Sat. Nov 23rd, 2024
മനാമ:

200 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ബഹ്‌റൈന്‍ മെട്രോ പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. ബഹ്‌റൈന്‍ മെട്രോ പദ്ധതി നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപകരെ പങ്കെടുപ്പിച്ച് ഇന്നലെ വെര്‍ച്വല്‍ സംഗമം നടത്തിയിരുന്നു. ഇതിലാണ് ആദ്യമായി പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

‘ബഹ്‌റൈന്‍ മെട്രോ മാര്‍ക്കറ്റ് കണ്‍സള്‍ട്ടേഷന്‍’ എന്ന് പേരിട്ട വെര്‍ച്വല്‍ സംഗമം ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി നടന്നത്.

ബഹ്‌റൈന്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തിയ വെര്‍ച്വല്‍ സംഗമത്തില്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും പങ്കെടുത്തിരുന്നു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കി നിക്ഷേപ മേഖലയില്‍ ബഹ്‌റൈന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്ന സ്വപ്‌ന പദ്ധതിയാണ് ബഹ്‌റൈന്‍ മെട്രോയെന്ന് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ പറഞ്ഞു. പദ്ധതി പരിചയപ്പെടുത്തുന്നതിനൊപ്പം സാങ്കേതിക, സാമ്പത്തിക, നിയമ വശങ്ങളുള്‍പ്പെടെ മുമ്പ് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളും വെര്‍ച്വല്‍ സംഗമത്തില്‍ അവതരിപ്പിച്ചു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 109 കിലോമീറ്റര്‍ നീളത്തില്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് മെട്രോ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 28.6 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി നടപ്പിലാക്കുക. രണ്ടു പാതകളിലായി 20 സ്റ്റേഷനുകളാണ് ഈ ഘട്ടത്തില്‍ ഉണ്ടാകുക.

രണ്ടുപാതകളെ ബന്ധിപ്പിക്കുന്ന രണ്ട് ഇന്റര്‍ ചേഞ്ചുകളും ഉണ്ടാകും. ഇവ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം, പ്രധാനപ്പെട്ട താമസ, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ്. രാജ്യത്ത് വേഗതയേറിയ, സുരക്ഷിതമായ, ആശ്രയിക്കാവുന്ന ഗതാഗത സംവിധാനം ഒരുക്കുക വഴി ജനങ്ങളുടെ ജീവിതനിലവാരവും ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

By Divya