കൊച്ചി:
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നിലവിൽ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലൻസിന് ഒരു ദിവസം ചോദ്യം ചെയ്യാനുള്ള അനുമതിയും നൽകി. പക്ഷേ, ഇതിനായി വിജിലൻസ് കസ്റ്റഡിയിൽ ഇബ്രാഹിംകുഞ്ഞിനെ വിടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് തന്നെ ഈ ചോദ്യം ചെയ്യൽ നടത്താനാണ് കോടതി ഉത്തരവ്.
നവംബർ 30 ന് ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിനായി ഏഴ് നിബന്ധനകൾ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ച കഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളു. ചോദ്യം ചെയ്യാൻ ഹാജരാകുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തണം.
അന്വേഷണ സംഘത്തിൽ മൂന്ന് ആളുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു. തുടർച്ചയായി ഒരു മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളു. ഇതിനു ശേഷം 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യുന്നതിന്റെ ഇടയിൽ പോലും ചികിത്സ തടസപ്പെടുത്താൻ പാടില്ല.
കോടതി ഉത്തരവിന്റെ പകർപ്പ് ഡോക്ടമാർക്കും ആശുപത്രി അധികൃതർക്കും നൽകണം . ചോദ്യം ചെയ്യലിന് ഇടയിൽ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാൻ പാടില്ല എന്നും കോടതി പറഞ്ഞു.
ഇത്തരത്തിൽ ഏഴ് നിബന്ധനകളോട് കൂടിയാണ് ഒരു ദിവസം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് മുവാറ്റുപുഴ വിജിലൻസ് കോടതി വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും അതേപോലെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിച്ചത്.
ഇബ്രാഹിംകുഞ്ഞിന് അർബുദ രോഗമാണ്. അസ്ഥിയിൽ ബാധിച്ച അർബുദ രോഗത്തിന്റെ മൂന്നാംഘട്ടമാണിത്. ആയതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
https://www.youtube.com/watch?v=wrhwheOZ028