Thu. May 2nd, 2024
കൊൽക്കത്ത:

ബ്രിഗേഡ് പരേഡ് മൈതാനത്തെ ആവേശക്കടലാക്കിയ മഹാറാലിയൊരുക്കി ഇടത് കോൺഗ്രസ് സഖ്യം ബംഗാളിൽ നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആഹ്വാനം ചെയ്തു. മൈതാനത്തെ ജനക്കൂട്ടം മമത ബാനർജിയുടെ പരാജയത്തിന്റെ സൂചനയാണെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) നേതാവ് അബ്ബാസ് സിദ്ദിഖി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യോഗത്തിൽ പങ്കെടുത്തെങ്കിലും കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസം ഒളിച്ചുവച്ചില്ല. കരുത്തറിയിച്ച് കൊൽക്കത്തയിൽ ഇടതുമുന്നണി കോൺഗ്രസ് റാലിയിലെ ജനക്കൂട്ടം. യഥാർഥ പ്രശ്നങ്ങളിൽനിന്നു വഴി തിരിക്കാൻ ബിജെപിയും തൃണമൂലും മതത്തെ ഉപയോഗിക്കുകയാണെന്നു സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

ബിജെപിയും തൃണമൂലുമായി നടക്കുന്നത് വ്യാജ ഏറ്റുമുട്ടൽ മാത്രമാണ്. ഇരുകൂട്ടരും ഒന്നുതന്നെയാണ്. ബംഗാളിൽ ത്രിശങ്കു മന്ത്രിസഭ വന്നാൽ തൃണമൂൽ വീണ്ടും എൻഡിഎയോടു കൂട്ടുചേരും അദ്ദേഹം പറഞ്ഞു. കൊവിഡിനെ ചെറുക്കാനുള്ള പിഎം കെയേഴ്സ് ഫണ്ടിൽനിന്നു പോലും പണമെടുത്താണു മറ്റു പാർട്ടിയിൽ നിന്നുള്ളവരെ ബിജെപി വിലയ്ക്കെടുക്കുന്നത്.

മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ബിജെപി കോൺഗ്രസിനെ പരിഹസിക്കുന്നു. പക്ഷേ, ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ എങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറിയായത്? –നിറഞ്ഞ കയ്യടികൾക്കിടെ യച്ചൂരി ചോദിച്ചു. മോദി സർക്കാർ കർഷകരോടു കാണിക്കുന്ന ക്രൂരത തന്നെയാണു മമത സർക്കാർ യുവജനങ്ങളോടു കാണിക്കുന്നത്. സിംഘു അതിർത്തിയിൽ മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ കർഷകർക്കു കഴിയുമെങ്കിൽ നമുക്കും ഇവിടെ കഴിയും യച്ചൂരി പറഞ്ഞു.

By Divya