മസ്കറ്റ്:
ഷന്ന ഹാർബറിനും മസീറ ദ്വീപിനുമിടയിൽ സർവിസുകൾ നടത്തുന്ന ഫെറി സർവിസുകൾക്കായി പുതിയ സുരക്ഷ മാർഗനിർദ്ധേശങ്ങൾ പുറത്തിറക്കി. കടൽ യാത്രാ സുരക്ഷ ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി ഗതാഗത, വാർത്താ വിനിമയ, വിവര സാേങ്കതിക മന്ത്രാലയമാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച് ഇന്ധനവും ഗ്യാസും കൊണ്ടുപോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് ഒപ്പം ഫെറിയിൽ കയറ്റുന്നത് നിരോധിച്ചു.
കെട്ടിട നിർമാണ ഉപകരണങ്ങളുമായി വരുന്ന ട്രക്കുകളും സാധാരണ വാഹനങ്ങൾക്കൊപ്പം ഫെറിയിൽ കയറ്റുന്നതിന് വിലക്കുണ്ട്. ഈ വാഹനങ്ങളും മറ്റ് ഹെവി വാഹനങ്ങളും പ്രത്യേക സർവിസിൽ വേണം കൊണ്ടുപോകാൻ.ഈ സർവിസിൽ ചെറിയ വാഹനങ്ങളും യാത്രക്കാരെയും കൊണ്ടുപോവാൻ പാടില്ല.
ഫെറിയിൽ കൊണ്ടുപോകുന്ന കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. നിലത്ത് വരച്ചിരിക്കുന്ന വരകളിലാണ് വാഹനങ്ങൾ നിർത്തേണ്ടത്. അനുവാദം നൽകിയതിനപ്പുറം ഭാരം കയറ്റാൻ പാടില്ല. യാത്ര ആരംഭിച്ചത് മുതൽ ഫെറിയുടെ വാതിലുകൾ അടച്ചിട്ടിരിക്കണം.
ഫെറിയിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ കാർഡുകൾ യാത്രക്കാർക്ക് നൽകണം. വാഹനത്തിെൻറ തരം, നമ്പർ, യാത്രാ നിരക്ക്, ഫെറി ഉടമയുടെ ബാധ്യതകൾ എന്നിവ കാർഡിൽ രേഖപ്പെടുത്തണം.