Mon. Dec 23rd, 2024
കൊച്ചി:

മമ്മൂട്ടി നായകാനായെത്തുന്ന പ്രീസ്റ്റിന്റെ റിലീസില്‍ തീരുമാനറിയിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്നാണ് ജോഫിന്‍ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോഫിന്‍ തീരുമാനമറിയിച്ചത്.

തിയേറ്ററില്‍ കാണേണ്ട സിനിമ എന്ന നിലയിലാണ് പ്രീസ്റ്റ് പ്ലാന്‍ ചെയ്തതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടിയിലും ഈ ചിത്രം പൂര്‍ത്തികരിക്കാനായത് രണ്ട് നിര്‍മ്മാതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണെന്നും ജോഫിന്‍ പറയുന്നു. ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ മിക്ക സ്ഥലങ്ങളിലും തിയേറ്റര്‍ അടഞ്ഞുകിടക്കുകയാണെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് നാലിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

By Divya