തൃശ്ശൂർ:
കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് തൃശ്ശൂർ പൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്ന് സംഘാടകര്‍. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. പൂരം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേരും.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂര്‍ പൂരം നടത്തിപ്പിനായി സമ്മര്‍ദ്ദതന്ത്രവുമായി സംഘാടകര്‍. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം.
ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെയും സര്‍ക്കാരിനെയും അറിയിക്കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ മുൻ പിൻ നോക്കാതെ തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.