Mon. Dec 23rd, 2024

ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക് പോകുമ്പോഴാണ് കാപ്പനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഹഥ്റസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനാണ് കാപ്പൻ പോയത്. രാജ്യദ്രോഹം, സമുദായ സ്പർധ സൃഷ്ടിക്കൽ  മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. പിന്നീട് യുഎപിഎ കൂടി ചുമത്തിയാണ് ജയിലില്‍ അടച്ചത്. അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാന്‍ പത്ര പ്രവര്‍ത്തക യൂണിയനും വീട്ടുകാരും നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി.

കാപ്പൻ്റെ മോചനത്തിന് കേരള സർക്കാർ ഇടപെടുന്നില്ലെന്ന് കുടുംബവും പൗരാവകാശ പ്രവർത്തകരും ആരോപിക്കുന്നു. സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യയും മൂന്ന് മക്കളും സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ഈ കേസില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് വലിയ പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

മലയാളിയായ ഒരു മാധ്യമ പ്രവര്‍ത്തകനെ തന്‍റെ ജോലി ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമ്പോള്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ? സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിനുള്ള പരിമിതി എന്താണ്? സിദിഖ് കാപ്പൻ്റെ ജയിൽവാസം മാധ്യമ സ്വാതന്ത്ര്യത്തിനും പൗര സ്വാതന്ത്ര്യത്തിനും എതിരായ കയ്യേറ്റം തന്നെയല്ലേ?  DNA പരിശോധിക്കുന്നു.