ന്യൂഡൽഹി:
റിസര്വേഷന് ഇല്ലാത്ത ജനറൽ സെക്കന്‍റ് ക്ലാസ് കോച്ചുകൾ എസിയാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ. സാധാരണക്കാരന്‍റെ യാത്ര കൂടുതൽ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നേരത്തെ അവതരിപ്പിച്ച ഇക്കോണമി എസി 3-ടയർ കോച്ചിന് തുടർച്ചെയായാണ് സെക്കന്‍റ് ക്ലാസ് കോച്ചുകളുടെ എസി വത്ക്കരണം.
കപ്പൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് (ആർസിഎഫ്) പുതിയ എസി ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് നിർമ്മിക്കുന്നത്. ഇൗ പദ്ധതി വഴി സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന് ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത പറഞ്ഞു.
പുതിയ എസി ജനറൽ സെക്കൻഡ് ക്ലാസ് കോച്ചിന്‍റെ രൂപകൽപന അന്തിമഘട്ടത്തിലാണ്. രൂപകൽപനാ പ്ലാനും ഡിസൈനുകളും റെയിൽവേ ബോർഡ് അംഗീകരിച്ചു കഴിഞ്ഞാൽ ഈ വർഷാവസാനത്തോടെ കോച്ചിന്‍റെ ആദ്യമാതൃക പുറത്തിറക്കാനാകുമെന്നാണ് ആർസിഎഫ് പ്രതീക്ഷിക്കുന്നത്.