Fri. Nov 22nd, 2024

 

മീൻ പിടിക്കുന്നവന് ആദ്യ വില്പനാവകാശം ലഭ്യമല്ലാത്തതിനാല്‍ കടലിൽ പോകാതെ കരയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഇടത്തട്ടുകാരായ ലേലക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് മീൻ കൊടുക്കാൻ നിര്‍ബന്ധിതരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. ലേലക്കാരനും, മീൻ എടുക്കാൻ വരുന്ന വ്യാപാരിയും ‘നൽകുന്ന’ തുകയും വാങ്ങി പോകേണ്ട അവസ്ഥയാണ് അവരുടേത്. ലേലക്കാർക്ക്/കമ്മീഷന്‍കാർക്ക്, മറ്റൊരാൾ പിടിച്ചു കൊണ്ടുവരുന്ന- മീനിന്റെ മേൽ എങ്ങനെയാണ് പൂർണ്ണാവകാശം ലഭിക്കുന്നത്?

അത് മനസ്സിലാകണമെങ്കിൽ നമ്മുടെ മൽസ്യബന്ധന രീതികളെക്കുറിച്ചും മത്സ്യബന്ധനോപാധികൾ സ്വായത്തമാക്കുന്ന രീതികളെക്കുറിച്ചും മനസ്സിലാക്കണം.

തിരുവനന്തപുരം ജില്ലയിലെ തീരം മുതൽ കൊല്ലം തങ്കശ്ശേരി വരെയുള്ള മൽസ്യബന്ധന രീതികളെ ഏകദേശം ഒരേ തരത്തിൽ പരിഗണിക്കാം. ഇപ്പോഴും ചെറിയ വള്ളങ്ങളിൽ ഔട്ട്‌ ബോർഡ് എഞ്ചിനുകൾ ഘടിപ്പിച് ചൂണ്ട, നീട്ടുവല, തട്ടുമടി, എന്നീ രീതിയിലുള്ള മൽസ്യബന്ധനം തിരുവനന്തപുരം തീരങ്ങളിൽ ഇപ്പോഴും പ്രയോഗത്തിലുണ്ട്. കരയിൽ നിന്നു വലിക്കുന്ന കമ്പാവല. വിശദാoശങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവയെയെല്ലാം തല്ക്കാലം ഒറ്റ ഗ്രൂപ്പിൽപ്പെടുത്താം. 5 മുതൽ 10 വരെ തൊഴിലാളികൾ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നതും, ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കരയിൽ തിരികെ എത്തുന്നതുമായ ഈ മൽസ്യബന്ധന ഉപകരണങ്ങൾ സ്വായത്തമാക്കുന്നതിന്, വടക്കോട്ടുള്ള പ്രദേശങ്ങളിലെ മൽസ്യബന്ധനോപകരണങ്ങളേക്കാള്‍ കുറഞ്ഞ മുതൽമുടക്ക് മതിയാകും. ഇത് പലപ്പോഴും ഉടമ എടുക്കുന്ന തുക കഴിച്ചു ബാക്കി തുക കമ്മീഷൻ ഏജന്റുമാരുടെ കയ്യിൽ നിന്നോ, മത്സ്യ വികസന സഹകരണ സംഘങ്ങളിൽ നിന്നോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വാങ്ങുന്നു.

ശക്തികുളങ്ങര -നീണ്ടകര പ്രദേശങ്ങളിൽ കൂടിയ കുതിരശക്തിയുള്ള ഇൻബോർഡ് എഞ്ചിനുകൾ ഉപയോഗിക്കുന്ന വലിയ ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി മത്സ്യബന്ധനത്തിന് പോകുന്ന ഇത്തരം ബോട്ടുകളിൽ 10-15 തൊഴിലാളികളുണ്ടാകും. രണ്ട് ദിവസം മുതൽ ഒരാഴ്ചകാലം വരെയാണ് ഇവയുടെ മൽസ്യബന്ധന കാലയളവ്. 80-85 ലക്ഷം രൂപ വരെ മുതൽമുടക്ക് വരുന്ന ഈ മൽസ്യബന്ധന ഉപകരണങ്ങൾക്ക് ചിലപ്പോൾ ഒരു വ്യക്തിക്കോ, 5 പേർക്ക് വരെയോ ആയിരിക്കും ഉടമസ്ഥാവകാശം. വ്യക്തി/വ്യക്തികൾ സ്വരൂപിക്കുന്ന മൂലധനം കൂടാതെ കമ്മീഷന്‍കാര്‍ /തരകന്മാർ എന്നിവരിൽ നിന്നും പണം കമ്മീഷൻ വ്യവസ്ഥയിൽ കടം വാങ്ങും.

ചവറ മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ വലിയ ബോട്ടുകൾ കൂടാതെ എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള 40-50 പേർ പോകുന്ന വലിയ വള്ളങ്ങളും മൽസ്യബന്ധനം നടത്തുന്നു.ഒരു കോടി രൂപ വരെ മുതൽമുടക്കുള്ള വള്ളങ്ങൾക്ക് നാല് മുതൽ പത്ത് വരെ ആളുകൾ ചേർന്നാണ് മൂലധനം സ്വരൂപിക്കുന്നത്. പോരാതെ വരുന്ന തുക (30 ലക്ഷം രൂപ വരെ) കമ്മീഷൻ ഏജന്റുമാരുടെ കൈയ്യിൽ നിന്നും കമ്മീഷൻ വ്യവസ്ഥയിൽ വാങ്ങുന്നു. വലിയ ബോട്ടുകൾ, വലിയ വള്ളങ്ങൾ എന്നിവ കൂടാതെ, 5 പേർ പോകുന്നതും ഒന്നും രണ്ടും ദിവസം മൽസ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകളും ഈ പ്രദേശങ്ങളിലുണ്ട്. പത്തു മുതൽ ഇരുപത് ലക്ഷം വരെ മുതൽ മുടക്കുണ്ട്. പരമാവധി 3-4 ലക്ഷം രൂപ കമ്മീഷൻ വ്യവസ്ഥയിൽ വായ്പ ലഭിക്കും.

 

Fish Sales, Pic credits: Deccan Herald

 

കമ്മീഷൻ ഏജന്റ്മാർ /തരകന്മാർ, എന്നിവരെക്കൂടാതെ, സഹകരണ മേഖലയിലെ മത്സ്യതൊഴിലാളി വികസന സഹകരണ സംഘങ്ങളും മത്സ്യബന്ധനോപകരണങ്ങൾ വാങ്ങാന്‍ വായ്പ നൽകുന്നു. മത്സ്യത്തൊഴിലാളി സംഘങ്ങളിൽ നിന്നും എടുക്കാൻ കഴിയുന്ന വായ്പ താരതമ്യേന ചെറിയ തുക ആയതിനാലും, ഈടായി വസ്തുവിന്റെ പ്രമാണം നൽകേണ്ടതിനാലും, സംഘങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാലും മിക്ക മത്സ്യതൊഴിലാളികളും സ്വകാര്യ വ്യക്തികളെ വ്യായ്പകൾക്കായി സമീപിക്കുകയാണ് പതിവ്.

ഇത്തരത്തിൽ തങ്ങളുടെ പണം കൊണ്ട് കൂടി മൽസ്യബന്ധന യാനങ്ങൾ പ്രവർത്തിക്കുന്നതിനാല്‍ ഈ ഉപകരണങ്ങളുടെ മേലും, മൽസ്യബന്ധന ഉടമകൾ /തൊഴിലാളികൾ എന്നിവരുടെ മേലും പിടിച്ചു കൊണ്ടുവരുന്ന മീനിന്റെ മേലും കമ്മീഷൻ ഏജന്റുമാരും തരകന്മാരും അധീശത്വം സ്ഥാപിക്കും. മീൻ എപ്പോൾ വിൽക്കണം, ആർക്ക്, എന്ത് വിലക്ക് വിൽക്കണം എന്നെല്ലാം തീരുമാനിക്കുന്നത് കമ്മീഷന്‍ ഏജന്റുമാർ /തരകന്മാർ ആണ്. കമ്മീഷൻകാർ തന്നെയോ അവർ ഏർപ്പാട് ചെയ്യുന്ന ബന്ധുക്കളെയോ, ബിനാമികളെയൊ ആണ് ലേലക്കാരായി നിശ്ചയിക്കുന്നത്.

ഈ കമ്മീഷൻകാർ / ലേലക്കാർ മീൻ എടുക്കാൻ വരുന്ന കച്ചവടക്കാർക്ക് അനുഗുണമായ രീതിയിലാണ് കച്ചവടം നടത്തുന്നത്. കച്ചവടക്കാർക്കും പണം കടം കൊടുത്ത് അവരുടെ പക്കൽ നിന്നും കമ്മീഷൻ ഏജന്റുമാർ/ലേലക്കാർ കമ്മീഷൻ കൈപ്പറ്റാറുണ്ട്. ഇവർ മത്സ്യതൊഴിലാളികളിൽ നിന്ന് 5 മുതൽ 15 ശതമാനം വരെ തുക കമ്മീഷൻ ഇടാക്കുന്നു. കൂടാതെ മീനിന്റെ തൂക്കത്തിലെ കള്ളം, കൊച്ചുകാശ്, കുഞ്ഞുകാശ് എന്നിങ്ങനെ വിവിധ പേരില്‍ കൈക്കലാക്കുന്നു.

കമ്മീഷൻ തുക വാങ്ങാത്ത യാനങ്ങളിലെ മീനുകൾ ലേലം ചെയ്യുന്നതിനും ലേലക്കാരനെ തന്നെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. മീൻ എടുക്കാൻ വരുന്നവർക്ക് കമ്മീഷൻ വ്യവസ്ഥയിൽ പണം കൊടുക്കുന്നത് ലേലക്കാരനായതുകൊണ്ട്, മീൻ വ്യാപാരികൾക്ക് അവരവരുടെ ലേലക്കാരുടെ മീൻ വാങ്ങാനേ നിർവ്വാഹമുള്ളൂ. മറ്റൊരർത്ഥത്തിൽ, മീൻ പിടിച്ചു കൊണ്ടുവരുന്നവനും മീൻ വ്യാപാരിയും ലേലക്കാരനാല്‍ ബന്ധിതനാണ്. ലേലക്കാർ പറയുന്നതേ ഇതുവരെ ഹാർബർ /ലാൻഡിങ് സെന്ററുകളിൽ നടക്കുമായിരുന്നുള്ളൂ. അങ്ങനെ വെറുതേ ലേലം മാത്രം ചെയ്യുന്നവർക്കും ലേലത്തുകയുടെ 2%വരെ ലേലക്കാശായി മൽസ്യത്തൊഴിലാളി കൊടുക്കണം.

സംഘം ലേലക്കാരെക്കുറിച്ച്

സംഘത്തിൽ നിന്നു വായ്പ എടുത്തിട്ടുള്ള യാനങ്ങളിലെ മീനുകൾ ലേലം ചെയ്യേണ്ട ചുമതല സംഘം ചുമതലപ്പെടുത്തിയ ലേലക്കാർക്കാണ്. സ്വകാര്യ ലേലക്കാരുടെ എല്ലാ ചൂഷണ രീതികളും സംഘം ലേലക്കാരും കാണിക്കും. മത്സ്യ വ്യാപാരികളിൽ നിന്ന് കുഞ്ഞ് കാശ് കൈപ്പറ്റി അവർക്കനുകൂലമായ നിലപാടാണ് സംഘം ലേലക്കാരും എടുക്കാറ്. മാത്രമല്ല ലേലത്തുകയുടെ 5% തുക മത്സ്യത്തൊഴിലാളികളുടെ കൈയ്യിൽനിന്ന് അപ്പോൾ തന്നെ സംഘം ലേലക്കാർ കൈപ്പറ്റും. അതിൽ ഒന്നര ശതമാനം തുക ലേലക്കാശ് എന്ന നിലയിൽ ലേലക്കാരനും, മൂന്നര ശതമാനം തുക സംഘത്തിൽ അടയ്‌ക്കണം. മൂന്നരയിൽ ഒന്നര ശതമാനം സംഘത്തിനുള്ള കമ്മീഷനും, രണ്ട് ശതമാനം തുക വായ്പാ തിരിച്ചടവിൽ വരവ് വെയ്ക്കേണ്ടതുമാണ്. ഇവിടെയും സംഘം ലേലക്കാരൻ തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. മൽസ്യത്തൊഴിലാളിയില്‍ നിന്ന് ഈടാക്കുന്ന തുകയിലെ, സംഘത്തിൽ വായ്പക്കാരന്റെ പേരിൽ ഒടുക്കേണ്ട മൂന്നര ശതമാനം തുക, സംഘത്തിൽ അതാത് ദിവസം ഒടുക്കാതെ തിരിമറി നടത്തുകയോ അപഹരിക്കുകയോ ചെയ്യും. അതിന്റെ ഫലമായി സംഘത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടവില്ലാതെ കിട്ടാക്കടമായി മാറുകയും മത്സ്യത്തൊഴിലാളി കടക്കെണിയിൽ പെടുകയും ചെയ്യും.

സംഘം ജീവനക്കാർക്ക്,ഹാർബറിൽ പോയി നിജസ്ഥിതി ബോധ്യപ്പെടാന്‍ അവസരം ഇല്ലാത്തതിനാല്‍ ലേലക്കാരൻ നൽകുന്ന കണക്കിനെ ആശ്രയിക്കാനേ സംഘത്തിനു മാർഗ്ഗമുള്ളൂ. ചൂഷണത്തിൽ നിന്നു മൽസ്യത്തൊഴിലാളിയെ രക്ഷിക്കാൻ രൂപം കൊണ്ട സ്ഥാപനം മറ്റൊരു ചൂഷണ കേന്ദ്രമായി മാറുന്നു. ലേലം കഴിയുന്ന സമയത്ത് തന്നെ, സംഘം വക ഒരു താത്കാലിക രസീത് സംഘം ലേലക്കാരൻ മത്സ്യതൊഴിലാളിക്ക് നൽകും. എത്രരൂപയുടെ മീൻ ലേലം വിളിച്ചെന്നും എത്ര രൂപ കൈപ്പറ്റിയെന്നും അതിൽ രേഖപ്പെടുത്തും. ആ ദിവസമോ തൊട്ടടുത്ത ദിവസമോ ആ രസീതിന്റെ കോപ്പിയും സംഘത്തിൽ ലേലക്കാരൻ തൊഴിലാളിയുടെ പേരിൽ ഒടുക്കിയ തുകയും ഒത്തുനോക്കി സംഘം ജീവനക്കാർ കൃത്യത ഉറപ്പുവരുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

ഓർഡിനൻസിന്‍റെ പ്രാധാന്യം

മൽസ്യബന്ധന മേഖലയിലെ ഇടത്തട്ടുകാര്‍ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യഥാർത്ഥ മീൻപിടുത്തക്കാരന് മീനിന്റെ വിലയിൽ /ലേലത്തിൽ നിയന്ത്രണമില്ലാതെ പോകുന്നതെങ്ങനെയെന്ന് മുകളിൽ സൂചിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ വേണം 2020 സെപ്റ്റംബർ 23ന് കേരള ഗവർണ്ണർ ഒപ്പ് വെച്ച് സെപ്റ്റംബർ 24ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ച 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസിനെ കാണാൻ.

കോവിഡ് പശ്ചാത്തലത്തിൽ മൽസ്യബന്ധന ലാന്റിങ് സെന്ററുകൾ, ഹാർബറുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കി വിപണനത്തിനായി മത്സ്യ ലേലം വിളി ഒഴിവാക്കി ഒരു നിയന്ത്രണ സംവിധാനം സർക്കാർ കൊണ്ടുവന്നിരുന്നു. അതിന് നിയമപരമായ സംരക്ഷണവും, വ്യവസ്ഥാപിതപ്പെടുത്തലും, വിപണനം ചെയ്യുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കലുമാണ് ഓർഡിനൻസിന് പിന്നിലുള്ളതെന്ന് കരുതാം. മത്സ്യലേലം,ആർക്കും ചെയ്യാവുന്ന കാര്യമെന്നതിൽ നിന്ന് വ്യവസ്ഥപ്പെടുത്തിയ മാർഗ്ഗത്തിലൂടെ സർക്കാർ അനുമതി നേടിയ ആൾക്ക് മാത്രമേ ഇനി മുതൽ ലേലം നടത്താൻ അധികാരമുള്ളൂ എന്ന് ഓർഡിനൻസിൽ പറയുന്നു. മാത്രമല്ല, സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഫിഷ് ലാൻഡിങ് സെന്‍ററുകള്‍,ഹാർബറുകൾ, ഫിഷ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യവസ്ഥാപിത രീതിയിൽ മാത്രമേ മത്സ്യലേലവും വിപണനവും നടത്താവൂ എന്നും വ്യവസ്ഥയുണ്ട്.

ഒരു മൽസ്യബന്ധന യാനത്തിൽ ഒരാൾ പണം മുടക്കി എന്ന ഒറ്റക്കാരണത്താൽ ആ യാനത്തിലെ മീനിന്റെ മേൽ അധീശത്വം സ്ഥാപിക്കാനും, ലേലം ചെയ്യാനും ഇനിമുതൽ ലേലക്കാരൻ/കമ്മീഷന്‍കാരന് കഴിയില്ല. നിശ്ചിത ഫീസ് അടച്ച് വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ അനുമതി പത്രം ലഭിക്കുന്ന ഒരാൾക്ക് മാത്രമേ ഇനി മത്സ്യലേലം നടത്താനാകൂ. അതും അനുമതി ലഭിക്കുന്ന സ്ഥലത്തേക്ക് മാത്രം. അനുമതി പത്രത്തിനു അപേക്ഷിക്കുമ്പോൾ ഏത് പ്രദേശത്താണോ ലേലം നടത്തുന്നത് ആ പ്രദേശത്തെ ലാന്റിങ് സെന്റർ സൊസൈറ്റി/ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി/മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവയുടെ ശുപാർശയും നിർബന്ധമാക്കിയിട്ടുണ്ട്. ഏതൊരു പ്രദേശത്തേക്കാണോ ലേലത്തിന് അനുമതി പത്രം നേടുന്നത് അവിടെയല്ലാതെ മറ്റൊരു പ്രദേശത്തും ആ ലേലക്കാരന് ലേലം നടത്തുവാൻ അവകാശം ഉണ്ടായിരിക്കില്ല.

സർക്കാര്‍ നിർണ്ണയിച്ചതനുസരിച്ച് ലേലത്തുകയുടെ 5%ൽ കവിയാത്ത തുക ലേല കമ്മീഷനായി, ഈടാക്കി ലേലക്കാരൻ, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിങ് മാനേജ്‌മെന്റ് കമ്മിറ്റി /ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി, ഫിഷ് മാർക്കറ്റിങ് മാനേജ്‌മെന്റ് കമ്മിറ്റി, സർക്കാർ എന്നിവർക്ക് സർക്കാർ നിശ്ചയിക്കുന്ന പ്രകാരം വിഭജിക്കണം. ലേലക്കാരൻ ഉൾപ്പടെ ഒരാളും പണമായോ, മറ്റ് രീതിയിലോ, ഒരു തരത്തിലുള്ള മറ്റ് ആനുകൂല്യങ്ങളും മത്സ്യലേലവുമായി ബന്ധപ്പെട്ട് വസൂലാക്കരുതെന്ന് ഓർഡിനൻസ് വ്യവസ്ഥപ്പെടുത്തുന്നു. ഇത് പല തരത്തിലും പേരുകളിലും മൽസ്യത്തൊഴിലാളികൾ നൽകേണ്ടിവരുന്ന ഫീസുകളും പിരിവുകളും ഇല്ലാതാക്കും.

മത്സ്യത്തൊഴിലാളി സംഘത്തിൽ നിന്ന് മൽസ്യബന്ധന ഉപകരണങ്ങൾ വാങ്ങാന്‍ വായ്പയെടുത്തവര്‍ സംഘം നിയോഗിച്ചിട്ടുള്ള ലേലക്കാരൻ മുഖേനയല്ലാതെ മത്സ്യലേലത്തിൽ ഏർപ്പെടരുതെന്ന് ഓർഡിനൻസിൽ നിഷ്കർഷിക്കുന്നുണ്ട്. ഇതുമൂലം സംഘത്തിൽ നിന്ന് വായ്പയെടുത്ത യാനങ്ങളിലെ മത്സ്യ ലഭ്യത, കിട്ടിയ വില എന്നിവ മനസ്സിലാക്കാനും ആനുപാതികമായ തുക വായ്പാ തിരിച്ചടവായി നല്‍കിയിട്ടുണ്ടെന്ന് സംഘത്തിനും, മത്സ്യത്തൊഴിലാളിക്കും, ലേലക്കാരനും മനസ്സിലാക്കാൻ സാധിക്കുന്നു. ലേലക്കാരന്റെ അനുമതിപത്രം സംഘത്തിന്റെ ശുപാർശയിന്മേലാണെന്നതിനാൽ ലേലക്കാരന് സംഘത്തെയോ, മത്സ്യത്തൊഴിലാളിയെയോ എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയാതെ വരും. ലാന്റിങ് സെന്ററുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ ഫിഷ് ലാന്റിങ് മാനേജ്‌മെന്റ് സൊസൈറ്റികളും, ഹാർബറുകളിൽ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളും ഫിഷ് മാർക്കറ്റുകളിൽ ഫിഷ് മാർക്കറ്റ് മാനേജ്‌മെന്റ് സൊസൈറ്റികളും മത്സ്യ ലേലം, വില്പന, ഗുണനിലവാര പരിപാലനം, എന്നിവയ്ക്ക് നേതൃത്വം വഹിക്കും. ചുരുക്കത്തിൽ ഈ മൂന്ന് സൊസൈറ്റികളും വ്യവസ്ഥാപിതസ്ഥാപനങ്ങളായി മാറും.

ഇനം, വലിപ്പം എന്നിവ അടിസ്ഥാനമാക്കി പ്രത്യേക ഇനത്തിലോ, വലിപ്പത്തിലോ ഉള്ള മത്സ്യത്തിന്റെ മത്സ്യത്തിന്റെ ലേലം, വിപണനം എന്നിവയ്ക്കുള്ള നിയന്ത്രണമോ, നിരോധനമോ സർക്കാരിന് ഒരു വിജ്ഞാപനത്തിലൂടെ ഏർപ്പെടുത്താമെന്ന് ഓർഡിനൻസിൽ പറയുന്നു. ഇത് ചെറിയ മത്സ്യങ്ങൾ, സംരക്ഷിത ജീവികൾ, മൽസ്യങ്ങൾ, എന്നിവയെ പിടിക്കുന്നതിൽ നിന്നും, വിപണനം നടത്തുന്നതിൽ നിന്നും എല്ലാവരെയും തടയും. ഇത് മത്സ്യസമ്പത്തിന്റെ പരിപോഷണത്തെ സഹായിക്കുകയും, മൽസ്യസമ്പത്തിന്റെ അമിത ചൂഷണം തടയുന്നതിനു സഹായമാവുകയും ചെയ്യും. മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കാൻ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾക്ക് അനുമതി ലഭിക്കുന്നത് വഴി മീനിന് ഒരു അടിസ്ഥാന വില ലഭ്യമാകും.

ഐസ് പ്ലാന്റ്, പൂർവ സംസ്കരണ കേന്ദ്രം, സംസ്കരണ കേന്ദ്രം, എന്നിവയുടെ അനുമതി പത്രം നേടിയ ഉടമ അല്ലെങ്കിൽ കൈവശക്കാരൻ, ഫിഷ് ലാൻഡിംഗ് സെന്റർ, ഹാർബർ, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ ലേലം ചെയ്യാൻ അനുമതിപത്രം നേടിയ ലേലക്കാരൻ എന്നിവർ നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഒരു റിട്ടേണ്‍ സമർപ്പിക്കണം. ഇത് മൂലം ലേലക്കാർ, ഐസ് പ്ലാന്റ് ഉടമകൾ, സംസ്കരണ കേന്ദ്രം ഉടമകൾ ഓരോ വർഷവും ഈ മേഖലയിൽ നിന്ന് ആർജ്ജിക്കുന്ന സമ്പത്ത് എത്രയെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. അതിന്റെ നിശ്ചിത ശതമാനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് ലെവിയായി ഈടാക്കാനും സാധിക്കും.

നിയമത്തിലും ചട്ടത്തിലും പറയുന്ന കാര്യങ്ങള്‍ ലംഘിച്ചാലോ, അനുമതി പത്രം നേടുന്നതിന് വ്യവസ്ഥാപിതമല്ലാത്ത മാർഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാലോ, ലേലക്കാരൻ, ഐസ് പ്ലാന്റ്-സംസ്കരണ കേന്ദ്രം ഉടമ എന്നിവർക്കുള്ള അനുമതി പത്രം റദ്ദാക്കാൻ സർക്കാരിന് ഓർഡിനൻസ് അധികാരം നൽകുന്നു. അതിനാല്‍ ,ഇവരുടെ റിട്ടേണുകളും, പ്രവർത്തനങ്ങളും താരതമ്യേന സുതാര്യമാവാൻ സാധ്യതയുണ്ട്.

മത്സ്യത്തിന്റെ ഗുണനിലവാര പരിപാലനവും, മൽസ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരവും സാക്ഷ്യപ്പെടുത്തുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നതിനാല്‍, ഭക്ഷ്യയോഗ്യമായ മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാൻ ഈ ഓർഡിനൻസ് സഹായകമാകും എന്നാശിക്കാം.

ഏതൊരു നിയമവും ഫലപ്രദമാകുന്നത് അതിന്റെ ഗുണഭോക്താക്കൾക്ക് അവ എങ്ങനെ അനുഭവഭേദ്യമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
നിയമത്തിന്റെ ഗുണഭോക്താക്കൾ (സ്റ്റോക്ക് ഹോൾഡേഴ്സ്) ആ നിയമത്തെക്കുറിച്ചും, അതിന്റെ സാധ്യതകൾ, ന്യൂനതകൾ എന്നിവയും മനസ്സിലാക്കുകയും, അവയിലെ തങ്ങൾക്കു അനുകൂലമായമായ ഘടകങ്ങൾ നീതിപൂർവ്വമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെയും, ന്യൂനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വയം സംഘടിക്കുകയും, നിയമ നടത്തിപ്പിൽ ജാഗ്രത പുലർത്തുകയും ചെയ്യുമ്പോഴാണ് നിയമം നീതീകരിക്കപ്പെടുന്നത്. അല്ലെങ്കിൽ എല്ലാ നിയമങ്ങളും കടലാസില്‍ ഉറങ്ങുകയേയുള്ളൂ. ഈ ഓർഡിനൻസ് അങ്ങനെ ആകാതിരിക്കാൻ ഗുണഭോക്താക്കൾ ജാഗ്രത പുലർത്തണം.

Sakthikulangara harbour; Pic Credits: The Hindu
Sakthikulangara Harbour; Pic Credits: The Hindu

ഓർഡിനൻസിനെ പൊതുവായി വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. തീരദേശ ഗ്രാമങ്ങൾ/പഞ്ചായത്തുകൾ, ഫിഷ് മാർക്കറ്റിംഗ് സെന്ററുകൾ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് കുറെയേറെ സാധ്യതകൾ ഈ ഓർഡിനൻസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതോടൊപ്പം, ചില കാര്യങ്ങളിലെ സമഗ്രതയില്ലായ്മ, ചിലയിടങ്ങളിലെ അവ്യക്തത, സൊസൈറ്റികളിലെ അംഗങ്ങളുടെ പ്രാതിനിധ്യം, യൂസർ ഫീസ്, ആദ്യ കച്ചവടക്കാരെ വ്യവസ്ഥപ്പെടുത്താത്തത്, തുടങ്ങി വിമർശനപരമായി വിലയിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതുമായ പല കാര്യങ്ങളുമുണ്ട്.

ഓർഡിനൻസിന്‍റെ നേട്ടങ്ങൾ:

1. മീനിന്റെ ആദ്യവില്പന അവകാശം

കേരളത്തിലെ മൽസ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് മൽസ്യബന്ധന ഉപകരണങ്ങളുടെ ഉടമവസ്ഥാവകാശം യഥാർത്ഥ തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും, മത്സ്യം കരയ്ക്ക് അടുപ്പിച്ചു കഴിഞ്ഞാൽ ആദ്യ മത്സ്യവില്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി നിയമപരമായി ഉറപ്പാക്കണമെന്നും. ഇതിന് സ്കാന്റിനേവിയൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് നോർവ്വേ പോലുള്ള രാജ്യങ്ങളിൽ നടപ്പിലാക്കിയത് പോലെ സമഗ്രമായ ജലപരിഷ്കരണ (അക്വാ റിഫോംസ് )നിയമം നടപ്പിലാക്കണം. നമ്മുടെ കടൽത്തീരങ്ങളിൽ വിദേശ കുത്തക ട്രോളറുകൾക്ക് പോലും മത്സ്യബന്ധനത്തിന് യഥേഷ്ടം അവസരം നൽകുന്ന കേന്ദ്രസർക്കാരിൽ നിന്നും അതിന് അനുഗുണമായ സമീപനം ഉണ്ടാകുമെന്ന് കരുതാൻ വയ്യ. മറ്റൊന്ന്, വില്പനാവകാശം യഥാർത്ഥ മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നതിനുള്ള നിയമ നടപടികളാണ്. അതിലേക്ക് വളരെയേറെ അടുക്കുന്നതിനു പുതിയ ഓർഡിനൻസ് സഹായിക്കും.

നിയമപരമായ പിൻബലമുണ്ടെങ്കിൽ, പണം കടം കൊടുത്തിട്ടുണ്ടെങ്കിൽപോലും, ആദ്യ വില്പന മത്സ്യ സഹകരണ സംഘങ്ങളിലെ ലേലക്കാർ മുഖേന നടത്താൻ കഴിയും. മൽസ്യബന്ധന ഉരു ഇറക്കുന്നതിനു കമ്മീഷൻ വ്യവസ്ഥയിൽ പണം കൊടുത്തതിന്റെ പേരിൽ ഒരാൾക്ക് യഥേഷ്ടം ആ ഉരുവിലെ മീൻ ലേലം ചെയ്യാനുള്ള അവകാശം ഇനി മുതൽ ലഭിക്കില്ല. പണം മുടക്കിയവർക്കെല്ലാം, ഉരുക്കളെ തങ്ങൾ പറയുന്ന സ്ഥലത്ത് അടുപ്പിച്ചു സ്വന്തമായി ലേലം ചെയ്തു വിൽക്കാമായിരുന്ന അവസ്ഥ മാറും. പണം മുടക്കിയതല്ല ലേലം ചെയ്യാനുള്ള അവകാശം, മറിച്ചു സർക്കാർ നിയമപരമായി ചുമതലപ്പെടുത്തിയ, സംഘങ്ങളുടെയോ, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെയോ ശുപാർശ ഇല്ലാത്ത ഒരാൾക്കും മീൻലേലം ചെയ്യാൻ അവകാശം ഉണ്ടായിരിക്കുകയില്ല. ചുരുക്കത്തിൽ, ഇതുവരെ സർവ്വ സ്വതന്ത്രനായിരുന്ന ലേലക്കാരൻ ഇനിമുതൽ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ പൂർണ്ണമായ നിയന്ത്രണത്തിൽ ആയിരിക്കും.

2. കമ്മീഷൻകാശ് /ലേലക്കാശ് 5%ആയി പരിമിതപ്പെടുത്തി

യഥാർത്ഥ മൽസ്യത്തൊഴിലാളിയുടെ താല്പര്യം സംരക്ഷിക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യമെങ്കിൽ, ലേലക്കാരന് ഇനിമേൽ തൊഴിലാളിയെ ചൂഷണം ചെയ്യാൻ സാധിക്കില്ല. 5%ല്‍ കവിയാത്ത തുക മാത്രമേ മത്സ്യത്തൊഴിലാളികളുടെ കൈയ്യിൽ നിന്നും ലേലക്കാശ് /കമ്മീഷൻ കാശ് എന്നീ ഇനത്തിൽ ഈടാക്കാൻ കഴിയൂ. ഇപ്പോൾ 10% മുതൽ15% വരെ കമ്മീഷൻ കാശ് ഈടാക്കുന്നിടത്താണിതെന്ന് പ്രത്യേകം ഓർക്കണം. ലേലക്കാർ ഉൾപ്പടെ ഒരാളും പണമായോ, മറ്റ് രീതിയിലോ ഒരുതരത്തിലുമുള്ള മറ്റ് ആനുകൂല്യങ്ങൾ മത്സ്യലേലവുമായി ബന്ധപ്പെട്ട് വസൂലാക്കരുതെന്ന് ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

3. അനിയന്ത്രിത മത്സ്യബന്ധനത്തെ നിരുത്സാഹപ്പെടുത്തുന്നു 

ഇനം, വലിപ്പം എന്നിവ അടിസ്ഥാനമാക്കി മൽസ്യങ്ങളുടെ ലേലം, വിപണനം എന്നിവ നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ മൽസ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകുന്ന തരത്തിലുള്ള ചെറിയ ഇനം മൽസ്യങ്ങളെ പിടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ കഴിയും. ഇത് മൽസ്യസമ്പത്തിന്റെ പരിപോഷണത്തെ സഹായിക്കും.

4. മീനിന് അടിസ്ഥാന വില ലഭ്യമാകും

മത്സ്യത്തിന്റെ അടിസ്ഥാന വില കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെട്ട പ്രകാരം നിശ്ചയിക്കാൻ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ വ്യവസ്ഥപ്പെടുത്തിയതിനാൽ മീനുകൾക്ക് അടിസ്ഥാന വില (താങ്ങുവില) ലഭ്യമാകും. ആ അടിസ്ഥാന വിലയിൽ നിന്നും മുകളിലേക്കുള്ള വിലയ്ക്ക് മാത്രമേ ലേലം നടക്കുകയുള്ളൂ. ഹാർബറുകളിൽ /ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ ആധുനിക സജ്ജീകരണങ്ങളോടെ ഐസ് പ്ലാന്റുകൾ /ഫ്രീസിങ് പ്ലാന്റുകൾ എന്നിവ വരുന്നതിനാൽ, കച്ചവടക്കാർ നിശ്ചിത വിലയ്ക്ക് മീൻ എടുക്കാൻ തയ്യാറാകുന്നില്ലെങ്കിലും, മീനുകൾ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്നു. നിശ്ചിത വില കിട്ടുമ്പോൾ മാത്രം മീൻ വിൽക്കാൻ കഴിയും. ഇത് ഫിഷ് ലാൻഡിംഗ് /ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ കർത്തവ്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. ഹാർബറുകളിൽ /ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ മീൻ വിറ്റ അടിസ്ഥാന വില ഉപഭോക്താവിന് അറിയാൻ കഴിയുന്നതിനാല്‍, ന്യായമായ വിലയ്ക്ക് പ്രാദേശിക മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങാൻ കഴിയുന്നു.

5. പ്രാദേശിക സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തും

ഫിഷ് ലാൻഡിംഗ് /ഹാർബർ /മാർക്കറ്റ് മാനേജ്‌മെന്റ് സൊസൈറ്റികൾ കാര്യക്ഷമായി പ്രവർത്തിച്ചാൽ, അതാത് സ്ഥലങ്ങളിലെ പ്രാദേശിക സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്താൻ കഴിയുന്ന ധാരാളം സാധ്യതകൾ ഈ നിയമം തുറന്ന് തരുന്നുണ്ട്. നമ്മുടെ മത്സ്യ ലാന്റിങ് സെന്ററുകൾ/ഹാർബറുകൾ /മാർക്കറ്റുകൾ എന്നിവ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും. കിട്ടുന്ന മീനുകൾ അതുപോലെ വിൽക്കുന്നതല്ലാതെ, അവ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ആക്കുകയോ, സംസ്കരിച്ചോ വിപണനം നടത്തുന്നില്ല. അതിനുള്ള സംവിധാനങ്ങൾ ചെയ്യാൻ ഏജൻസികളോ പ്രാദേശിക സർക്കാറുകളോ തയ്യാറാകാത്തതാണ് ഇത്തരം സംരംഭങ്ങൾ ഉണ്ടാവാത്തതിനും, പ്രാദേശിക അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, പ്രാദേശിക സാമ്പത്തിക വികസനം സാധിതമാകാത്തതിനും കാരണം. എന്നാൽ ഈ ഓർഡിനൻസിൽ വിഭാവന ചെയ്തിരിക്കുന്ന ഫിഷ് ലാൻഡിംഗ് സെന്റർ/ഹാർബർ /മാർക്കറ്റ് മാനേജിങ് സൊസൈറ്റികളും, മൽസ്യക്ഷേമ സംഘങ്ങളും, പ്രാദേശിക സർക്കാറുകളും ഫലപ്രദമായും ദീർഘവീക്ഷണത്തോടും കൂടി പ്രവർത്തിച്ചാൽ, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു പ്രാദേശിക സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കും.

മേൽ സൂചിപ്പിച്ച സമിതികളിൽ പ്രാദേശിക സർക്കാറുകളുടെ അധ്യക്ഷൻമാരും, വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളാണ്. തങ്ങളുടെ പ്രദേശത്തു എത്രമാത്രം മത്സ്യം ഉദ്പാദിപ്പിക്കുന്നു, അതിൽ എത്ര അളവിൽ പ്രാദേശിക മാർക്കറ്റുകളിൽ വിപണത്തിന് എത്തുന്നു എന്നെല്ലാം അവര്‍ക്ക്
മനസ്സിലാക്കാന്‍ കഴിയും. ഇവ സംസ്കരിച്ചോ, മൂല്യവർദ്ധനം നടത്തിയോ വിപണനം നടത്താനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കി, അതിനനുസരിച്ചുള്ള പ്രോജക്ടുകൾ തയ്യാറാക്കി, അവ തങ്ങളുടെ വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കി ചെറുകിട തൊഴിൽ സംരംഭങ്ങൾ വളർത്തികൊണ്ടുവരാനും പ്രാദേശിക സാമ്പത്തികവികസനം ത്വരിതപ്പെടുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും, പ്രോജക്റ്റുകളുടെ ചുമതലയുള്ള വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരുടെയും സാന്നിധ്യം സഹായിക്കും.

എന്നാല്‍ ഈ ഓര്‍ഡിനന്‍സിന് ചില കോട്ടങ്ങളുമുണ്ട്.

1. ഹാർബർ മാനേജിങ് സൊസൈറ്റി അദ്ധ്യക്ഷന്‍ കളക്ടര്‍

ഹാർബർ മാനേജിങ് സൊസൈറ്റിയുടെ അധ്യക്ഷൻമാരായി ജില്ലാ കളക്ടർമാരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ശരിയല്ല. ഒരേ ജില്ലയിൽ തന്നെ ഒന്നിലധികം ഹാർബറുകൾ ഉള്ളതിനാലും, ഇവിടെ വില്പനയ്ക്ക് എത്തുന്ന ഉരുക്കൾ വ്യത്യസ്ത ഗണത്തിൽ പെട്ടതിനാലും, എല്ലാ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെയും പ്രവർത്തനങ്ങൾ ഒരുപോലെ ആകണമെന്നില്ല. ഒരു ജില്ലാ കളക്ടർ തന്നെ വിവിധ ഹാർബർമാനേജ്‌മെന്റ് സൊസൈറ്റി ചെയർമാൻ എന്ന നിലയിൽ എടുക്കുന്ന തീരുമാനം എല്ലായ്പ്പോഴും നീതിപൂർവ്വം ആയിരിക്കണമെന്നില്ല. ആയതിനാൽ, ഈ സൊസൈറ്റികളുടെ ചെയർമാൻ അതാത് പ്രദേശത്തെ എംഎൽഎയോ പ്രാദേശിക സർക്കാർ ഭരണസമിതി അദ്ധ്യക്ഷന്മാരോ ആകേണ്ടതുണ്ട്. കളക്ടർമാർക്ക് ഇപ്പോൾ തന്നെ എടുപ്പത് ജോലികൾ ഉള്ളതിനാൽ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടാൻ കഴിഞ്ഞെന്ന് വരില്ല.

2. തൊഴിലാളികളുടെ പ്രാതിനിധ്യക്കുറവ്

സൊസൈറ്റികളിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യമാണ് ഓർഡിനൻസിൽ വിഭാവനം ചെയ്തിരിക്കുന്നത്. ട്രേഡ് യൂണിയൻ പ്രതിനിധികൾ പലരും യഥാർത്ഥ തൊഴിലാളികളല്ലാത്തതിനാല്‍ സൊസൈറ്റികൾ മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് പറയാനാകില്ല. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങളെ /ബോട്ടുകളെ പ്രതിനിധീകരിക്കുന്ന കടലിൽ പോയി മീൻ പിടിക്കുന്ന യഥാർത്ഥ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷ പ്രാതിനിധ്യമുള്ള രീതിയിൽ വേണം സൊസൈറ്റികൾ വിഭാവനം ചെയ്യാൻ. ഫിഷ് ലാൻഡിംഗ് /ഹാർബർ മാനേജ്‌മെന്റ് /ഫിഷ്മാർക്കറ്റ് മാനേജിങ് സൊസൈറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും, മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ള ഒരു ഉപദേശക സമിതി ഉണ്ടാവുന്നത് നന്നായിരിക്കും.

3. യൂസർ ഫീസ് ഭാരമാകും

ഹാർബറുകളിൽ യൂസർ ഫീസ് ഈടാക്കും എന്ന് പറയുന്നുണ്ട്. ഇത് ആരിൽ നിന്ന് എന്തിനുവേണ്ടി ഈടാക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പക്കൽനിന്ന് യൂസർ ഫീ ഈടാക്കുന്നത് അവര്‍ക്ക് ഭാരമായി മാറും.

ഓർഡിനൻസ് ഫലപ്രദമാകണമെങ്കിൽ ചില അവ്യക്തതകൾ പരിഹരിക്കുന്ന ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതുണ്ട്.നിയമംകടലാസിൽ ഉറങ്ങാതിരിക്കണമെങ്കിൽ അതിന്റെ ഗുണഭോക്താക്കൾ, അതിനെക്കുറിച്ചു ബോധവാന്മാരായിരിക്കുകയും, അവ തങ്ങളുടെ നന്മയ്ക്കായി നടപ്പിലാക്കുന്നതിന് ജാഗ്രത പുലർത്തുകയും വേണം.കേരളത്തിലെ മൽസ്യത്തൊഴിലാളികൾ ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുമെന്ന് ആശിക്കാം.

ആര്‍ ദേവദാസ്

ലേഖകന്‍
ആര്‍ ദേവദാസ്