ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കേരളം നേടിയ പുരോഗതിയെക്കുറിച്ച് ധാരാളം അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ സൗകര്യം ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യകള്‍ തുടരുകയാണ്. ഇന്നലെയും ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു.
തൃശൂർ വിമല കോളേജിലെ ബിഎ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. വാർത്ത പുറത്തറിയിച്ചത് പെൺകുട്ടിയുടെ അധ്യാപികയും എഴുത്തുകാരിയുമായി അനു പാപ്പച്ചനാണ്, ഫേസ്ബുക്കിലൂടെ. കൊവിഡ് കാരണം ക്ലാസുകൾ ഓൺലൈനിലൂടെ ആയപ്പോൾ മുതൽ സാങ്കേതിക സൗകര്യമില്ലാതിരുന്നതിനാൽ ആത്മസംഘർഷത്തിലായിരുന്ന പെൺകുട്ടിയെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഊരിൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിനിക്ക് പരീക്ഷകളും എഴുതാൻ കഴിഞ്ഞിരുന്നില്ല. കോളേജ് തുറക്കുമ്പോൾ എല്ലാം ശരിയാക്കാമെന്ന് ഇടയ്ക്ക് ഇടയ്ക്ക് അധ്യാപിക അനു പാപ്പച്ചൻ നൽകിയുരുന്ന ഉറപ്പിന്മേൽ ആശ്വാസം കണ്ടെത്തി മുന്നോട്ട് പോകുകയായിരുന്നു പെൺകുട്ടി ഇതുവരെ.
ഒടുവിൽ പട്ടിണി മുറുകിയപ്പോൾ തൊഴിലുറപ്പ് ജോലിയ്ക്ക് ഇറങ്ങേണ്ടി വന്നു. താൻ ആഗ്രഹിച്ചതുപോലെ പഠനം ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പിന്നോക്ക വിഭാഗക്കാർക്ക് അലിഖിതമായി കല്പിക്കപ്പെട്ടതുപോലെ കൂലിപ്പണിയിലേക്ക് തന്നെ പോകേണ്ടിവരുമെന്നും തോന്നിയപ്പോഴാകാം മരണത്തിൽ അവൾ അഭയം തേടിയത്.
“ഇതൊരു ആത്മഹത്യയല്ല, ഞാനുമടങ്ങുന്ന ഈ സിസ്റ്റo ചെയ്ത കൊലപാതകമാണ്”, അനു പാപ്പച്ചൻ കുറിക്കുന്നു.
“നിറയെ ചിരിയുള്ളവളായിരുന്നു.എന്ത് സഹായം വാങ്ങാനും ദുരഭിമാനമുള്ളവളായിരുന്നു,” അവളുടെ അധ്യാപിക ഫേസ്ബുക്കിൽ കുറിച്ച ഈ വരികളിൽ നിന്ന് തന്നെ പഠനം ഉപേക്ഷിച്ച് കൂലിപ്പണിയ്ക്ക് പോകേണ്ടി വന്നതിലെ ആ പെൺകുട്ടിയുടെ ആത്മസംഘർഷം മനസിലാക്കാം.
https://www.facebook.com/anu.pappachan.102/posts/1906340639506727
ഇതിന് മുൻപും വിമല കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനു പാപ്പച്ചൻ തന്റെ ക്ലാസിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾ സാങ്കേതിക പരിമിതി മൂലം കഷ്ട്ടപ്പെടുന്നതിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.
തന്റെ ക്ലാസിലെ 90% വിദ്യാർത്ഥിനികളും കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കുട്ടികളാണ്. ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ക്ലാസ്സിൽ ചേർക്കാൻ നോക്കിയപ്പോഴാണ് സ്വന്തമായി ഫോൺ ഉള്ളത് വിരലിലെണ്ണാവുന്ന വിദ്യാർത്ഥിനികൾക്ക് മാത്രമെന്ന് മനസിലായതെന്നും അനു പാപ്പച്ചൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
https://www.facebook.com/anu.pappachan.102/posts/1733191183488341
കൊവിഡ് ഭീഷണി തീർത്തപ്പോഴും കുട്ടികളുടെ പഠനം മുടങ്ങിയില്ലെന്ന് സർക്കാർ വാദിക്കുമ്പോൾ മാധ്യമത്തിന്റെയോ അധികാരികളുടെയോ കണ്ണെത്താത്ത സ്ഥലങ്ങളിൽ നടക്കുന്നത് ഇത്തരം മനസാക്ഷിയെ നടുക്കുന്ന സംഭവങ്ങളാണ്. ഓൺലൈൻ ക്‌ളാസുകൾ തുടങ്ങി ആദ്യ ദിവസങ്ങളിൽ നടന്ന ആത്മഹത്യകള്‍ മാത്രമേ നമ്മള്‍ ചര്‍ച്ച ചെയ്ത വാര്‍ത്തയായുള്ളൂ. പക്ഷെ ഇത്തരം സംഭവങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.