‘ചെത്തുകാരന്‍ എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു’

' മുഖ്യമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസമെന്ന് അറിയില്ല'.

0
124
Reading Time: < 1 minute

ന്യൂഡല്‍ഹി:

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി പിണറായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം.ഇക്കാര്യമാണ് താന്‍ ഉന്നയിച്ചതെന്നും കെ സുധാകരന്‍ എംപി ഡല്‍ഹിയില്‍ പറഞ്ഞു. പൊതുഖജനാവിന്റെ പണം ദൂര്‍ത്ത് അടിക്കുന്നതിനെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്.

ഒരു തൊഴിലാളി വര്‍ഗനേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. ആ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് ഒരു പ്രതീക്ഷയുണ്ട്. എന്നാൽ പിണറായി ആ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്.

ഇക്കാര്യത്തിൽ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ പോലെയുള്ളവർക്കെന്നും സുധാകരൻ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസമെന്ന് അറിയില്ല. പിണറായി വിജയനെക്കുറിച്ച് പറഞ്ഞതില്‍ ഒരു സിപിഐഎം നേതാവ് പോലും പ്രതികരിച്ചില്ല. പ്രതികരിക്കേണ്ട കാര്യം അതില്‍ ഇല്ലാ എന്ന് അവര്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എടുത്തെന്നായിരുന്നു സുധാകരന്‍റെ വിവാദ പരാമര്‍ശം.

 

Advertisement