Wed. Dec 18th, 2024
Son killed mother in neyyattinkara

നെയ്യാറ്റിന്‍കര:

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴുത്തറുത്ത നിലയിലായിരുന്നു മോഹനകുമാരിയുടെ മൃതദേഹം. തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കാണപ്പെട്ടത്.

മാരായമുട്ടം പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വിപിനും ഭാര്യയും അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസ് പറയുന്നു.

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിലുണ്ട്. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല.

https://www.youtube.com/watch?v=8r743awIEl0

By Binsha Das

Digital Journalist at Woke Malayalam