുഴ:

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അപ്രതീക്ഷിത നീക്കവുമായി എൻഡിഎ. ചേർത്തലയിൽ മുൻ സിപിഎം നേതാവ് അഡ്വ ജ്യോതിസ് പി എസിനെയാണ് എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

അരൂരിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് പാർട്ടി വിട്ടത്. മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായിരുന്ന എന്‍പി തണ്ടാരുടെ മരുമകനാണ് ചേര്‍ത്തല കോടതിയിലെ അഭിഭാഷകനായ ജ്യോതിസ്. എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ മുന്‍ സെക്രട്ടറി പരേതനായ പികെ സുരേന്ദ്രനാണ് പിതാവ്.

വർക്കലയിൽ അജി എസ്ആർഎം ആണ് ബിഡിജെഎസ് സ്ഥാനാർത്ഥി. കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ പത്മകുമാറും മത്സരിക്കും. അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാർത്ഥികൾ. അതേസമയം ബിഡിജെഎസിന്റെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തുഷാർവെളളാപ്പളളിയില്ല.

കൊടുങ്ങല്ലൂർ കുട്ടനാട് ഉൾപ്പെടെയുളള സീറ്റുകളിലെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും.

By Divya