Sun. Apr 28th, 2024
കോട്ടയം:

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് 5 സീറ്റിൽ മത്സരിച്ചേക്കും. കേരള കോൺഗ്രസിനെ (ജോസഫ്) 3 സീറ്റു നൽകി അനുനയിപ്പിക്കാൻ ആലോചന. പാലായിൽ മാണി സി കാപ്പൻ തന്നെ മത്സരിക്കും. 9 സീറ്റുകളാണു ജില്ലയിലുള്ളത്.

ഇരു പാർട്ടികളും ഓരോ സീറ്റു വീതം വിട്ടുവീഴ്ച ചെയ്യുന്ന പുതിയ ഫോർമുല കോൺഗ്രസ് നേതാക്കൾ ജോസഫ് വിഭാഗത്തിനു മുന്നിൽവച്ചു. പൂഞ്ഞാർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നീ സീറ്റുകളിൽ 2 സ്ഥലത്തു മത്സരിക്കാനാണു കോൺഗ്രസ് തീരുമാനം. ഇതിൽ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ തീരുമാനമായി.

പൂഞ്ഞാർ ജോസഫ് വിഭാഗത്തിനും നൽകാൻ ധാരണയായതായി അറിയുന്നു. ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ഇരു പാർട്ടികളും ഓരോ സീറ്റിൽ വീതം മത്സരിക്കാം എന്ന നിർദേശമാണു കോൺഗ്രസ് മുന്നോട്ടു വച്ചത്. സിഎഫ് തോമസിന്റെ സീറ്റായ ചങ്ങനാശേരിയോടു പാർട്ടിക്കു വൈകാരികമായ അടുപ്പമുണ്ടെന്നു പിജെ ജോസഫ് യുഡിഎഫ് നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു.

സ്വാധീനമേഖലയായ ഏറ്റുമാനൂർ വിട്ടുനൽകാനും ജോസഫ് വിഭാഗത്തിനു മടിയുണ്ട്. വിട്ടുനൽകുന്നതു ചങ്ങനാശേരിയോ ഏറ്റുമാനൂരോ എന്നു ജോസഫ് വിഭാഗംതന്നെ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടപ്പോൾ അധികമായി ലഭിച്ച 5 സീറ്റുകളും സിറ്റിങ് സീറ്റുകളായി പരിഗണിച്ച് തങ്ങൾക്കു നൽകണമെന്നാണു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. 4 സീറ്റുകളിൽ എങ്കിലും മത്സരിക്കണമെന്നു കോൺഗ്രസ് ജില്ലാ നേതൃത്വവും നിലപാട് എടുത്തതോടെയാണ് സീറ്റു വിഭജനം കീറാമുട്ടിയായത്.

By Divya