Sun. Dec 22nd, 2024
തിരുവനന്തപുരം:

കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും. വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്.

രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

അതേസമയം, എറണാകുളത്തെ സിപിഎം സ്ഥാനാ‍ർത്ഥിപ്പട്ടികയിൽ മാറ്റം വരുമെന്ന് ഏതാണ്ട് ഉറപ്പായി. എറണാകുളം മണ്ഡലത്തിൽ യേശുദാസ് പറപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തിമതീരുമാനം സിപിഎം സംസ്ഥാനകമ്മിറ്റിയോഗത്തിൽ എടുക്കും.

എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗമാണ് യേശുദാസ് പറപ്പിള്ളി. നേരത്തെ ഷാജി ജോർജിനെ ആയിരുന്നു സിപിഎം സെക്രട്ടറിയേറ്റ് എറണാകുളം മണ്ഡലത്തിൽ പരിഗണിച്ചിരുന്നത്. ഷാജി ജോർജ് മികച്ച സ്ഥാനാർത്ഥി അല്ലെന്നു ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു.

അതേസമയം, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് നൽകാനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസമിതിക്ക് വിട്ടു.

By Divya