Mon. Dec 23rd, 2024
ദുബായ്:

ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു. അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക്ഷനിലൂടെ തയ്യാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസിന്റെ അന്വേഷണം.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അഭ്യർഥിച്ചു.
ഒരു മാസം മുൻപ് കടലിൽ നിന്നാണ് ഏതാണ്ട് പൂർണമായും ജീർണിച്ച മൃതശരീരം കണ്ടെത്തിയത്. തുടർന്ന് ദുബായ് പൊലീസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ അഹമദ് ഇൗദ് അൽ മൻസൂരിയുടെ നേതൃത്വത്തിലുള്ള സംഘം വെല്ലുവിളി ഏറ്റെടുത്ത് ആധുനിക സാങ്കേതിക വിദ്യയായ ത്രി ഡി ഫേഷ്യൽ റികൺസ്ട്രക്ഷൻ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയായിരുന്നു.

ഡിജിറ്റൽ ഫോറൻസിക് വിദഗ്ധര്‍, ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ വിഭാഗം എന്നിവരുടെ കഠിന ശ്രമത്തിലൂടെയാണു കംപ്യൂട്ടർ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചെടുത്തത്. ദുബായ് പൊലീസ് തലവൻ ലഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കുറ്റാന്വേഷണവിഭാഗം അസി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവർ ഇൗ ഉദ്യമത്തിന് പൂർണ പിന്തുണ നൽകി.

By Divya