ബ്യൂണസ് ഐറിസ്:
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയതോടെ അസ്തമിച്ചത് ഒരു യുഗം തന്നെയാണ്. ഫുട്ബോള്‍ ലോകത്ത് ഒരിക്കലും നികത്താനാകാത്ത ഒരു വിടവ് തന്നെയാണ് മറഡോണയുടെ വിയോഗം. ഫുട്ബോള്‍ മാന്ത്രികന്‍ പെലെയാണെങ്കില്‍ മാറഡോണ ദൈവമാണെന്നാണ് ഫുടോബള്‍ പ്രേമികള്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കണ്ണീരണിയുകയാണ്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ സ്വവസതിയിലായിരുന്നു ഡീഗോ അര്‍മാന്‍ഡോ മറഡോണയുടെ അന്ത്യം. 60 വയസ്സായിരുന്നു. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
https://www.youtube.com/watch?v=QMBP4JH_jCg
ഇതിഹാസതാരങ്ങളും രാഷ്ട്രീയ നേതാക്കളും, കലാ സാംസ്കാരിക പ്രമുഖരും ഉള്‍പ്പെടെ മറഡോണയ്ക്ക് അനുശോചനം രേഖപ്പെടുത്തി.
പെലെ
ബ്രസീൽ ഫുട്ബോള്‍ ഇതിഹാസം സാക്ഷാല്‍ പെലെ ഒറ്റവാക്കിലാണ് മറഡോണയുടെ ഈയൊരു വിയോഗത്തെ കുറിച്ച് പ്രതികരിച്ചത്. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. റോയിട്ടേഴ്സിനോടാണ് അദ്ദേഹം തൻ്റെ പ്രസ്താവന അറിയിച്ചത്.
പിണറായി വിജയന്‍
ഇതിഹാസ ഫുട്ബോൾ താരം മറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
”അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാൻ കരുതുന്നു. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതു മുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു” – മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മെസ്സി
എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും ഏറ്റവും ദുഃഖകരമായ ദിനമാണിന്ന് എന്ന് ലയണൽ മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, എന്നാല്‍ ഡീഗോ അനശ്വരനായതിനാല്‍ അദ്ദേഹം പോകുന്നില്ല. അദ്ദേഹത്തിനൊപ്പം ചെലവഴിച്ച ഓരോ മനോഹരമായ നിമിഷവും ഞാന്‍ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു.’ മറഡോണയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
റൊണാള്‍ഡോ
സമാനതകളില്ലാത്ത മന്ത്രികനെന്ന് മറഡോണയെ ക്രിസ്ത്യാനോ റൊണാൾഡോ വിശേഷിപ്പിച്ചു. ‘ഇന്ന് ഞാന്‍ ഒരു സുഹൃത്തിന് യാത്രാമൊഴിയേകുന്നു. ലോകം മുഴുവന്‍ അനശ്വരനായ ഒരു ജീനിയസ്സിന് യാത്രാമൊഴിയേകുകയാണ്. എക്കാലത്തേയും മികച്ചത്, സമാനതകളില്ലാത്ത മാന്ത്രികന്‍’ ക്രിസ്റ്റിയാനോ കുറിച്ചു.
‘അദ്ദേഹം വളരെനേരത്തേ നമ്മെ വിട്ടുപിരിഞ്ഞു. എന്നാല്‍ അതിരുകളില്ലാത്ത ഒരു പൈതൃകവും നികത്താനാകാത്ത ശൂന്യതയും നല്‍കിയാണ് പോയിരിക്കുന്നത്.’ ക്രിസ്റ്റിയാനോയുടെ വികാരഭരിതമായ കുറിപ്പ്.