Wed. Jan 22nd, 2025
Pradeep Kumar got arrested in actress abduction and rape case
കൊല്ലം:

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ.

ഇന്ന് രാവിലെ ഗണേഷ് കുമാറിന്റെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.  

വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദീപ് കുമാറിനെ  പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. 

പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം  പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല.

 തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച്  അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. 

തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു.  പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. 

അതില്‍ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നായിരുന്നു പോലീസിന്റെ  റിപ്പോര്‍ട്ട്. 

https://www.youtube.com/watch?v=GyPDonjbWJA

  

By Arya MR