ദുബൈ:
പേപ്പർരഹിതമാകാനൊരുങ്ങുന്ന ദുബൈയുടെ നടപടിക്ക് വേഗംനൽകി സ്പോർട്സ് കൗൺസിൽ സമ്പൂർണമായും പേപ്പറുകൾ ഒഴിവാക്കി. ഇതോടെ 100 ശതമാനം പേപ്പർരഹിതമാകുന്ന ആദ്യ കായികസ്ഥാപനമെന്ന പകിട്ട് ദുബൈ സ്പോർട്സ് കൗൺസിൽ സ്വന്തമാക്കി. സമ്പൂർണ പേപ്പർരഹിത സ്ഥാപനങ്ങൾക്ക് സ്മാർട്ട് ദുബൈ നൽകുന്ന ‘പേപ്പർലസ് സ്റ്റാമ്പ്’ ദുബൈ സ്പോർട്സ് കൗൺസിലിന് കൈമാറി.
കഴിഞ്ഞദിവസം ഇത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെയാണ് ‘പേപ്പർലസ് സ്റ്റാമ്പ്’ കൈമാറിയത്.സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം ഇനിമുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയായിരിക്കും. ‘പേപ്പർലസ് സ്റ്റാമ്പ്’ സ്മാർട്ട് ദുബൈ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ യൂനുസ് അൽ നാസറിൽനിന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ്, അസിസ്റ്റൻറ് സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മ തുടങ്ങിയവർ ഏറ്റുവാങ്ങി.
സാങ്കേതിക വളർച്ചക്കൊപ്പം അതിവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകണമെന്നും ഡിജിറ്റൽ മേഖലയിലെ നൂതന പദ്ധതികൾ നടപ്പാക്കുന്ന സർക്കാർ നയത്തിന് പിന്തുണ തുടരുമെന്നും സഈദ് ഹരെബ് പറഞ്ഞു. 100 ശതമാതം പേപ്പർലസ് ആയ നാലാമത്തെ സ്ഥാപനമാണ് സ്പോർട്സ് കൗൺസിൽ.