ഡെറാഡൂൺ:
ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങ് റാവത്ത് ചുമതലയേൽക്കും. ത്രിവേന്ദ്ര സിങ് റാവത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ മുഖ്യനെ കണ്ടെത്തിയത്. 56കാരനായ തിരാത്ത് സിങ് റാവത്ത് നിലവിൽ ബിജെപി എംപിയാണ്.
2013-15ൽ ഉത്തരാഖണ്ഡിൽ പാർട്ടി അധ്യക്ഷനും മുൻകാലങ്ങളിൽ എംഎൽഎയുമായിരുന്നു. ബുധനാഴ്ച വൈകീട്ട് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിങ് റാവത്ത് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. ഇവരെ മറികടന്നാണ് തിരാത്ത് സിങ് റാവത്ത് മുഖ്യമന്ത്രിയാകുന്നത്.
ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലേറെയും ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പ്രവർത്തനത്തോട് താൽപര്യം കാണിക്കാത്തതാണ് നാല് വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിലേക്ക് എത്തിച്ചത്. ഇദ്ദേഹം തുടർന്നാൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു.