Wed. Jan 22nd, 2025
ചെന്നൈ:

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്ന് ഗാംഗുലി പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗാംഗുലി പന്തിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് സെഞ്ചുറി നേടിയിരുന്നു.

“എത്ര മികച്ച താരമാണ് ഇയാൾ? അവിശ്വസനീയമാണ്. സമ്മർദ്ദ ഘട്ടത്തിൽ എത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ തവണയല്ല, അവസാന തവണയും അല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും. ആക്രമണാത്മക ബാറ്റിംഗ് തുടരുക.

അങ്ങനെയാണ് സ്പെഷ്യലായ ഒരു മാച്ച് വിന്നർ ആവുക.”- ഗാംഗുലി ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് എടുത്തിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 89 റൺസിൻ്റെ ലീഡാണ് ഉള്ളത്.

ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ (60 നോട്ടൗട്ട്), രോഹിത് ശർമ്മ (49) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി

By Divya