മസ്കറ്റ്:
ഒമാനിൽ പുതിയ വ്യവസായ നഗരംകൂടി വരുന്നു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബിയിലാണ് പുതിയ വ്യവസായ നഗരം നിർമിക്കാൻ പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് (മദായെൻ) പദ്ധതിയിടുന്നത്. 14 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് വ്യവസായ എസ്റ്റേറ്റിനായി നീക്കിവെച്ചത്. ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മദായെൻ യോഗ്യരായ എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ ആദ്യ വ്യവസായ പാർക്കാണിത്. വിശാലമായ മേഖലയിലെ ധാതുസമ്പത്ത് വാണിജ്യപരമായി ഉപയോഗിക്കാൻ വ്യവസായ എസ്റ്റേറ്റ് സഹായകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദാഹിറ ഗവർണറേറ്റിലെ ഇബ്രിക്ക് പിന്നാലെയാണ് മുദൈബിയിൽ വ്യവസായ നഗരം പ്രഖ്യാപിച്ചത്.
പത്ത് ദശലക്ഷം ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന ഇബ്രി വ്യവസായ നഗനഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഒമാൻ-സൗദി റോഡിന് സമീപമാണ് ഇബ്രി വ്യവസായ നഗരം വരുന്നത്. വൈവിധ്യമാർന്ന ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഇബ്രി വ്യവസായ നഗരിയിൽ വരുക.
വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് മദായെൻ ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ വ്യവസായ നഗരങ്ങളും നിർമ്മാണ കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.