Fri. Nov 22nd, 2024
Has kerala become a police state_ titled article disappeared from digital platforms

കേരള സർക്കാരിന്റെ ഏറ്റവും പുതിയ പോലീസ് ഭേദഗതി നിയമത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ ഓപ്പൺ മാഗസിന് വേണ്ടി എഴുതിയ ലേഖനം അപ്രത്യക്ഷമായിരിക്കുന്നു. ‘കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുകയാണോ?’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനമാണ് കാണാതായതായിരിക്കുന്നത്.

നവംബർ ഒൻപതിന് പബ്ലിഷ് ചെയ്ത ഓപ്പൺ മാഗസിനിന്റെ ഡിജിറ്റൽ പതിപ്പിലുണ്ടായിരുന്ന ലേഖനം തൊട്ട് പിറ്റേദിവസം അപ്രത്യക്ഷമായതായി എംജി രാധാകൃഷ്ണൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

https://www.facebook.com/mg.radhakrishnan/posts/3721505207880147

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓപ്പൺ മാഗസിന് വേണ്ടിയാണ് എംജി രാധാകൃഷ്ണൻ ലേഖനം എഴുതിയത്. പോലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്ത് സോഷ്യൽ മീഡിയയിൽ അപമാനപരമെന്ന് പോലീസിന് തോന്നുന്ന പോസ്റ്റ് ഇടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാമെന്ന പുതിയ നിയമത്തിനെതിരെയായിരുന്നു ലേഖനം.

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനെതിരെയും നിരന്തരം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം തടയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെങ്കിലും അത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ലേഖനത്തിൽ പറയുന്നു.

Cover page of article 'Has Kerala Become a Police State?
Picture Courtesy: Facebook; Cover page of article ‘Has Kerala Become a Police State?

ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനൊപ്പം സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ഇത് കൂച്ചുവിലങ്ങിടുന്നു. ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് മാത്രമല്ല മറ്റാർക്കും ഏത് വ്യക്തിക്കെതിരെയും കേസ് നൽകാം അതേപോലെ പോലീസിന് അപമാനപരമെന്ന് തോന്നുന്ന പോസ്റ്റിടുന്നവർക്കെതിരെയും കേസെടുക്കാം എന്നത് വെല്ലുവിളിയാണെന്ന് ലേഖനത്തിൽ എംജി രാധാകൃഷ്ണൻ പറയുന്നു. കൂടാതെ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ യുപിഎ അടക്കം മനുഷ്യാവകാശത്തെ ലംഖിച്ചുകൊണ്ട് പലപ്പോഴും ചുമത്തപ്പെട്ടതായും ലേഖനത്തിൽ പറയുന്നു.

Article Has Kerala Become a Police State?
Picture Courtesy: Facebook; Article Has Kerala Become a Police State?

പോലീസിന് സ്വമേധയാ കേസെടുക്കാൻ അനുമതി ലഭിക്കുന്നതോടെ കേരളം ഒരു പോലീസ് ഭരണ സംസ്ഥാനമാകുമോ എന്ന ആശങ്കയാണ് ലേഖനത്തിൽ പങ്കുവെയ്ക്കുന്നത്.

Article 'Has Kerala Become a Police State?
Picture Courtesy: Facebook; Article ‘Has Kerala Become a Police State?

ഈ ലേഖനമാണ് പ്രസിദ്ധീകരിച്ച് പിറ്റേ ദിവസം തന്നെ കാണാതായിരിക്കുന്നത്. നവംബർ ഒൻപതിന് പ്രസിദ്ധീകരിച്ച മാഗസിന്റെ കവർ പേജിൽ ഈ ലേഖനം മാഗസിനിന്റെ ഉള്ളടക്കത്തിൽ ഉള്ളതായി നൽകിയിട്ടുണ്ട്.

Open Magazine Cover
Picture Courtesy: Facebook; Open Magazine Cover

എന്നാൽ, മാഗസിൻ തുറന്നാൽ ഈ ലേഖനമില്ല. ലേഖനം ആദ്യം ഉൾക്കൊണ്ട ലിങ്ക് തുറന്നാൽ, അതിലും ലേഖനം കാണാൻ സാധിക്കില്ല. എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇത് ഒറ്റയടിക്ക് അപ്രക്ത്യക്ഷമായത് നിഗൂഢമാണെന്നാണ് എംജി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

പോലീസ് ഭേദഗതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സർക്കാർ നയത്തിനെതിരെ എഴുതിയ ഒരു ലേഖനം പോലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രണ്ട് ദിവസം മുൻപാണ് നിയമം പ്രാബല്യത്തിൽ വന്നതെങ്കിലും ദിവസങ്ങൾക്ക് മുൻപേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്ന ചുമതല സർക്കാർ ഏറ്റെടുത്തിരുന്നോ എന്നും സംശയം ഉണർത്തുന്നതാണിത്.

സമൂഹ മാധ്യമങ്ങളിളുടെ ചർച്ചകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഈ വാർത്ത. മുഖ്യമന്ത്രിയെക്കുറിച്ച് മിണ്ടിയാൽ നാവറുക്കും, ലേഖനം പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ദേശീയ മാധ്യമത്തെ സമ്മർദ്ദം ചെലുത്തുന്നതാര് തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട് എന്ന തരത്തിൽ ഒരു പ്രതിപക്ഷ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 

By Arya MR