കുവൈറ്റ് സിറ്റി:
സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം.
നിലവിൽ അങ്ങനെയല്ലാതെ നിരവധി പേർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്ക് പദ്ധതി തയ്യാറാക്കിയത്. കർഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കിലും പുറത്തെ വിസയിൽ ജോലി ചെയ്യുന്നവർ ഡെലിവറി സേവനം നടത്തുന്നുണ്ടെങ്കിൽ പിടികൂടും.
കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫീൽഡിലുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇതുകൂടി പരിശോധിക്കും. ഡെലിവറിക്ക് അനുമതിയുള്ള സ്ഥാപനങ്ങളായതുകൊണ്ടുമാത്രം കാര്യമില്ല. വിതരണം നടത്തുന്നയാളുടെ വിസ അതേ കമ്പനിയിലായിരിക്കണം.