നഴ്സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനും കോളേജ് അധികൃതരുടെ ക്രൂരമർദ്ദനം. ബംഗളുരുവിലെ ബഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് മെഡിക്കൽസ് എന്ന പ്രമുഖ സ്ഥാപനത്തിലാണ് സംഭവം. 2016ൽ ബിഎസ്ഇ നഴ്‌സിംഗ് കോഴ്സ് പൂർത്തിയാക്കിയ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ പറഞ്ഞ് കോളേജ് അധികൃതർ നൽകാതിരിക്കുകയും ഒടുവിൽ കുടുംബം നേരിട്ട് ചെന്ന് ചോദിച്ചപ്പോൾ കുടുംബത്തെ ഒന്നടങ്കം ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയും ആയിരുനെന്നാണ് പരാതി.
സംഭവം പെൺകുട്ടിയുടെ സഹോദരനായ അബേ ജോസഫ് എൽ ഡോറാഡോയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തെത്തിക്കുന്നത്. 2016 ൽ കോഴ്സ് പൂർത്തിയായെങ്കിലും അവസാന സെമസ്റ്ററിൽ ഒരു വിഷയത്തിൽ ഫെയിൽ ആയതിനാൽ അത് 2017ൽ എഴുതുകയും എന്നാൽ സർട്ടിഫിക്കറ്റ് കോളേജ് അധികൃതർ നൽകാതിരിക്കുകയും ആയിരുന്നുവെന്ന് അബേ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 2017ൽ സപ്പ്ളിമെന്ററി എക്സാം എഴുതിയെങ്കിലും സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു പരീക്ഷ കൂടി എഴുതണമെന്ന് ബെതേൽ ഇന്സ്ടിട്യൂട്ടിന്റെ ചെയർമാൻ പാസ്റ്റർ സണ്ണി ഡാനിയൽ ആവശ്യപ്പെട്ടുവെന്ന് കുറിപ്പിൽ പറയുന്നു.
സർട്ടിഫിക്കറ്റിനായി ആ പരീക്ഷ കൂടി എഴുതാമെന്ന് കരുതിയ പെൺകുട്ടി കുടുംബവുമൊത്ത് പരീക്ഷ ഫേസ് അടയ്ക്കാൻ ബംഗളുരുവിലെ കോളേജിലെത്തിയപ്പോൾ മൂന്ന് പരീക്ഷകൾ കൂടി എഴുതണമെന്ന് ചെയർമാൻ ഡോ. സണ്ണി ഡാനിയൽ ആവശ്യപ്പെട്ടുവെന്ന് അബേ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ, ഇത് കഴിഞ്ഞ നാല് വർഷത്തിൽ പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് പെൺകുട്ടി ചോദ്യം ചെയ്തു. പെൺകുട്ടി ചെയർമാനെ ചോദ്യം ചെയ്യുന്നത് സഹോദരൻ അബേ ജോസഫ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെയാണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.
പ്രായം ചെന്ന അച്ഛനെയും, ഹൃദ്രോഗിയായ അമ്മയെയും അടക്കം കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദ്ദിച്ചുവെന്ന് അബേ ജോസഫ് പറയുന്നു. ആക്രമണം നേരിട്ട് പരിക്കുകളോട് കാറിൽ നാട്ടിലേക്ക് മടങ്ങുമ്പോഴും കുടുംബം ഫേസ്ബുക്ക് ലൈവിൽ ഈ കാര്യങ്ങൾ വ്യക്തമാക്കി രംഗത്തുവന്നിരുന്നു. കോളേജിലെ നടന്ന മർദ്ദനത്തിന്റെ വീഡിയോകൾ ഇവരേം ഉപദ്രവിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് കോളേജ് വിടാൻ അനുവദിച്ചതെന്നും അബേ ജോസഫ് പറയുന്നു.
അഫിലിയേഷൻ ഇല്ലാത്ത കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കുക… പ്രതികരിക്കാതേ ഇരിക്കാൻ കുട്ടികളെ മാനസികമായും ശരീരികമായും ഉപദ്രവിക്കുക ഭീഷണി പെടുത്തുക തുടങ്ങിയ അനേകം പ്രവർത്തികളെ കുറിച്ച് തങ്ങളുടെ അടുത്ത് പലരും പങ്ക് വെച്ചതായും അബേ പറയുന്നു.
“ഒരു പോസ്റ്റിൽ ഒന്നും ഒതുങ്ങില്ല കേട്ട അനുഭവങ്ങൾ
കേസ് കൊടുത്തിട്ടോ ഒന്നും ഒരു കാര്യവും ഇല്ല അവിടുത്തെ നിയമം വരെ വിലയ്ക്കെടുത്ത മാഫിയ ആണ് അവർ,” അബേ ജോസഫ് കുറിച്ചു.
അബേ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒരു കുടുംബത്തെ മുഴുവൻ കൂട്ടമായി ആക്രമിക്കുന്നത് തമിഴ് തെലുങ്ക് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ…. ഈ കഴിഞ്ഞ തിങ്കളാഴ്ച്ച അതായത് 2020 നവമ്പർ 16 നു ഞാനും എന്റെ കുടുംബവും നേരിട്ട് അറിഞ്ഞു അത്
സ്വന്തം ജീവൻ പോയാലും കുടുംബത്തിലെ ബാക്കി ഉള്ളവരുടെ ജീവൻ രക്ഷിക്കണം എന്ന് ഒരു കുടുംബത്തിലെ 5 പേരും തീരുമാനിച്ച നിമിഷങ്ങൾ…..
ജീവനോടെ ഇവിടെ വരുമെന്നും ഈ കുറിപ്പെഴുതും എന്നും ഒരുറപ്പും ഇല്ലായിരുന്നു…..
ബാംഗ്ളൂർ മുതൽ കേരളം വരെ പരിക്ക് പറ്റിയ കുടുംബവും ആയി യാത്ര ചെയ്യുമ്പോ വഴിയിൽ അപകടം ഉണ്ടെന്ന് മനസ് പറഞ്ഞു പേടിപ്പിക്കുണ്ടായിരുന്നു
ചുറ്റും ഉള്ളവരുടെ നോട്ടം പോലും ഞങ്ങളെ ഭയപ്പെടുത്തി…..
2016 ഇൽ ബാംഗ്ളൂർ ലെഗെരി യിൽ ഉള്ള ബതേൽ മെഡിക്കൽ മിഷൻ എന്ന നേഴ്സിങ് കോളേജിലാണ് എന്റെ അനിയത്തി നഴ്സിംഗ് പഠിച്ചത് കാലം ഇത്രയും ആയിട്ട് ഓരോരോ കാരണങ്ങൾ പറഞ്ഞിട്ട് കോളേജ് ചെയർ മാൻ പാസ്റ്റർ സണ്ണി ദാനിയേൽ എന്നാ ബേതേൽ സണ്ണി വൈകിപ്പിക്കുകയായിരുന്നു
ഫൈനൽ എക്‌സാമിന് ഒരു വിഷയത്തിൽ ഫെയിൽ ആയതിനെ തുടർന്ന് 2017 അത് സപ്ലി എഴുതിയിരുന്നു…
വീണ്ടും സെര്ടിഫിക്കറ്റ് താമസിപ്പിച്ചു ഒടുവിൽ ഒരു എക്സാം കൂടെ എഴുതണം എന്ന് ബെതേൽ ഇന്സ്ടിട്യൂട്ടിന്റെ ചെയ്യർമാൻ പാസ്റ്റർ സണ്ണി ആവശ്യപ്പെട്ടതിനെ തുടർന്നു എക്സാം ഫീസ് അടയ്ക്കാനാണ് കുടുംബമായി ഞങ്ങൾ കോളേജിലേക്ക് പോയത് അവിടെ എത്തി എക്സാം ഫീസ് അടച്ചു കഴിഞ്ഞപ്പ വീണ്ടും 3 എക്സാം എഴുതണമെന്നും എന്നാലും സെര്ടിഫിക്കേറ്റിന്റെ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പും ഇല്ലന്നും പാസ്റ്റർ സണ്ണി പറഞ്ഞു … എന്ത് കൊണ്ട് ഇത് കഴിഞ്ഞ 4 വർഷമായി പറഞ്ഞില്ല എന്ന് എന്റെ അനിയത്തി ചോദിച്ചു…
(സത്യത്തിൽ സെര്ടിഫിക്കറ്റ് വിഷയത്തിൽ ഒരുപാട് തട്ടിപ്പ് കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ട് അതെ കുറിച്ച് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കാം )
പഠനം കഴിഞ്ഞു 4 വർഷായിട്ടും ഉപരിപഠനത്തിന് പോകാനോ ജോലിക്ക് പോകാനോ കഴിയാത്ത എന്റെ അനിയത്തിക്ക് അതൊരു ഷോക്ക് ആയി അവിടെ കിടന്നു ഉറക്കെ കരഞ്ഞു അയാളെ ചോദ്യം ചെയ്തു
ഇത് കണ്ട് ലൈവ് ഇട്ട എന്റെ ഫോൺ പാസ്റ്റർ ബതേൽ സണ്ണി എന്റെ കയ്യിൽ നിന്ന് തട്ടി പറച്ചു വലിച്ചെറിഞ്ഞു…
(എന്റെ ആദ്യത്തെ ലൈവിൽ അതുണ്ട് )
വീണ്ടും ഞാൻ ലൈവ് ഇട്ട നേരം ബതേൽ സണ്ണിയുടെ ഗുണ്ടകൾ ആ ലൈവിൽ കാണുന്നത് പോലെ മാരകമായി എന്നെ ഉപദ്രവിക്കുകയും ആളുകൾ ചേർന്ന് എന്നെ പിടിച്ചു വെച്ചു തലയ്ക്കു അടിക്കുകയും എൻറെ കയ്യിൽ ചവിട്ടി പിടിച്ചു എന്റെ ഫോൺ തെളിവ് നശിപ്പിക്കാൻ വലിച്ചെറിഞ്ഞു തകർക്കുകയും ആണ് ഉണ്ടായത്
അത് തടയാൻ വന്ന എന്റെ അനിയത്തിയെയും പ്രായം ചെന്ന എന്റെ പപ്പയെയും അവർ അടിച്ച് നിലത്തു വീഴ്ത്തി പപ്പയെ ആളുകൾ ചേർന്ന് നിലത്തിട്ട് വയറിനും നെഞ്ചിനും ചവിട്ടി എന്റെ അനിയത്തിയുടെ മുടിക്ക് പിടിച്ചു വലിച്ചിഴച്ചു കാർഡിയാക് പേഷ്യന്റ് ആയ എന്റെ മമ്മിയെ പോലും വെറുതെ വിട്ടില്ല മമ്മിയുടെയും മുടികുത്തിനു പിടിച്ചു അവർ അടിച്ചു ….
ഈ രംഗങ്ങൾ എൻറെ ഫോൺ തകർന്നത് കൊണ്ട് ഷൂട്ട് ചെയ്യാൻ ശ്രമിച്ച എന്റെ ഭാര്യയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻ അവർ ശ്രമിച്ചു ഫോൺ കൈ വിട്ടു കൊടുക്കാതിരിക്കാൻ അതുമായി നിലത്തു ചുരുണ്ട് ഇരുന്ന അവളെ നിവർത്താൻ വേണ്ടി രണ്ടു പേര് അവളെ മുടിയിൽ വലിച്ചു പിടിച്ചു നിവർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു….
സ്വന്തം കുടുംബം മറ്റുള്ളവരാൾ ആക്രമിക്ക പെടുന്നത് കണ്ട് നിക്കുന്ന ഒരുവന്റെ അവസ്ഥ വാക്കുകളിൽ പ്രകടിപ്പിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…
ഒടുവിൽ ഞങ്ങളെ ആ ഹാളിന്റെ മൂലയ്ക്ക് അവർ ഇരുത്തി
ഞങ്ങളെ ആക്രമിക്കുന്ന നേരത്ത് മുൻ വശത്തെ ഗെയ്റ്റും കോളേജിന്റെ റിസ്‌പെഷന്റെ വാതിലും അവർ അടച്ചു പൂട്ടിയിട്ടുണ്ടായിരുന്നു….
മമ്മിയുടെ ഫോണിൽ അതിനു ശേഷം എടുത്തൊരു വീഡിയോ മമ്മിയുടെ കഴുത്തിനു കുത്തി പിടിച്ചു അവർ ഡിലീറ്റ് ചെയ്യിപ്പിച്ചു
ഇനി ആരെങ്കിലും ഫോൺ എടുത്താൽ ജീവനോടെ ആരും പുറത്ത് പോവില്ലന്നും എല്ലാ ഫോണും തകർത്തു കളയും തെളിവ് പോലും ഇല്ലാതെ ഇതിനുള്ളിൽ തന്നെ എല്ലാത്തിനെയും കൊന്ന് കുഴിച്ചു മൂടുമെന്നും പാസ്റ്റർ സണ്ണി ഞങ്ങളോട് പറഞ്ഞു… ഒടുവിൽ കുറെ സമയത്തിന് ശേഷം റിസേപ്‌ഷൻ സ്റ്റാർട്ട് ചെയ്തപ്പോ അനിയത്തിക്ക് അവിടുത്തെ വഴികൾ അറിയാവുന്നത് കൊണ്ട് സൈഡിലൂടെ ഉള്ള വഴിയിലൂടെ ഞങ്ങൾ പുറത്ത് പോരുകയാണ് ഉണ്ടായത്… ഞങ്ങൾ പേടിച്ചു ഒതുങ്ങി ഇനി ഞങ്ങളുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നും അവർ കരുതി കാണണം…. പുറത്തിറങ്ങി കാർ എടുത്തു സുരക്ഷിതമെന്നു തോന്നിയ ഒരു സ്ഥലത്ത് വെച്ചാണ് സുഭിക്ഷയുടെ ഫോണിൽ ഈ കാര്യങ്ങൾ വിശദീകരിച്ചു ഞങ്ങൾ ആദ്യത്തെ ലൈവ് ഇടുന്നത്…
പക്ഷെ അപ്പഴേക്കും ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങും മുൻപേ ഉള്ള ലൈവ് സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ കണ്ടിരുന്നു… ആ വിഡിയോ അപ്ലോഡ് ആയത് അവിടെ വെച്ചെങ്ങാനും അവർ അറിഞ്ഞിരിന്നു എങ്കിൽ ഇന്ന് ഇതെഴുതാനോ പുറത്തറിയിക്കാനോ ഞങ്ങളിൽ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ല….
പുറത്ത് എത്തിയിട്ടും ഞങ്ങൾക്ക് ഞങ്ങളുടെ ജീവനിൽ ഭയം ഉണ്ടായിരുന്നു എത്രയും പെട്ടന്ന് കുടുംബത്തെയും കൊണ്ട് കർണാടക അതിർത്തി കടക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം….
കാറിൽ വരുമ്പോ എല്ലാവരും അവരുടെ ശരീരത്തിനും മനസിനും ഉണ്ടായ മുറിവുകളെ കുറിച്ച് പറയുന്നുണ്ടായിരുന്നു…. കരയുന്നുണ്ടായിരുന്നു… എനിക്കും ശരീരത്തിന് മനസിനും വേദന ഉണ്ടായിരുന്നു എങ്കിലും ആർക്ക് മുന്നിലും കാണിച്ചില്ല അവരുടെ ആശ്രയം ഞാനായിരുന്നു തളർച്ച കാണിക്കാൻ പാടില്ലലോ…
ആ ലൈവ് ആളുകളിൽ എത്തിയതോടെ ഒരു പാട് കുട്ടികളും രക്ഷിതാക്കളും ഞങ്ങളെ കോൺടാക്ട് ചെയ്തു സമാന അനുഭവങ്ങൾ പങ്കു വെച്ചു…
ഇതൊരു മാഫിയ ആണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല കേസ് കൊടുത്ത ഒരു കുട്ടിയുടെ അനുഭവത്തിൽ വീട്ടില് വന്ന് തോക്ക് ചൂണ്ടി ഭീഷണി പെടുത്തിയ അനുഭവം പോലും ഞങ്ങളോട് പറഞ്ഞു…
അഫിലിയേഷൻ ഇല്ലാത്ത കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കുക… പ്രതികരിക്കാതേ ഇരിക്കാൻ കുട്ടികളെ മാനസികമായും ശരീരികമായും ഉപദ്രവിക്കുക ഭീഷണി പെടുത്തുക തുടങ്ങിയ അനേകം പ്രവർത്തികle കുറിച്ച് ഞങ്ങളുടെ എടുത്ത് പലരും പങ്ക് വെച്ചു…
ഒരു പോസ്റ്റിൽ ഒന്നും ഒതുങ്ങില്ല കേട്ട അനുഭവങ്ങൾ
കേസ് കൊടുത്തിട്ടോ ഒന്നും ഒരു കാര്യവും ഇല്ല അവിടുത്തെ നിയമം വരെ വിലയ്ക്കെടുത്ത മാഫിയ ആണ് അവർ…
ഇപ്പൊ എൻറെ ലക്ഷ്യം ഞങ്ങളുടെ കുടുംബത്തിന് സംഭവിച്ച കാര്യങ്ങൾ മാത്രമല്ലാ ഇത് പോലെ ഇനി ഒരു രക്ഷിതാക്കൾക്കും ഈ അനുഭവം ഉണ്ടാവരുത് എന്നതാണ്
കാശ് കൊടുത്ത് മക്കളെ ബതേൽ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള അറവ് ശാലകളിൽ ആരും വിടരുത്….
കൂടെ നിൽക്കാൻ ആരൊക്കെ ഉണ്ടാവും എന്ന് അറിയില്ല എതിർക്കാൻ പോകുന്നത് വലിയൊരു മാഫിയയോട് ആണന്നും അറിയാം എന്നാലും ഞാൻ ഈ വിഷയത്തിൽ രക്ത സാക്ഷിയായലും വേണ്ടില്ല ഇത്രയും പാവങ്ങളെ ചതിച്ച ആ സ്ഥാപനത്തിന്റെയും അതിന്റെ ചെയർമാൻ പാസ്റ്റർ സണ്ണി എന്ന ക്രിമിനലിന്റെയും അവസാനം കണ്ടിട്ടേ നിർത്തൂ എന്ന് തീരുമാനിച്ചു ഇറങ്ങുകയാണ്…
ഇതിനു മുന്നേ ഇറങ്ങിയ എല്ലാവരേയും പാസ്റ്റർ സണ്ണി നശിപ്പിച്ചിട്ടുണ്ട്…
മുന്നോട്ട് എന്താണ് എന്ന് അറിയില്ല…
എല്ലാവരുടെയും സഹായം ആവശ്യമുണ്ട്….
കാരണം നമുക്കൊക്കേ ഭാവനയിൽ പോലും കാണാൻ കഴിയാത്തതിന് അപ്പുറമാണ് അവിടെ ആ കോളേജിൽ നടക്കുന്ന ക്രൂര കൃത്യങ്ങൾ
ബെതേൽ മെഡിക്കൽ മിഷൻ എന്ന സ്ഥാപനവും പാസ്റ്റർ സണ്ണി ഡാനിയെലും ഇനി പാവങ്ങളെ കണ്ണീരു കുടിപ്പിക്കരുത് ഞാനും എന്റെ കുടുംബവും ആവട്ടെ അവസാനത്തെ ഇരകൾ….
ജീവനിൽ പേടിയുണ്ട് ഏത് നിമിഷവും അവരുടെ ഗുണ്ടകളാൽ ആക്രമിക്ക പെടാനോ കള്ള കേസിൽ കുടുക്കി അകത്താക്കാനോ സാധ്യത ഉണ്ട്….
എന്നാലും ജീവനുള്ള വരെ പോരാടും
നിങ്ങളാൽ കഴിയുമെങ്കിൽ ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം ഇനി ആരും തങ്ങളുടെ കുട്ടികളെ ആ സ്ഥാപനത്തിൽ കൊണ്ട് ചേർത്ത് ഞങ്ങൾക്ക് ഉണ്ടായ അനുഭവം ആർക്കും ഇല്ലാതെ ഇരിക്കാൻ വേണ്ടിയും ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കണം…