ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജപരാതി; യുവതിക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം വെള്ളറടയില്‍ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യപ്രവര്‍ത്തകന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ കെെയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തരുകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

0
113
Reading Time: < 1 minute

തിരുവനന്തപുരം:

തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു ലെെംഗികബന്ധമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

കൊവിഡ്‌ കാലത്ത്‌ രാപകലില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതായി ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർക്കെതിരായ പീഡനക്കേസെന്ന്‌ കോടതി വിലയിരുത്തി.പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ ഉദ്യോഗസ്ഥനെ ഏല്പിക്കണമെന്ന്‌ ജസ്റ്റിസ്‌ പിവി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. ഹെൽത്ത്‌ ഇൻസ്പെക്ടറുടെ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. കെെയ്യും കാലും കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി  പീഡിപ്പിച്ചെന്നും യുവതി പറഞ്ഞിരുന്നു. പിന്നീട് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 77 ദിവസം കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്തിരുന്നു.

ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ്‌ പരാതി വീട്ടുകാരുടെ സമ്മർദം മൂലമായിരുന്നെന്ന്‌ പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്‌. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നും അറിയിച്ചു.

തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം അനുവദിച്ച കോടതി വ്യാജ പരാതിയെപ്പറ്റി അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ നിർദേശം നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Advertisement