Sun. Dec 22nd, 2024

കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇടതുപക്ഷവും കോൺഗ്രസും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് സഖ്യത്തിൽ എത്തിയിരിക്കുന്നു. ഇതുവരെ ധാരണയായ 193 സീറ്റുകളില്‍ 101 സീറ്റുകളിൽ ഇടത് പാര്‍ട്ടികളും 92 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. 294 സീറ്റുകളിലും ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാവ് ബിമൻ ബസുവും PCC അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും പറയുന്നു. ഫെബ്രുവരി 28ന് ഇടത് മുന്നണി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന ബ്രിഗേഡ് റാലിയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ക്ഷണിക്കുന്നുണ്ട്.

ദീര്‍ഘകാലം സംസ്ഥാനം ഭരിച്ചവരാണ് കോണ്‍ഗ്രസും ഇടത് മുന്നണിയും. 1947 മുതല്‍ 1967 വരെ കോണ്‍ഗ്രസാണ് ബംഗാള്‍ ഭരിച്ചത്. 1967 മുതൽ 1971 വരെ അജോയ് കുമാർ മുഖർജിയുടെ നേതൃത്വത്തിൽ ബംഗ്ലാ കോൺഗ്രസാണ് സംസ്ഥാനം ഭരിച്ചത്. 1972 ൽ സിദ്ധാർത്ഥ ശങ്കർ റേയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം പിടിച്ചുവെങ്കിലും 1977ല്‍ പുറത്തായി. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ ഇടത് പക്ഷം അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1977 മുതൽ 2011 വരെ തുടർച്ചയായി 34 വർഷം ഇടതുപക്ഷ മുന്നണിയാണ് ഭരിച്ചത്. ജ്യോതി ബസുവും ബുദ്ധദേബ് ഭട്ടാചാര്യയും ആയിരുന്നു മുഖ്യമന്ത്രിമാര്‍. ഇടത് മുന്നണിയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് തകരുകയും തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുകയും ചെയ്തു.

2011ല്‍ ഇടത് പക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ ഇടത് മുന്നണിയും സിപിഎമ്മും തകര്‍ന്നു. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിനോ ഇടത് സഖ്യത്തിനോ കഴിഞ്ഞില്ല. ഭൂരിപക്ഷം സീറ്റുകളിലും സിപിഎമ്മിന് കെട്ടിവെച്ച പണം പോലും ലഭിച്ചില്ല.

മമത ബാനര്‍ജിയുടെ ഭരണത്തിനെതിരായ അതൃപ്തി രൂപപ്പെട്ടപ്പോഴും കോണ്‍ഗ്രസിനും സിപിഎമ്മിനും പ്രതിപക്ഷമെന്ന നിലയില്‍ പോലും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ബിജെപിയാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചക്ക് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധങ്ങളും സഹായകമായിട്ടുണ്ട്.  2019 ൽ 18 ലോക് സഭ സീറ്റുകൾ നേടിയ BJP 40.25% വോട്ട് നേടി.

തൃണമൂലിനെ പുറന്തള്ളി ബംഗാള്‍ പിടിച്ചെടുക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം. അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെയാണ് അതിനുള്ള തന്ത്രങ്ങള്‍ നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കന്മാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രണ്ട് മന്ത്രിമാരും പ്രമുഖ നേതാക്കന്മാരും ബിജെപിയിലേക്ക് ചേക്കേറി. 2020 ഡിസംബറിന് ശേഷം തൃണമൂലിൽ നിന്ന് 9 എംഎൽഎമാരും കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്ത് നിന്നും 2 വീതം എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. അമിത് ഷാ വീണ്ടും എത്തുമ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

നിലവില്‍ ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. തൃണമൂല്‍ ദുര്‍ബ്ബലപ്പെട്ടാല്‍ ബിജെപി അധികാരത്തിലെത്താനുള്ള സാധ്യതകളുണ്ട്. അതിനിടയില്‍ ഇടത് മുന്നണിക്കോ കോണ്‍ഗ്രസിനോ കാര്യമായ റോളില്ല എന്നതാണ് വസ്തുത. ഇടത് മുന്നണിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കുന്ന സഖ്യം ബിജെപിക്കായിരിക്കും പ്രയോജനപ്പെടുക എന്ന നിരീക്ഷണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം ഒരു പാഴ് വേലയായി മാറുമോ എന്ന വിഷയമാണ് DNA ചർച്ച ചെയ്യുന്നത്.