Wed. Jan 22nd, 2025
ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന്‌ ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത്‌ അവരെ അമര്‍ഷത്തിലേക്കും നിരാശയിലേക്കുമാണ്‌ തള്ളിവിടുന്നത്‌.

Nikathithara Mani's house
വേലിയേറ്റത്തില്‍ വെള്ളം കയറിയ നികത്തിത്തറ മണിയുടെ വീട്ടുവളപ്പ്

ശോചനീയമായ കാഴ്ചയാണ് വൈപ്പിന്‍  നായരമ്പലം വെളിയത്താംപറമ്പ്‌ നിവാസി യായ നികത്തിത്തറ മണിയുടേത്. വീടിനു ചുറ്റോട് ചുറ്റ് വെള്ളം നിറഞ്ഞതിനാല്‍ ഒരു ദ്വീപ് പോലെയായിരിക്കുകയാണ്. കഞ്ഞി വെക്കാന്‍ വീടിനു തൊട്ടു കിടക്കുന്ന തോടിന്‍റെ കല്‍വെര്‍ട്ടിനോട് ചേര്‍ന്ന് അല്‍പ്പം ചരലിട്ടിരിക്കുന്നതിന്‍റെ പുറത്താണ് അടുപ്പു കൂട്ടിയിരിക്കുന്നത്.  ബാത്റൂം അടക്കമുള്ളവ വീടിനു പുറത്താണ്.

 

വെളിയത്താംപറമ്പ് സ്വദേശിനി നികത്തിത്തറ മണി
വെളിയത്താംപറമ്പ് സ്വദേശിനി നികത്തിത്തറ മണി

”രണ്ടു പെണ്‍മക്കളും രോഗിയായ മകളുടെ പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വേലിയേറ്റസമയത്ത് പുറത്തേക്ക് പോകണമെങ്കില്‍ കക്കൂസ് മാലിന്യങ്ങളടക്കം ഒഴുകുന്ന വെള്ളത്തില്‍ മുട്ടറ്റം നീന്തിക്കയറേണ്ടി വരും.  വേലിയേറ്റ സമയത്തെല്ലാം  ഇത് തന്നെയാണ് അവസ്ഥ. ജോലിക്കു പോകുന്ന ഇളയ മകള്‍ രാവിലെ ഇറങ്ങുമ്പോഴാകും വെള്ളം ഉയരുന്നത്. ഇത് താഴുന്നത് കാത്തിരിക്കാന്‍ വയ്യല്ലോ”  ആ അമ്മ പറയുന്നു.

വെളിയത്താംപറമ്പ്‌ സ്വദേശി തന്നെയായ ഷിനോ സ്വന്തമായുള്ള മൂന്നു സെന്റ്‌ സ്ഥലത്തെ വീട്‌ കടലാക്രമണത്തില്‍ നഷ്ടമായ മത്സ്യത്തൊഴിലാളിയാണ്‌. വാടകയ്‌ക്കു താമസിക്കുന്ന അദ്ദേഹം ഒഴിവു കിട്ടുമ്പോള്‍ തന്റെ പുരയിടത്തില്‍ മണ്ണ്‌ ഇട്ട്‌ ഉയര്‍ത്തി വേലിയേറ്റത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്‌.
കടല്‍ക്ഷോഭത്തിനൊപ്പം കടലില്‍ നിന്ന് കയറുന്ന വെള്ളം സ്വീകരിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൈവഴികള്‍ നഷ്ടപ്പെട്ടതും ജലാശയങ്ങള്‍ നികത്തപ്പെട്ടതും വെള്ളക്കെട്ടിനു കാരണമായെന്ന് തീരവാസികള്‍ മനസിലാക്കുന്നു.

കടലാക്രമണത്തില്‍ തകര്‍ന്ന വീടിനു മുമ്പില്‍ മണല്‍ വിരിക്കുന്ന നായരമ്പലം സ്വദേശി ഷിനോ
കടലാക്രമണത്തില്‍ തകര്‍ന്ന വീടിനു മുമ്പില്‍ മണല്‍ വിരിക്കുന്ന നായരമ്പലം സ്വദേശി ഷിനോ

‘’തോട്ടിലും കെട്ടുകളിലും  പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളും പായലും നിറഞ്ഞ്‌ ഒഴുക്ക്‌ തടസപ്പെട്ടിരിക്കുന്നതാണ്‌ അടുത്ത വിഷയം. ഇവിടെ തൊഴിലുറപ്പുപദ്ധതിക്കായി വരുന്നവര്‍ തോട്ടിലെ മാലിന്യം കലുങ്കുവക്കില്‍ നിക്ഷേപിക്കുന്നതിനപ്പുറം ആഴമോ വീതിയോ കൂട്ടാന്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ചെമ്മീന്‍ കെട്ടുകളുടെ വരമ്പ്‌ ഇടിഞ്ഞു വെള്ളം കരകവിയുന്നതും വെള്ളക്കെട്ട്‌ കൂട്ടുന്നു” എന്നാണ്‌ വീടിനായി ലൈഫ്‌ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന ഷിനോ പറയുന്നത്‌.

വേലിയേറ്റം സ്ഥിരമായതോടെ വീട്‌ നിര്‍മാണം വിദൂരസ്വപ്‌നമായി. ഇതേക്കുറിച്ച്‌ വാര്‍ഡ്‌ മെംബര്‍ അടക്കമുള്ളവരുടെ നിസ്സഹായത ഷിനോയ്‌ക്കു മനസിലാകുന്നുണ്ട്‌. ”ഇവിടെ വെള്ളക്കെട്ട്‌ നിത്യസംഭവമായതോടെ സ്ഥലം താഴാതിരിക്കാന്‍ അപ്പപ്പോള്‍ മണല്‍ വിരിക്കേണ്ടി വരുന്നു. തൊട്ട്‌ കിടക്കുന്ന കടല്‍ഭിത്തി തകര്‍ന്നിട്ട്‌ രണ്ടു വര്‍ഷത്തോളമാകുന്നു, അതിലൂടെ കടല്‍വെള്ളം അടിച്ചു കയറുന്നതാണ്‌ മുഖ്യപ്രശ്‌നം’’

വൈപ്പിനിലും പശ്ചിമ കൊച്ചിയിലയും തീരപ്രദേശത്തു മാത്രമല്ല, കിഴക്കന്‍ പ്രദേശങ്ങളായ വലിയവട്ടം,നെടുങ്ങാട്, വാച്ചാക്കല്‍, മുരിപ്പാടം എന്നിവിടങ്ങളും  കൊച്ചി നഗരത്തോട് ചേര്‍ന്ന  വല്ലാര്‍പാടം, മുളവുകാട്, താന്തോന്നിത്തുരുത്ത്, കുറുങ്കോട്ട എന്നീ ദ്വീപുകളും  വെള്ളക്കെട്ടിലായി. വീട്ടില്‍ കിടന്നുറങ്ങാനാകാത്ത സ്ഥിതിവിശേഷമായതോടെ താന്തോന്നിരുത്തിലെ ജനങ്ങള്‍ ഒന്നടങ്കം വള്ളത്തില്‍ കയറി എറണാകുളത്തെത്തുകയും മറൈന്‍ഡ്രൈവിലെ ജിഡ  (ഗോശ്രീ ദ്വീപ് വികസന അതോറിറ്റി) ഓഫിസിനു മുന്നില്‍ രാത്രി കഴിച്ചു കൂട്ടുകയുമുണ്ടായി.

ആവര്‍ത്തിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ മറികടക്കാന്‍ കേവലം താത്കാലികആശ്വാസ നടപടികള്‍ക്കാകില്ലെന്നാണ് ഇതു വരെയുള്ള നടപടികളുടെ ബാക്കിപത്രം. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കടല്‍ത്തീരത്തിന്‍റെ ഘടനാപരമായ മാറ്റങ്ങള്‍ എന്നിവ വേലിയേറ്റത്തിനും വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്.

ഇതിനു പുറമെയാണ്‌ തീരദേശത്തെ വന്‍കിട പദ്ധതികള്‍ക്കു വേണ്ടി വരുന്ന സ്ഥലമെടുപ്പും കണ്ടല്‍ക്കാട്‌ നശീകരണവും. തീരദേശത്തോട്‌ ഇണങ്ങി നില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീടുവെക്കാന്‍ തടസങ്ങള്‍ നിര്‍മിക്കുന്ന പരിസ്ഥിതി ലോല നിയമങ്ങളൊന്നും ഇത്തരം വന്‍കിട പദ്ധതികള്‍ക്ക്‌ തടസമാകുന്നില്ലെന്നത്‌ വിരോധാഭാസമാണെന്ന്‌ കേരളാ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ചാള്‍സ്‌ ജോര്‍ജ്ജ്‌ ചൂണ്ടിക്കാട്ടുന്നു.

തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍കിടറിസോര്‍ട്ടുകളും ഹോട്ടലുകളും മാത്രമല്ല മത്സ്യത്തൊഴിലാളികള്‍ക്ക്‌ സഹായകമെന്നു കരുതുന്നവ പോലും കടലാക്രമണത്തിനു വഴിവെക്കുന്നുവെന്നാണ്‌ തീരദേശ ജനതയ്‌ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തക മാഗ്ലിന്‍ ഫിലോമിനയെപ്പോലുള്ളവര്‍ പറയുന്നത്‌.

മാഗ്ലിന്‍ ഫിലോമിന കടലോരമേഖലയിലെ സന്നദ്ധ പ്രവര്‍ത്തക
മാഗ്ലിന്‍ ഫിലോമിന കടലോരമേഖലയിലെ സന്നദ്ധ പ്രവര്‍ത്തക

”ചെല്ലാനത്ത്‌ ഫിഷിംഗ്‌ ഹാര്‍ബര്‍ വന്ന ശേഷമാണ്‌ അവിടെ കടലാക്രമണം ഇത്ര രൂക്ഷമായതെന്ന്‌ പല പഠനങ്ങളും പറയുന്നു, ഇവിടെ 1.07 കിലോമീറ്റര്‍ വീതിയില്‍ തീരം നഷ്ടപ്പെട്ടതായി പഞ്ചായത്ത്‌ തന്നെ വ്യക്തമാക്കുന്നു” – അവര്‍ചൂണ്ടിക്കാട്ടി.

പതിവു പോലെ ഇത്തവണയും കടല്‍വെള്ളം കയറിയതിനൊപ്പം പുഴയും തോടുകളും നിറഞ്ഞൊഴുകി വീട്ടുവളപ്പിലും റോഡുകളിലും വെള്ളം കയറി. ഒരു ഭാഗത്ത് തീരദേശ റോഡ് പൂർണമായി തകർന്നപ്പോൾ മറ്റൊരിടത്ത് റോഡ് മണൽകൂനയായി. റോഡ് തകർത്ത് കടൽവെള്ളം കിഴക്കോട്ട് കുത്തിയൊഴുകയാണ്.  വീട്‌ മാത്രമല്ല പുരയിടവും കടലെടുത്തതോടെ ആകെ തകർന്ന നിലയിലാണ് കടപ്പുറ നിവാസികൾ. ചിലരെയെങ്കിലും ഇതൊക്കെ നിത്യസംഭവങ്ങളായി മാറിയെന്ന നിസ്സഹായതയിലേക്കാണ്‌ ഈ നിത്യദുരിതം പരുവപ്പെടുത്തിയിട്ടുണ്ട്‌.

ഇതോടൊപ്പം ന്യൂനമര്‍ദ്ദ മുന്നറിയിപ്പു കൂടി വന്നതോടെ പ്രളയഭീതിയിലായ തീരദേശവാസികള്‍ പതിവു പോലെ രാഷ്ട്രീയനേതൃത്വത്തിനും ഉദ്യോഗസ്ഥ മേധാവിത്വത്തിനുമെതിരേ വിമര്‍ശനങ്ങളുമായി സടകുടഞ്ഞെഴുന്നേറ്റു. കടല്‍ഭിത്തി, പുലിമുട്ട്‌ നിര്‍മാണങ്ങള്‍ക്കായുള്ള മുറവിളിക്കൊപ്പം പതിവ്‌ പരിവേദനങ്ങളും അന്തരീക്ഷത്തിലുയര്‍ന്നു. എന്നാല്‍ കേവലം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ പെടുന്ന വിഷയമായി പ്രകൃതി പ്രതിഭാസങ്ങളെ ചുരുക്കി കാണുന്നതില്‍ ഒരു യുക്തി രാഹിത്യമുണ്ട്‌ എന്ന വസ്‌തുത പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു.

2018ലെ പ്രളയദുരന്തത്തോടെ സംസ്ഥാനം മൊത്തത്തില്‍ ഒരു പരിസ്ഥിതി ലോല പ്രദേശമായി മാറിയെന്നാണ്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ വിലയിരുത്തല്‍. ആര്‍ത്തലച്ചെത്തിയ വെള്ളം കടലിലേക്ക്‌ പ്രവഹിപ്പിക്കാന്‍ വഴികാണാത്തതാണ്‌ കേരളത്തെ ദിവസങ്ങളോളം വെള്ളത്തില്‍ താഴ്‌ത്തിയത്‌.  കാലാകാലങ്ങളായുള്ള അവഗണനയ്‌ക്കൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ള ശാസ്‌ത്രീയ പദ്ധതികളുടെ അഭാവവും ഈ പാരിസ്ഥിതിക ആഘാതത്തിനു കാരണമായിട്ടുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

പൂര്‍ണചന്ദ്രന്‍ ഉള്ള സമയത്തെ വേലിയേറ്റം
പൂര്‍ണചന്ദ്രന്‍ ഉള്ള സമയത്തെ വേലിയേറ്റം ചിത്രം ബിസിനസ് ഇന്‍സൈഡര്‍

ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു.ചന്ദ്രന്റെ ഗുരുത്വകർഷണമാണ്  വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്നത്. ഭൂമി ചന്ദ്രന് മേലും, ചന്ദ്രൻ ഭൂമിക്ക് മേലും തങ്ങളുടെ ഗുരുത്വകർഷണം പ്രയോഗിക്കുന്നു. ഭൂമിക്ക് അഭിമുഖമായി വരുമ്പോൾ, ചന്ദ്രന്റെ ആകർഷണം ഭൂമിയിൽ അനുഭവപ്പെടുകയും, തന്മൂലം, ഭൂമിയിലെ ജലവും വായുവും ചന്ദ്രനുനേരെ പൊങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് വേലിയേറ്റമെന്ന് പറയുന്നത്ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു.

വേലിയേറ്റ സമയത്ത്‌ കടല്‍ അടിച്ചു കയറിയ തീരത്തോട്‌ ചേര്‍ന്ന വീടുകളില്‍ മാത്രമല്ല വെള്ളക്കെട്ടുണ്ടാകുന്നത്‌. കടലുമായി നേരിട്ട്‌ ബന്ധമില്ലാത്ത പുരയിടങ്ങളിലും പെട്ടെന്ന്‌ ഭൂമിയില്‍ നിന്ന്‌ വെള്ളം ഉയരുകയും അവിടം വെള്ളക്കെട്ടില്‍ താഴുകയും ചെയ്യുന്നു. തീരദേശത്തെ ഉറപ്പില്ലാത്ത മണ്ണിലൂടെ ജലം ഊറിവരുന്നു. സത്യത്തില്‍ ഇതൊരു പ്രകൃതി പ്രതിഭാസമാണ്‌. സോയില്‍ പൈപ്പിംഗ്‌ എന്നു പറയുന്ന ഈ പ്രതിഭാസം ഹൈറേഞ്ചുകളില്‍ ഉരുള്‍പൊട്ടലിനും കുന്നിടിച്ചിലിനും ഇടയാക്കുമ്പോള്‍ തീരപ്രദേശത്ത്‌ വെള്ളക്കെട്ടിനാണ്‌ സംഭാവന ചെയ്യുന്നത്‌.

കാലാവസ്ഥയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും പ്രകൃതിയില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കിയേക്കാം. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാവുന്ന ഇക്കാലത്ത് ഇത് പ്രകൃതിയിലും മുന്‍പെന്നത്തേക്കാളും ദൃശ്യവുമാണ്. സമുദ്രനിരപ്പിലെ നേരിയ വര്‍ധന പോലും ലോകമെമ്പാടും കടല്‍ ജലം കരയിലേക്ക് എത്തുന്നതിന്റെയും കടലാക്രമണത്തിന്റെയും തീവ്രത ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

കേരളതീരത്തിന്റ ചില സ്വാഭാവിക സവിശേഷതകളും പാരിസ്ഥിതികമായ ഭീഷണിക്കു പാത്രീഭവിച്ചിട്ടുണ്ട്‌. 590 കിലോമീറ്റര്‍ മാത്രമുള്ള കേരള തീരത്തിന്റെ 459 കിലോമീറ്ററും മണലാണ്‌. ബാക്കിയുള്ളതില്‍ എട്ടു കിലോമീറ്ററോളം ചെളികലര്‍ന്ന മണലാണ്‌. ഇതില്‍ 63ശതമാനം തീരപ്രദേശവും പരിസ്ഥിതിലോലവും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നു, 45 ശതമാനം പ്രദേശം തീരശോഷണവും അനുഭവിക്കുന്നുണ്ട്‌. 93 കിലോമീറ്റര്‍ മാത്രമാണ്‌ പാറക്കെട്ടുകള്‍ അടങ്ങിയ ഉറച്ച തീരം.

കണ്ടല്‍ച്ചെടികള്‍
കണ്ടല്‍ച്ചെടികള്‍ ഫോട്ടോ വിക്കിപീഡിയ

കേരള തീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന കണ്ടല്‍ക്കാടുകളുടെ 80 ശതമാനവും കഴിഞ്ഞ ഏതാനും ദശകങ്ങളിലായി വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നശീകരിക്കപ്പെട്ടതാണ്‌. ഇതില്‍ പലതും സമര്‍പ്പിത സന്നദ്ധ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പോലുള്ള സംഘടനകളുടെയും അശ്രാന്ത പരിശ്രമം കൊണ്ട്‌ പച്ചപിടിച്ചവയുമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം വരുന്ന വന്‍കിട നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുന്നതോടെ തീരദേശത്തെ അവശേഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ കൂടി നശിക്കുമെന്ന മട്ടിലാണ്‌ കാര്യങ്ങളുടെ പോക്ക്‌.

തീരദേശ മേഖല ആസൂത്രണമില്ലായ്‌മയുടെ പരിമിതികളില്‍ നട്ടം തിരിയുമ്പോഴും പല കാലങ്ങളിലായി നടത്തിയിരുന്ന ജനകീയബോധവത്‌കരണ പദ്ധതികള്‍ പരാജയപ്പെടുന്നതിനോട്‌ അധികൃതര്‍ മുഖം തിരിക്കുന്നുവെന്നതാണ്‌ സത്യം. പരിസ്ഥിതിക്കിണങ്ങുന്ന തീരസംരക്ഷണ പദ്ധതികള്‍ അട്ടത്തു വെക്കുകയും നമ്മുടെ നാടിന്‌ അനുയോജ്യമാകുമോ എന്നുറപ്പില്ലാത്ത പദ്ധതികള്‍ പരീക്ഷിക്കുകയും ചെയ്യുന്ന പതിവ്‌ തന്നെയാണ്‌ ഇവിടെ അധികബാധ്യതയാകുന്നത്‌.

ഉദാഹരണത്തിന്‌ നിലവിലെ വേലിയേറ്റം സൃഷ്ടിച്ച വെള്ളക്കെട്ടിന്‌ കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്‌ തോടുകളുടെ ആഴം കൂട്ടാത്തതും ഉപേക്ഷിക്കപ്പെട്ട പാടങ്ങളുടെയും ചെമ്മീന്‍കെട്ടുകളുടെയും വരമ്പുകള്‍ ഇടിഞ്ഞതുമാണ്‌. പല തോടുകളും കനാലുകളും മാലിന്യം കെട്ടിക്കിടന്ന്‌ നീരൊഴുക്ക്‌ തടസപ്പെട്ടിട്ടുണ്ട്‌. തീരദേശ റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുന്നു. തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കാത്തതും മണല്‍ച്ചാക്കുകള്‍ വിന്യസിക്കാത്തതും കടല്‍ വെള്ളത്തെ പ്രതിരോധിക്കാനാകാത്ത നിലയുണ്ടാക്കി. ഇതിനു പുറമെ തോടുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞു കവിഞ്ഞതിനാല്‍ താഴ്‌ന്നപ്രദേശങ്ങള്‍ പലതും ഒറ്റപ്പെട്ട അവസ്ഥയിലായി.

ഇങ്ങനെ തീരദേശ മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയ്‌ക്കുള്ള പങ്ക്‌ തള്ളിക്കളയാനാകില്ല. സര്‍ക്കാര്‍ നെതര്‍ലാന്‍ഡ്‌സ്‌ സഹകരണത്തോടെ നടത്തുമെന്ന്‌ കൊട്ടിഗ്‌ഘോഷിച്ചു പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി പോലുള്ളവ നടത്തി പ്രതിരോധിക്കാനാകുമെന്നു പറയുന്നവരുണ്ട്‌. എന്നാല്‍ ഇത്തരം ഇറക്കുമതി ചെയ്‌ത പദ്ധതികളൊന്നും ശരവേഗത്തില്‍ നടത്തിയ ചരിത്രം നമുക്കു പരിചയമില്ല.

എന്നാല്‍ കാലാകാലങ്ങളായി ഈ മേഖലയില്‍ നടത്തിയ ശാസ്‌ത്രീയപഠനങ്ങളുടെ ഫലങ്ങള്‍ തിരിഞ്ഞു നോക്കാതെ ഇത്തരം വിദേശ പദ്ധതികളെ മാത്രം ആശ്രയിക്കുന്നത്‌ ആശാസ്യമാകില്ല. കരയെന്നു പറയുന്നത്‌ വെള്ളത്തിനു മുകളില്‍ നില്‍ക്കുന്ന ഒരു പാളി മാത്രമാണ്‌. ആഗോളതാപനത്തിന്റെ ഫലമായി ഹിമപാളികള്‍ ഉരുകുന്നതും കടല്‍ജലം ചൂടാകുന്നതും മൂലം പ്രതിവര്‍ഷം സമുദ്രനിരപ്പ് നാല് മില്ലിമീറ്റര്‍ വീതമാണ് ഉയരുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് വര്‍ഷങ്ങളോളം ഈ പ്രതിഭാസം തുടരും. ഒറ്റനോട്ടത്തില്‍ ചെറിയ തോതിലാണ് സമുദ്രനിരപ്പിലെ വര്‍ധന എന്നു തോന്നാമെങ്കിലും 10 വര്‍ഷം കൊണ്ട്‌ 5-10 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ഇത്‌ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.

ആഗോളതാപനം മൂലമുള്ള കടല്‍ നിരപ്പ്‌ ഉയരലും കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങളും തീരദേശത്തെ മുക്കിക്കളയുന്നു. സമുദ്ര നിരപ്പ്‌ ഉയരുന്നതിനൊപ്പം ന്യൂനമര്‍ദ്ദം പോലെ കാലാവസ്ഥാവ്യതിയാനത്തിലുണ്ടായ വലിയ മാറ്റവും കടലാക്രമണത്തിനു കാരണമാകാറുണ്ട്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതാണ് കൂറ്റന്‍ തിരമാലകള്‍ക്കും രൂക്ഷമായ കടല്‍ക്ഷോഭത്തിനും കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സമുദ്രജല നിരപ്പ് ഉയരുന്നത് ശക്തിയേറിയ കാറ്റിനും ഉയര്‍ന്ന ആവൃത്തിയുള്ള തിരമാലകള്‍ക്കും കാരണമാകും. അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റും വന്‍തിരമാലകളും കര കടല്‍ കവരുന്നതിന്റെ പ്രധാന കാരണമായി മാറിയിട്ടുണ്ട്‌. കടലാക്രമണത്തെ ചെറുക്കുന്നതിനുള്ള സാധാരണ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ തികയാതെ വരും. ഇതിനൊപ്പം തീരദേശത്ത്‌ ഉയരുന്ന നിര്‍മിതികള്‍ കൂടിയാകുമ്പോള്‍ ഇതിന്റെ ആക്കവും കൂടിയിട്ടുണ്ട്‌. തുറമുഖ വികസനം, കപ്പല്‍ച്ചാലിന്റെയും അഴിമുഖങ്ങളുടെയും ആഴം കൂട്ടല്‍ എന്നിവ കടല്‍ത്തീരത്തിന്റെ ഘടനയെ അട്ടിമറിക്കുകയും കര ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊച്ചി കപ്പല്‍പ്പാതയില്‍ നിന്ന്‌ ഒരു വര്‍ഷം നീക്കം ചെയ്യുന്ന മണലിന്റെ അളവ്‌ 21 മില്യണ്‍ ഘനമീറ്ററാണ്‌. അതിനെ പ്രതിരോധിക്കാന്‍ ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തി, മണല്‍ചാക്ക്‌ വിരിക്കല്‍, പുലിമുട്ട്‌, ബണ്ട്‌ കെട്ടല്‍ തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍ ഭീഷണി ഇതില്‍ ഒതുങ്ങുന്നില്ല.

ദുബായ്‌ പോര്‍ട്ട്‌ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനല്‍, മള്‍ട്ടി യൂസര്‍ ലിക്വിഡ്‌ ടെര്‍മിനല്‍ എന്നിവയ്‌ക്ക്‌ വേണ്ടി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരശോഷണത്തിന്‌ ആക്കം കൂട്ടി. വേമ്പനാട്ട്‌ കായലിലെ വേലിയിറക്ക സമയത്തെ കുത്തൊഴുക്ക്‌ അഴിമുഖത്ത്‌ സൃഷ്ടിക്കുന്ന ചുഴിയുടെ അപകേന്ദ്രബലത്തിന്റെ ആഘാതം മറുദിശയിലേക്കുള്ള ഒഴുക്കിന്‌ ഗതിവേഗം കൂട്ടുന്നു. ഇതും തീരശോഷണത്തിനു കാരണമാകുന്നു.

ചുഴികളുണ്ടാകുന്നതു മൂലം തീരത്തെ മണല്‍ത്തിട്ടയ്‌ക്ക്‌ ഉണ്ടാകുന്ന സ്ഥാനഭ്രംശം കടല്‍ഭിത്തിയില്‍ പലയിടത്തും വിള്ളല്‍ വീഴ്‌ത്തി. ഇതിലൂടെ കടല്‍ പരുഷമാകുന്ന സമയത്ത്‌ തിരയടിച്ചു കയറിയും വേലിയേറ്റത്തിലും മഴക്കാലത്തും കരയിലെത്തുന്ന വെള്ളത്തിന്‌ ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതും ദീര്‍ഘ സമയത്തേക്ക്‌ വെള്ളക്കെട്ടിനു കാരണമാകുന്നു. പശ്ചിമ കൊച്ചിയില്‍ പലയിടത്തും ഒന്നര മുതല്‍ രണ്ട്‌ അടി വരെ ഉയരത്തിലാണ്‌ വെള്ളം കെട്ടി നില്‍ക്കുന്നത്‌. ഇതാണ്‌ വീടുകളെ പ്രളയസമാനസാഹചര്യത്തിലെത്തിക്കുന്നത്‌.

അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ സ്ഥിതി വീണ്ടും വഷളാക്കുന്നു. മഴപ്പെയ്‌ത്ത്‌ വെള്ളം കൂടിയാകുന്നതോടെ വീട്ടുവളപ്പുകളില്‍ പ്രളയസമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. നീര്‍ച്ചാലുകളുടെ സ്വാഭാവിക ഗതി അടഞ്ഞു പോകുമ്പോള്‍ അധിക ജലം മണ്ണിലേക്ക്‌ താഴുന്നു. ഇങ്ങനെയെത്തുന്ന വെള്ളം താഴ്‌ന്ന പ്രദേശങ്ങളിലെ വയല്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍ എന്നിവയില്‍ സംഭരിക്കപ്പെടുന്നു. എന്നാല്‍ തീരപ്രദേശത്തെ അശാസ്‌ത്രീയ നിര്‍മാണങ്ങള്‍ക്കായി ഭൂമി നികത്തിയപ്പോള്‍ ഈ സ്വീകരണികള്‍ ചുരുങ്ങി. ഇത്‌ ഉപരിതലത്തിലേക്ക്‌ വെള്ളം പരന്നൊഴുകാന്‍ തുടങ്ങി. ഇത്‌ തീരപ്രദേശത്തെ പ്രളയസാധ്യത വര്‍ധിപ്പിച്ചു.

പ്രകൃതിപ്രതിഭാസങ്ങളെ കേവലം കല്ലോ ലോഹമോ ഉപയോഗിച്ച്‌ തടുത്തു നിര്‍ത്താനാകില്ലെന്ന പാഠമാണ്‌ സുനാമിയും രണ്ടു മഹാപ്രളയങ്ങളും നമ്മെ പഠിപ്പിച്ചതല്ലോ. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ്‌ ഏറ്റവും നല്ല ബദല്‍ എന്ന പാഠം നാം എന്നിട്ടും പഠിച്ചില്ലെന്നതാണ്‌ തീരദേശത്തെ ചതുപ്പുകള്‍ നികത്തി ഉയരുന്ന തുറമുഖം മുതല്‍ റിസോര്‍ട്ടുകള്‍ വരെ കാണിച്ചു തരുന്നത്‌.

ചാള്‍സ് ജോര്‍ജ്ജ് പ്രസിഡന്‍റ് സംസ്ഥാന മത്സ്യത്തൊഴിലാളി ഐക്യ വേദി
ചാള്‍സ് ജോര്‍ജ്ജ് പ്രസിഡന്‍റ് സംസ്ഥാന മത്സ്യത്തൊഴിലാളി ഐക്യ വേദി

കടലോരമേഖലയില്‍ വന്‍കിട ടൂറിസ്റ്റ്‌, റിയല്‍എസ്റ്റേറ്റ്‌ മാഫിയസംഘങ്ങള്‍ പിടിമുറുക്കുകയാണെന്ന് ചാള്‍ ജോര്‍ജ്ജ് പറയുന്നു‌. ‘’കേന്ദ്രസര്‍ക്കാര്‍ നയപ്രകാരം ഇന്ത്യന്‍ തീരദേശത്ത്‌ 2000 കിലോമീറ്റര്‍ ഹൈവേ പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ 550 കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, 12 തീരവികസനപ്രദേശങ്ങള്‍, 11 കോസ്‌റ്റല്‍ സോണ്‍ ടൂറിസ്‌റ്റ്‌ സര്‍ക്യൂട്ടുകള്‍ എന്നിവയാണ്‌ വരാന്‍ പോകുന്നത്‌‘’

‘’ഇവ വരുന്നതോടെ തീരദേശവാസികള്‍ തീരത്തു നിന്നു നിഷ്‌കാസിതരാകാന്‍ പോകുകയാണ്‌. വേമ്പനാട്ടുകായലിന്റെ വിസ്‌തൃതി അര നൂറ്റാണ്ടിനിടയ്‌ക്ക്‌ നാലിലൊന്നായി ചുരുങ്ങി‘’ അദ്ദേഹം ചൂണ്ടിക്കാട്ട ജിസിഡിഎ, പോര്‍ട്ട്‌ ട്രസ്‌റ്റ്‌, ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റി തുടങ്ങിയ വികസന ഏജന്‍സികളുടെ പങ്ക്‌ ഇതില്‍ ചെറുതല്ല. ഇത്‌ തീരമേഖലയിലെ അപകടകരമായ നിര്‍മിതികളായി മാറുകയും വെള്ളക്കെട്ടിനും പ്രളയത്തിനും കാരണമാകുകയും ചെയ്‌തിട്ടുണ്ട്‌.

രക്ഷയ്ക്കായുള്ള തീരദേശവാസികളുടെ മുറവിളി ഉയരുമ്പോള്‍ ചില താത്കാലിക നടപടികളുമായി അധികൃതര്‍ രംഗത്തെത്തുന്നതാണ് കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്നത്. അടിയന്തരമായി തീരത്തെ സംരക്ഷിക്കാന്‍ നടത്തുന്ന പദ്ധതികള്‍ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍, പുലിമുട്ട് നിര്‍മാണം, ജിയോ ബാഗ് വിന്യാസം, ജിയോട്യൂബ് ഒരുക്കല്‍ എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം അശാസ്ത്രീയമായി നടപ്പാക്കിയതിനാല്‍ ലക്ഷ്യത്തെ പിന്നോട്ടടിപ്പിച്ചതിന്‍റെ തിക്തഫലമാണ് തീരദേശജനത ഇന്നനുഭവിക്കുന്നത്.

കടലാക്രമണങ്ങളില്‍ നിന്ന്‌ തീരപ്രദേശത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യം അധികൃതര്‍ ആശ്രയിച്ചത്‌ കടല്‍ഭിത്തിയെയാണ്‌. വേലിയേറ്റം, തിരമാലകള്‍, സുനാമി എന്നിവയെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യം. ഇളകുന്ന സ്വഭാവഘടനയുള്ള തീരത്തിന്റെ ചലനാത്മകതയുമായി പൊരുത്തപ്പെടുമെന്നതാണ്‌ ഇതിന്റെ സവിശേഷതയായി കണ്ടത്‌. കാറ്റും തിരമാലകളും നദികളുടെ സാന്നിധ്യവും കടല്‍ത്തീരത്തെ മണ്ണൊലിപ്പിനു കാരണമാകുമ്പോള്‍ അതിനെ ചെറുക്കാന്‍ ശക്തമായ എന്‍ജിനീയറിംഗ്‌ പ്രക്രിയയാണ്‌ ഇതിനുള്ളത്‌. എന്നാല്‍ ഉയര്‍ന്ന നിര്‍മാണച്ചെലവും ബീച്ച്‌ നികത്തല്‍ പോലുള്ളവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിന്റെ ദോഷവശങ്ങളാണ്‌.

തകര്‍ന്ന കടല്‍ഭിത്തി
തകര്‍ന്ന കടല്‍ഭിത്തി നായരമ്പലം വൈപ്പിന്‍

രൂക്ഷമായ കടലാക്രമണങ്ങളുള്ള തീരങ്ങളില്‍ മാത്രമാണ്‌ ആദ്യം ഇത്‌ താത്‌കാലികാടിസ്ഥാനത്തില്‍ നിര്‍മിച്ചത്‌. എന്നാല്‍ കേരള തീരം മുഴുവന്‍ പരിസ്ഥിതി ലോലമേഖലയാതോടെ മുഴുവന്‍ തീരദേശ ബെല്‍റ്റും കടല്‍ഭിത്തി നിര്‍മിക്കേണ്ടതായ സാഹചര്യമാണ്‌ ഒരുങ്ങിയത്‌. ശക്തമായ തിരമാലകളുടെ പ്രതിബലത്തില്‍ ഇവയില്‍ വിടവ്‌ വീഴുന്നതോടെ പലയിടത്തും ചോര്‍ച്ച കണ്ടെത്തയിതോടെയാണ്‌ ഇവയുടെ ഭീഷണി തീരദേശ ജനത മനസിലാക്കിയത്‌.

കടല്‍ഭിത്തിയുടെ പ്രതിരോധത്തെ സഹായിക്കാനാണ്‌ പുലിമുട്ടുകള്‍ ഉണ്ടാക്കുന്നത്‌. പ്രത്യേക രൂപത്തില്‍ കരിങ്കല്ലുകള്‍ തീരത്തിട്ട്‌ ആര്‍ത്തലയ്‌ക്കുന്ന തിരമാലകളുടെ ആക്രമണത്തിന്റെ ശക്തി കുറയ്‌ക്കുകയാണ്‌ പുലിമുട്ടിന്റെ ഉദ്ദേശ്യം. പ്രത്യേക തരം സിമന്റും കല്ലും ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ടെട്രോപാഡുകള്‍ എന്ന കല്ലൊന്നിന്‌ 2000 കിലോയിലധികം ഭാരം വരും. ആങ്കര്‍ പോലെ മൂന്നു കാലുള്ള കല്ലുകളാണ്‌ തീരത്തോട്‌ ചേര്‍ന്ന്‌ കടലില്‍ നിക്ഷേപിക്കുക.

മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവ കേരള തീരത്ത്‌ നിര്‍മിച്ചത്‌. കുറഞ്ഞത്‌ 500 മീറ്റര്‍ നീളമെങ്കിലും പുലിമുട്ടുകള്‍ക്കുണ്ടാകണമെന്ന നിര്‍ദേശം മറികടന്ന്‌ കേരളത്തില്‍ നിര്‍മിക്കപ്പെട്ടവയിലധികവും 50- 100 മീറ്റര്‍ നീളം മാത്രമുള്ളവയാണ്‌. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷകരമാണ്‌. കടല്‍ നിരപ്പുയരുന്നതോടെ ഇത്‌ കാഴ്‌ചയില്‍ നിന്നു മറയുന്നു. മുമ്പത്തും തൃക്കുന്നപ്പുഴയിലും നീണ്ടകരയിലുമൊക്കെ മത്സ്യബന്ധന യാനങ്ങള്‍ വെള്ളത്തിനടിയില്‍പ്പെട്ട പുലിമുട്ടുകളിലിടിച്ച്‌ പിളരുന്നത്‌ നിത്യസംഭവങ്ങളായിരുന്നു. കടല്‍ ഭിത്തിയോട്‌ ചേര്‍ന്നായിരിക്കണം പുലിമുട്ട്‌ നിര്‍മാണമെന്ന നിര്‍ദേശവും കാറ്റില്‍ പറത്തുന്നതാണ്‌ ഇത്‌ തിരിച്ചടിയാകുന്നതിനു കാരണം.

പലയിടത്തും കടല്‍ഭിത്തി തകര്‍ന്നത്‌ പുനര്‍നിര്‍മിക്കാത്തതിനാലാണ്‌ വേലിയേറ്റസമയത്ത്‌ തിരകള്‍ കരയിലേക്ക്‌ കുതിച്ചു കയറുന്നതെന്ന്‌ തീരദേശവാസികള്‍ പറയുന്നു. ഇത്‌ മൂലം അറ്റകുറ്റപ്പണി നടത്താന്‍ പറ്റുന്നില്ല. പകരം ജിയോബാഗുകള്‍ ഉപയോഗിച്ച്‌ കടല്‍ ഭിത്തി നിര്‍മാണമാണ്‌ തീരദേശവാസികളുടെ ആവശ്യം. ജലവിഭവവകുപ്പാണ്‌ ഇത്‌ ചെയ്യേണ്ടത്‌. കരാറുകാര്‍ക്ക്‌ അനുമതി ലഭിക്കാനുള്ള നൂലാമാലകളില്‍പെട്ടു കിടക്കുകയാണ്‌ ഇത്‌. കല്ലുകള്‍ പാകിയുള്ള കടല്‍ഭിത്തി തകരുമ്പോള്‍ അടിയന്തരമായി വിന്യസിക്കുന്ന ജിയോബാഗുകള്‍ കടലാക്രമണം തടയാനുള്ള സ്ഥിരം സംവിധാനമായി കാണാനാകില്ല. കാരണം, ഇവയുടെ ആയുസ്സ്‌ പരമാവധി ഒരു വര്‍ഷമാണ്‌. അടിക്കടിയുണ്ടാകുന്ന കടലേറ്റത്തില്‍ ഇവ പൊട്ടി മണല്‍ ഒലിച്ചു പോകുകയും ചെയ്യുന്നു.

അടുത്തത്‌ ജിയോ ട്യൂബ്‌ കൊണ്ടുള്ള ബദല്‍ മാര്‍ഗമാണ്‌. കടലാക്രമണവും തീരശോഷണവും തടയാനുള്ള കുറേക്കൂടി മികച്ച സംവിധാനമാണിത്‌. കടലാക്രമണം നേരിടുന്നതിന്‌ കരിങ്കല്‍ഭിത്തിക്ക്‌ സമാനമായി തീരക്കടലില്‍ മണ്ണ്‌ നിറച്ച്‌ ട്യൂബ്‌ സ്ഥാപിക്കുന്നതാണ്‌ പദ്ധതി. നാല്‌ മീറ്റര്‍ വരെ നീളവും വ്യാസവുമുള്ള ട്യൂബില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ മണല്‍ അടിച്ചു കയറ്റിയാണ്‌ ജിയോ ട്യൂബ്‌ തയാറാക്കുന്നത്‌. ഇവ തീരത്ത്‌ നിരത്തി തിരമാലകളുടെ ശക്തി കുറയ്‌ക്കാനാകും. കടല്‍വെള്ളം അടിച്ചാലും മണലുമായി ചേര്‍ന്ന്‌ ഇവ പാറപോലെ ഉറച്ചു നില്‍ക്കും. മൂന്നു വര്‍ഷം വരെയാണ്‌ ഇതിന്‍റെ ആയുസ്‌. എന്നാല്‍ ഇതും തീരദേശ മത്സ്യബന്ധനത്തിന്‌ വിലങ്ങുതടിയാകാറുണ്ട്‌. വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കാനിത്‌ ഇടയാകാറുണ്ട്‌.

വേലിയേറ്റത്തിലെ അനധികൃത അവഗണനക്കെതിരേ നായരമ്പലം തീരദേശത്തു സ്ഥാപിച്ച ഹോര്‍ഡിംഗുകള്‍
വേലിയേറ്റത്തിലെ അനധികൃത അവഗണനക്കെതിരേ നായരമ്പലം തീരദേശത്തു സ്ഥാപിച്ച ഹോര്‍ഡിംഗുകള്‍

തീരദേശ‘’വികസന‘’ത്തിന്റെ ഇരകളാകുന്ന പ്രദേശവാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ വികസനവിരുദ്ധരും അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടുന്നു.  എന്നാല്‍ നിരാശയുടെ കൂരിരുട്ട്‌ വ്യാപിക്കും മുന്‍പേ പ്രതീക്ഷയുടെ ചില പ്രകാശരേണുക്കള്‍ നയിക്കാനെത്തുന്നുവെന്നതു വലിയ ആശ്വാസമാകുന്നു. പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തുന്നതിന്‌ തീരജീവിതത്തോട്‌ ഇണങ്ങി നില്‍ക്കുന്ന ശാസ്‌ത്രീയ സുസ്ഥിര പദ്ധതികള്‍ നടപ്പാക്കുക മാത്രമാണ്‌ പോംവഴി. ഇപ്പോള്‍ തുടരുന്ന തീരസംരക്ഷണപദ്ധതികള്‍ക്കൊപ്പം സമഗ്രമായ ആസൂത്രണവും വേണമെന്നാണ്‌ ഈരംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌.

നിലവിലുള്ള തീരസംരക്ഷണ നിര്‍മിതികളുടെ അറ്റകുറ്റപ്പണി നടത്തുകയും തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ പരിപാടികള്‍ നടപ്പാക്കുകയും ചെയ്യുകയാണ്‌ ആദ്യപടി. സര്‍ക്കാര്‍ നേതൃത്വത്തില്‍ വികസന ഗവേഷണ ഏജന്‍സികളുടെ സഹായത്തോടെ തീരദേശത്തിനിണങ്ങുന്ന സംയോജിത സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്‌ അടുത്തതായി വേണ്ടത്‌. ഈ സമയത്ത്‌ പ്രദേശവാസികളെ അവഗണിക്കരുത്‌, അവരുടെ അനുഭവവും അറിവും പരിഗണിച്ച്‌ വിശ്വാസത്തിലെടുത്താകണം പദ്ധതി നടപ്പിലാക്കേണ്ടത്‌.

ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ത്തന്നെ ഏകപക്ഷീയമായ ഒരു പ്രതിരോധത്തിനായല്ല, സംയോജിത സമഗ്ര സുസ്ഥിര തീരസംരക്ഷണപദ്ധതിക്കായാണ്‌ ശ്രമിക്കേണ്ടതെന്ന്‌ കേരള ഫിഷറീസ്‌ സര്‍വ്വകലാശാല ഡീനും സംസ്ഥാന മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം ചെയര്‍മാനുമായിരുന്ന ഡോ. കെ എസ്‌ പുരുഷന്‍ പറയുന്നു.

ഡോ. കെ എസ് പുരുഷന്‍ മുന്‍ ഡീന്‍ ഫിഷറീസ് സര്‍വ്വകലാശാല
ഡോ. കെ എസ് പുരുഷന്‍ മുന്‍ ഡീന്‍ ഫിഷറീസ് സര്‍വ്വകലാശാല

” ആസൂത്രണമില്ലായ്‌മയുടെ വിനയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഭൗമപ്രകൃതമനുസരിച്ച്‌ തന്നെ ഭൂമി താഴ്‌ന്നു പോകുന്ന സാഹചര്യം തീരപ്രദേശത്ത്‌ ഉണ്ട്‌. സമുദ്രത്തിന്റെ സവിശേഷതകളനുസരിച്ച്‌ കടല്‍ നിരപ്പ്‌ ഉയരുന്നുമുണ്ട്‌. ചാന്ദ്രപ്രതിഭാസമാണ്‌ വേലിയേറ്റവും വേലിയിറക്കവുമെന്ന്‌ നമുക്കറിയാം. ഇങ്ങനെ ഉണ്ടാകുന്ന തിരമാലകള്‍ ചുഴികളായി മറ്റ്‌ സമുദ്രങ്ങളിലേക്ക്‌ പോകുകയായിരുന്നു പതിവ്‌. എന്നാല്‍ ആഗോള താപനം, ന്യൂനമര്‍ദ്ദം തുടങ്ങിയസൃഷ്ടിച്ച മാറിയ സാഹചര്യങ്ങളില്‍ കടലാക്രമണം രൂക്ഷമായി മാറി. ഇത്‌ പ്രതിരോധിക്കാന്‍ താറുമാറായി കിടക്കുന്ന കടല്‍ഭിത്തി അറ്റകുറ്റപ്പണി നടത്തി ആഘാതം കുറയ്‌ക്കുന്നതിനൊപ്പം ജൈവവേലികള്‍ കെട്ടി ഉയര്‍ത്തുകയാണ്‌ ഒരു പരിഹാരം”

തീരദേശവാസികള്‍ക്ക്‌ വളരെ സുപരിചിതമായ മരങ്ങള്‍ കൊണ്ട്‌ തീരത്തെ സംരക്ഷിക്കാനാകുമെന്ന്‌ ഡോ. പുരുഷന്‍ ചൂണ്ടിക്കാട്ടുന്നു. ”കണ്ടല്‍, പൂപ്പരുത്തി, പുന്നക്ക, കാറ്റാടി, കശുമാവ്‌, ഒതളങ്ങ തുടങ്ങിയ വലിയ വേരുകള്‍ വരുന്ന മരങ്ങള്‍ ഉപയോഗിച്ച്‌ ചുരുങ്ങിയത്‌ 30 മീറ്ററെങ്കിലും ഉള്ള ജൈവവേലിയാണ്‌ നിര്‍മിക്കേണ്ടത്‌. മരങ്ങളുടെ ശിഖരങ്ങള്‍ എത്രമാത്രം പടരുന്നുവോ അത്രയും വിസ്‌തൃതിയില്‍ അവയുടെ വേരുകളും വളരും. ത്രികോണക്രമത്തിലാകണം അത്‌ വെച്ചു പിടിപ്പിക്കേണ്ടത്‌. അങ്ങനെയാണെങ്കില്‍ അത്‌ തീരദേശത്തെ കടലാക്രകമണങ്ങളില്‍ നിന്ന്‌ ശക്തമായി പ്രതിരോധിക്കുമെന്നതാണ്‌ പ്രധാന നേട്ടം”

പുതുവൈപ്പിലെ കാറ്റാടി മരങ്ങളുടെജൈവവേലി
പുതുവൈപ്പിലെ കാറ്റാടി മരങ്ങളുടെജൈവവേലി ഫോട്ടോഫേസ് ബുക്ക്

ജൈവവേലികള്‍ കെട്ടുന്നത്‌ മുന്‍പ്‌ പരീക്ഷിച്ചെങ്കിലും ജനങ്ങളുടെ നിസ്സഹകരണം മൂലം പലയിടത്തും പരാജയപ്പെടുകയായിരുന്നുവെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു. കടല്‍ത്തീരത്ത്‌ കൊതുകിനെയും ക്ഷുദ്രജീവികളെയും ചെളിയും വര്‍ധിപ്പിക്കുന്ന പദ്ധതിയാണെന്നായിരുന്നു പ്രചാരണം ” പുതുവൈപ്പില്‍ അഞ്ചു ലക്ഷം കാറ്റാടികള്‍ നട്ട വ്യക്തിയാണ്‌ താന്‍. അതിന്റെ സംരക്ഷണത്തിനായി ട്രീഗാര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്‌തു. എന്നാല്‍ അത്‌ സ്ഥലത്തെ ഓട്ടോക്കാര്‍ പിഴുതു മാറ്റുകയായിരുന്നു. അന്ന്‌ ഇത്‌ പടര്‍ന്നു പന്തലിച്ചാല്‍ ആളുകള്‍ നടന്നു പോകുമെന്നും ഓട്ടം കിട്ടില്ലെന്നും ആരോ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചതാണ്‌ കാരണം”

”ജൈവവേലിയുടെ പ്രചാരണത്തിന്റെ ഭാഗമായി പറവൂരും ചേന്ദമംഗലത്തും പോയി പ്രസംഗിച്ചപ്പോള്‍ ഒരു കൂട്ടം വീട്ടമ്മമാര്‍ വളഞ്ഞു. ഞങ്ങളുടെ വീട്ടുവളപ്പില്‍ പാമ്പും ഞണ്ടുമൊക്കെ പോലുള്ള ജീവികള്‍ കയറിയിറങ്ങുന്നതിനുള്ള പരിപാടിയാണ്‌ സാര്‍ പറയുന്നതല്ലേ, എന്നായിരുന്നു അവരുടെ ചോദ്യം” മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങളെ അന്ന്‌ അനുകൂലിച്ചതായും അദ്ദേഹം പറഞ്ഞു.

”കടലാക്രമണമേഖലയില്‍ അലറുന്ന തിരമാലകളെയും തുടര്‍ച്ചയായുണ്ടാകുന്ന കാറ്റും കോളിനെയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളെയും കൈകാര്യം ചെയ്യാന്‍ അതിനെ പ്രതിരോധിക്കാന്‍ ജൈവവേലി സ്വാഭാവിക പ്രതിരോധമാര്‍ഗമായി സ്വീകരിക്കുകയേ മാര്‍ഗമുള്ളൂ. തീരത്ത്‌ ഏറ്റവും അനുയോജ്യമായ കണ്ടല്‍ക്കൃഷി വ്യാപിപ്പിക്കുകയാണ്‌ വേണ്ടത്‌. അത്‌ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്താന്‍ കഴിയണം. തീരദേശവാസികള്‍ക്കു കൂടി പ്രയോജനപ്രദമായ പദ്ധതിയാണെന്ന ബോധ്യപ്പെടുത്തി അവരെ ആകര്‍ഷിക്കാന്‍ കഴിയണം. ലൈഫ്‌ പദ്ധതി വിജയിച്ചത്‌ ഉദാഹരണം” തീരപ്രദേശത്തെ മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കാനും ജൈവവേലി സഹായിക്കും. കണ്ടല്‍, കാറ്റാടി, പൂപ്പരുത്തി തുടങ്ങിയ ഉപ്പുവെള്ളത്തിലും വളരുന്ന മരങ്ങള്‍ക്ക്  അതിവേഗത്തില്‍ തഴച്ചു വളരുന്നതിനൊപ്പം മണലിലേക്ക് കൂടുതല്‍ എക്കല്‍ നിക്ഷേപം സ്വാംശീകരിക്കാനും കഴിയുന്നു.

തീരദേശ റോഡ് വൈപ്പിന്‍
വെള്ളത്തില്‍മുങ്ങിയ വൈപ്പിന്‍ തീരദേശ റോഡ്

ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട സ്വത്താണ്‌ തീരദേശബെല്‍റ്റ്‌. അതിനെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്‌. ഇതില്‍ സ്വീകരിക്കേണ്ട സമീപനം ജനപങ്കാളിത്തത്തില്‍ അധിഷ്‌ഠിതമാകണം. സമഗ്ര അവലോകനം നടത്തി പിന്നീട്‌ സ്ഥൂല, സൂക്ഷ്‌മ പരിശോധനകള്‍ നടത്തി കൃത്യമായ ശാസ്‌ത്രീയ സമീപനമാണ്‌ എടുക്കേണ്ടത്‌. വെറും ശാസ്‌ത്രസാങ്കേതികവിദ്യകള്‍ മാത്രം എടുത്തു കൊണ്ട്‌ തീരസുരക്ഷാ പദ്ധതികള്‍ പ്രായോഗികമായി നടപ്പാക്കാനാകില്ല. സര്‍ക്കാര്‍ നേതൃത്വവും പിന്തുണയുമാണ്‌ ആദ്യം വേണ്ടത്‌. പരമ്പരാഗതവും ആധുനികവുമായ രീതികള്‍ അവലംബിച്ചു കൊണ്ടുള്ള സമീകൃത സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌.

”തീരദേശത്തെ വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ ശാശ്വതമായ പരിഹാരം കാണാന്‍ ഏതു ദുരന്തനിവാരണത്തിനും കൈക്കൊള്ളേണ്ട ഒരു സമീപനമാണ്‌ സ്വീകരിക്കേണ്ട്‌ത്‌. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണിത്‌. ഇതിന്റെ തീവ്രത കൂടിക്കൊണ്ടേയിരിക്കും. ഈ തീവ്രത കുറയ്‌ക്കുകയാണ്‌ വേണ്ടത്‌. അതിനെ താത്‌കാലികമായി എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ കൊണ്ട്‌ തടയാനാകില്ല. കൃത്യവും സൂക്ഷ്‌മവുമായ ഒരു സമീപനമാണ്‌ വേണ്ടത്‌. ദുരന്ത നിവാരണ ദൗത്യങ്ങളില്‍ ചതുര്‍മുഖ പരിപാടികളാണ്‌ നടപ്പാക്കാറുള്ളത്‌. സംരക്ഷണം, പുനരധിവാസം, പരിസ്ഥിതിക്ക്‌ ഇണക്കിയെടുക്കല്‍, പ്രത്യാഘാതത്തിന്റെ തീവ്രത കുറയ്‌ക്കല്‍ എന്നിവയാണ്‌ ഇവ.”

”തീരമേഖലയില്‍ എല്ലാവരെയും യോജിപ്പിച്ചുള്ള പദ്ധതികള്‍ക്കാണ്‌ പ്രാമുഖ്യം കൊടുക്കേണ്ടത്‌, ഒറ്റതിരിഞ്ഞുള്ള ശ്രമങ്ങള്‍ പ്രകൃതിപ്രതിഭാസത്തിനെതിരേ വിലപ്പോകില്ല. പരസ്‌പരം കുറ്റപ്പെടുത്തി മുന്നോട്ടു പോകാനില്ല. വെള്ളം ഉള്‍ക്കൊള്ളാനുള്ള പ്രതലങ്ങള്‍ നഷ്ടപ്പെട്ടതാണ്‌ ഇവിടത്തെ പ്രധാന പ്രശ്‌നമെന്നു കാണാം. വെള്ളം താഴേക്ക്‌ ഒഴുകാനുള്ള പ്രവണത കാണിക്കുന്നതിനാല്‍ ലഭ്യമായ ഇടത്ത്‌ ഇടുങ്ങിയ വഴിയിലൂടെ ഞെങ്ങിഞെരുങ്ങി സഞ്ചരിക്കുന്നു. പ്രവാഹത്തിന്‌ തടസം നേരിടുന്നതാണ്‌ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനു കാരണമാകുന്നത്‌.”

ആസൂത്രണം വളരെ പ്രധാനപ്പെട്ടതാണ്‌. മാതൃകാപരമായ പദ്ധതികളാണ്‌ രൂപകല്‍പ്പന ചെയ്യേണ്ടത്‌. നാം തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ കൃത്യതയാണ്‌ നിര്‍ണായകം. മൂന്നോ നാലോ സര്‍വേകളിലൂടെ ഇത്‌ കണ്ടെത്തണം. ദുരന്തനിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരക്ഷണം, പുനരധിവാസം, പരിസ്ഥിതിക്ക്‌ അനുകൂലമാക്കിയെടുക്കല്‍, പ്രത്യാഘാതത്തിന്റെ തീവ്രത കുറയ്‌ക്കല്‍ എന്നീ പ്രക്രിയകള്‍ നടത്താം. നിലവിലുള്ള സാങ്കേതികസംവിധാനങ്ങള്‍ വിനിയോഗിച്ചു കൊണ്ടുള്ള ശാസ്‌ത്രീയ സമീപനമാകണം പിന്തുടരേണ്ടത്‌. ഇതില്‍ ബാഹ്യഇടപെടലുകളെ കൂട്ടിയിണക്കേണ്ട ഏജന്‍സികള്‍ ഏതൊക്കെയെന്ന്‌ തീരുമാനിക്കണം.

ജൈവവേലിക്കായി ചര്‍ച്ച
ജൈവവേലിക്കായി ചര്‍ച്ച ഫോട്ടോ അമ്പലപ്പുഴ മോഡല്‍ഹൈസ്കൂള്‍അധ്യാപകന്‍ സുരേഷ് കുമാര്‍ തോട്ടപ്പള്ളി യുടെ ഫേസ് ബുക്ക് വോളില്‍നിന്ന്

അടുത്ത പടി ഒരു പൊതുചര്‍ച്ചയ്‌ക്കു വെച്ച്‌ അഭിപ്രായരൂപീകരണമാണ്. ഇരകളുടെ പങ്കാളിത്തത്തോടെ പ്രോജക്‌റ്റ്‌ യൂണിറ്റ്‌ സ്ഥാപിക്കുകയാണ്‌ ചെയ്യേണ്ടത്‌. പദ്ധതികാലയളവ്‌ കഴിയുന്നതോടെ നേട്ടപ്പട്ടിക പരിശോധിച്ച്‌ തുടര്‍ നടപടികളെടുക്കാം. ദുരന്തങ്ങളില്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ, ശാസ്‌ത്രസാങ്കേതികവിദ്യയുടെ സംയോജനം, ജനപങ്കാളിത്തം, ഇരകളുടെ സഹകരണം എന്നിവ ലഭിക്കുന്നുവെന്നുള്ളതാണ്‌ ഇത്തരമൊരു പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. സ്വന്തം കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ആളുകള്‍ക്ക്‌ മാറി നില്‍ക്കാനാകില്ല. ശാശ്വതപരിഹാരം വിദൂരതയില്‍ നില്‍ക്കുകയാണ്‌, അവിടേക്ക്‌ നാം പതുക്കെ തുഴഞ്ഞ്‌ എത്തണം.

കൃത്യതയും സൂക്ഷ്‌മതയുമുള്ള ചെറിയ തോതിലുള്ള സമീപനമാണ്‌ ഉചിതം, ചെറുതാണ്‌ സുന്ദരം എന്നു പറയാറുള്ളതു പോലെ. കാരണം ഒറ്റയടിക്ക്‌ ഇതു പരിഹരിക്കാനുള്ള മാന്ത്രികവടി ആരുടെയും കൈയിലില്ല. ആര്‍ജ്ജിത അറിവ്‌ അടിസ്ഥാനമാക്കിയ ഒരു സമൂഹം അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്‌. പദ്ധതിയുടെ പ്രധാന കരുത്ത്‌ നൂറു കണക്കിന്‌ ഗവേഷണകേന്ദ്രങ്ങളിലെ അറിവുകളുടെ കൂമ്പാരം, സര്‍ക്കാര്‍ നേതൃത്വം, ഫണ്ടിംഗ്‌ ഏജന്‍സികള്‍, ജനകീയപങ്കാളിത്തം, ഇരകളെ മുഖവിലയ്‌ക്കെടുക്കല്‍ എന്നിവയാണ്‌. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു പദ്ധതി നിലവില്‍ സാധ്യമല്ല” ഡോ. പുരുഷന്‍ വ്യക്തമാക്കി.

നിലവിലുള്ള ഹ്രസ്വകാലപദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനു പുറമെ ജൈവവേലി പോലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കൂടി നടത്തിയാലേ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകൂ. ഇതോടൊപ്പം അനധികൃതമായ നിര്‍മിതികളെപ്പറ്റി പുനര്‍ വിചിന്തനം നടത്തുകയും തണ്ണീര്‍ത്തടങ്ങളുടെയും ജലാശയങ്ങളുടെയും വീണ്ടെടുക്കല്‍ സാധ്യമാക്കുകയും ചെയ്യണം. ഇതേപ്പറ്റി ഗവേഷണം നടത്തി അറിവു പകരുന്ന ഏജന്‍സികള്‍ നമുക്കുണ്ട്‌. അവയെ ജനകീയ ഓഡിറ്റിംഗിനു വിധേയമാക്കിക്കൊണ്ടുള്ള സമഗ്ര സുസ്ഥിര പദ്ധതികളാണ്‌ കേരളത്തിന്റെ കാര്യത്തില്‍ കരണീയമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.