യാംബു:
സൗദിയിൽ വിജയകരമായി നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികൾ ആഗോളശ്രദ്ധ നേടുന്നു. സൗദി ജനതയിൽ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഉന്നമനത്തിനുള്ള പുതിയ പരിഷ്കാരങ്ങൾ സൗദി ജനത മാത്രമല്ല ആഗോളതലത്തിൽതന്നെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്.
ലോക ബാങ്ക് ഗ്രൂപ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്ത്രീകൾ ബിസിനസ് രംഗത്തും നിയമരംഗത്തും 2021ൽ’ എന്ന ശീർഷകത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ സ്ത്രീമുന്നേറ്റം പ്രത്യേകം പരാമർശിച്ചിട്ടുള്ളത്. 190 രാജ്യങ്ങളിലെ സ്ത്രീകൾ സാമ്പത്തിക വികസനമേഖലയിൽ കൈവരിച്ച പുരോഗതിയും മികവും പരാമർശിക്കുന്ന റിപ്പോർട്ടിലാണ് തുടർച്ചയായ രണ്ടാം വർഷവും സൗദിയെ മികച്ച രാജ്യമായി പരാമർശിച്ചത്.
സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് വഴിയൊരുക്കിയ നിരവധി പരിഷ്കാരങ്ങൾക്ക് സൗദിയുടെ ‘വിഷൻ 2030’ അടിത്തറയിട്ടതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽവിപണിയിൽ സ്വദേശി വനിതകളെ ആകർഷിക്കുന്നതിന് കഴിഞ്ഞ നാല് വർഷമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
മാനവശേഷി വികസനനിധിയുടെ സഹായത്തോടെ നിരവധി പരിശീലന പരിപാടികളും സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം വായ്പയും സഹായവും അനുവദിക്കുന്നതും വമ്പിച്ച പുരോഗതിക്ക് ആക്കംകൂടിയതായി വിലയിരുത്തുന്നു