സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട് പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭ പിരിയുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവസാനിക്കും. കര്‍ഷക സമരങ്ങള്‍ ക്ഷീണിച്ച് കെട്ടടങ്ങും. അതോടെ ഉദ്ദേശിച്ച പോലെ കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ മുന്നോട്ടുപോകാന്‍ കഴിയും ഇതായിരുന്നു മോദിയുടെയും ബിജെപിയുടെയും കണക്കുകൂട്ടല്‍.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് ഉപ തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിക്കുക കൂടി ചെയ്‌തതോടെ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. കോവിഡ് കാലത്ത് പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം കെട്ടടങ്ങിയത് പോലെ കര്‍ഷക സമരവും അവസാനിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ കോവിഡിനെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും കര്‍ഷക സമരം പടരുകയായിരുന്നു.
കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ഡെല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ കാര്യമായി ഡെല്‍ഹിയില്‍ എത്താന്‍ സാധ്യതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അഥവ അങ്ങനെ ആരെങ്കിലും എത്തിയാല്‍ ഹരിയാനയുടെയും ഡെല്‍ഹിയുടെയും പ്രവേശന കവാടങ്ങളില്‍ കനത്ത പൊലീസ് വ്യൂഹത്തെ അണിനിരത്തി അവരെ പിരിച്ചുവിടാമെന്നും കേന്ദ്രം ആശ്വസിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപി നേതൃത്വത്തിന്റെയും കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ ലക്ഷക്കണക്കിന് കര്‍ഷകര്‍ ബാരിക്കേഡുകളും പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും എല്ലാം അവഗണിച്ച് ഡെല്‍ഹിയിലേക്ക് എത്തിയത്. ആറ് മാസം വരെ ഡെല്‍ഹിയില്‍ തമ്പടിക്കാന്‍ കഴിയുന്ന സന്നാഹങ്ങളുമായാണ് അവര്‍ എത്തിയത്. കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കാതെ ഡെല്‍ഹിയില്‍ നിന്ന് മടങ്ങിപ്പോകില്ല എന്ന കര്‍ഷകരുടെ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല.
കര്‍ഷകര്‍ ഈ സമരത്തെ ഏതെങ്കിലും ഡിമാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള ഒരു സമ്മര്‍ദ്ദം എന്നതിലുപരി, ഒരു ജനതയെന്ന നിലയില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ജീവന്മരണ സമരമായാണ് കാണുന്നത്. കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയിലെ കര്‍ഷക സമൂഹത്തിന്റെ മരണമണിയാണെന്ന് അവര്‍ ഭയപ്പെടുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നഷ്ടപ്പെടുകയും വിപണി കോര്‍പറേറ്റുകളുടെ പിടിയിലാകുകയും ചെയ്യുന്നതോടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് അവര്‍ ചിന്തിക്കുന്നു. അതിനാല്‍ ഡെല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരില്‍ ഈ സമരം ഒതുങ്ങാനിടയില്ല. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ശ്രമിച്ചത് പോലെ ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണം സൃഷ്ടിച്ച് കര്‍ഷകരെ ഭിന്നിപ്പിക്കാനും എളുപ്പമല്ല. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം എന്നതിനപ്പുറം സംസ്ഥാനത്തിന്റെയാകെ വികാരവും അഭിമാന പ്രശ്‌നവുമായി കര്‍ഷകരുടെ രോഷം ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. ശിരോമണി അകാലിദളിന്റെ ഏക കേന്ദ്ര മന്ത്രിയുടെ രാജിയും അമരീന്ദര്‍ സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധവും സിഖ് സംഘടനകളുടെ സമരാനുകൂല നിലപാടുകളും ഇതാണ് വ്യക്തമാക്കുന്നത്. ഹരിയാനയിലും ഡെല്‍ഹിയിലും അതിന്റെ രാഷ്ട്രീയമായ പ്രതിഫലനമുണ്ടാകുക സ്വാഭാവികമാണ്.
ഇത് മനസിലാക്കുന്നത് കൊണ്ടാണ് പൗരത്വ പ്രക്ഷോഭണത്തിലും ഡെല്‍ഹി കലാപത്തില്‍ പോലും സംഘപരിവാറിനെ പരോക്ഷമായി അനുകൂലിച്ച ആം ആദ്‌മി പാര്‍ട്ടി സമരക്കാര്‍ക്ക് അനുകൂലമായ നിലപാടിലേക്ക് എത്തിയത്. സമരത്തെ എതിര്‍ക്കുകയോ അനുകൂലിക്കാതിരിക്കുകയോ ചെയ്‌താല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അപകടപ്പെടുമെന്ന് അരവിന്ദ് കെജ്രിവാള്‍ തിരിച്ചറിഞ്ഞു.
കര്‍ഷകരെ സഹായിക്കാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നിയമം നടപ്പാക്കാതെ പിന്‍വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും വലിയ തിരിച്ചടിക്ക് കാരണമാകും. നിര്‍ബന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്ഥിതി അതിലും ഗുരുതരമാകും. ഡിസംബര്‍ മൂന്നിന് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യം കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടില്ല. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍.
ചര്‍ച്ചകളിലൂടെ സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടിവരും. അതിനുള്ള ശ്രമമായിരുന്നു ഹരിയാന അതിര്‍ത്തിയിലും ഡെല്‍ഹിയിലും പൊലീസ് നടത്തിയ ബലപ്രയോഗം. എന്നാല്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞും പൊലീസുമായി സംഘര്‍ഷപ്പെട്ടും ഡെല്‍ഹിയിലേക്ക് കടക്കുകയായിരുന്നു. ഡെല്‍ഹി സര്‍ക്കാരും പൊലീസ് അടിച്ചമര്‍ത്തലിനെ എതിര്‍ത്തു. ഇതോടെ ഡെല്‍ഹിയിലേക്ക് പ്രവേശിക്കാനും സമരം ചെയ്യാനും കേന്ദ്ര നിയന്ത്രണത്തിലുള്ള ഡെല്‍ഹി പൊലീസിന് അനുമതി കൊടുക്കേണ്ടിവന്നു.
കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്നതും അത്ര എളുപ്പമാകില്ല. അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാം. മാത്രമല്ല, അത് സൃഷ്ടിക്കുന്ന പ്രതിചലനം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും വലിയ നഷ്ടമുണ്ടാക്കും. കര്‍ഷക സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും കഴിയും. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎയുടെയും ബിജെപിയുടെയും തന്ത്രങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വലിയ തിരിച്ചടിയാകും ആ നീക്കം.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നേരിടേണ്ടിവന്ന ഏറ്റവും വലിയ സമരമായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം. എല്ലാ സംസ്ഥാനങ്ങളിലും ആ സമരങ്ങള്‍ ശക്തി പ്രാപിച്ചു. അതിനിടെ രാജ്യത്തുണ്ടായ കോവിഡ് വ്യാപനവും മാര്‍ച്ച് 24മുതല്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക് ഡൗണുമാണ് ആ സമരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോദി സര്‍ക്കാരിനെ സഹായിച്ചത്. സമരത്തിന് മേല്‍ തീവ്രവാദ ബന്ധം ആരോപിച്ചും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചും ഒരു വിഭാഗത്തെ കയ്യിലെടുക്കാനും സര്‍ക്കാരിനും സംഘപരിവാറിനും കഴിയുകയും ചെയ്‌തു. എന്നാല്‍ കര്‍ഷക സമരത്തെ നേരിടാന്‍ അത്തരം സാധ്യതകളൊന്നുും സര്‍ക്കാരിന് മുന്നിലില്ല.
ഡെല്‍ഹിയിലടക്കം കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തുടരുകയാണെങ്കിലും അതൊന്നും വകവെക്കാതെ സമരം മുന്നേറുന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുകളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമരം കൈവിട്ടുപോകും. സമരത്തിന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും സര്‍ക്കാരിനെ അലട്ടുന്നുണ്ട്.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതല്‍ കര്‍ഷക സമരങ്ങള്‍ ഭരണകൂടങ്ങള്‍ക്കും ആധിപത്യ ശക്തികള്‍ക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനങ്ങളും സമരങ്ങളും ജന്മിത്വത്തിനും നിരന്തര വെല്ലുവിളികള്‍ ഉയര്‍ത്തുകയും അധികാര മാറ്റങ്ങള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്ക് പ്രേരണയായി മാറുകയും ചെയ്‌തിട്ടുണ്ട്. കര്‍ഷക സമരങ്ങള്‍ക്ക് അത്രയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
എന്‍ഡിഎ സര്‍ക്കാരിനും സംഘപരിവാര്‍ രാഷ്ട്രീയത്തിനും എതിരായ പ്രതിപക്ഷ ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. നോട്ട് നിരോധനം, ജിഎസ്‌ടി, ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍, സാമ്പത്തിക സംവരണം തുടങ്ങി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന നടപടികളെയൊന്നും എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ഛത്തിസ്‌ഗഢ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞെങ്കിലും എംഎല്‍എമാരെ കാലുമാറ്റി അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബീഹാറിലാകട്ടെ ജെഡിയു- ബിജെപി സഖ്യത്തിന് അധികാരത്തില്‍ വരാനും കഴിഞ്ഞു.
ഇത്തരത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഫലപ്രദമായ ഒരു പ്രതിപക്ഷം പോലുമില്ലാത്ത സാഹചര്യത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ പാസാക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ അതിനെതിരെ കാര്യമായ എതിര്‍പ്പുകളും സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ ഇതെല്ലാം തകിടം മറിച്ചുകൊണ്ടാണ് പഞ്ചാബിലും ഡെല്‍ഹിയിലും നിന്ന് ഡെല്‍ഹിയിലേക്ക് എത്തിയ കര്‍ഷക സമരവും കര്‍ഷക പ്രസ്ഥാനങ്ങളും എന്‍ഡിഎ സര്‍ക്കാരിനും സംഘപരിവാര്‍ രാഷ്ട്രീയത്തിനും എതിരായ ഒരു ജനകീയ പ്രതിപക്ഷം തന്നെയായി മാറിയിരിക്കുന്നത്. ഈ സമരത്തിന്റെ അവസാനം എന്ത് തന്നെയായാലും കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും അത് തന്നെയാണ്.