കോഴിക്കോട്:
കോഴിക്കോട് മുക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സാറാ കൂടാരത്തിന്‍റെ പേരിലാണ് വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമുള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് സാറ കൂടാരം. പോസ്റ്ററുകള്‍ ഡിവൈഎഫ്ഐയുടെ പേരിലുള്ള ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യപ്പെട്ടതായി പരാതിയിലുണ്ട്. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു.
യുഡിഎഫ് പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാറ കൂടാരം മുക്കം നഗരസഭയില്‍ ജനവിധി തേടുന്നത്. വോട്ടഭ്യര്‍ഥിക്കാനായി വാര്‍ഡ് കമ്മിറ്റി തയാറാക്കിയ പോസ്റ്ററില്‍ ആണ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന വാചകം എഴുതി ചേര്‍ത്തിരിക്കുന്നത്. ലീഗ് നേതാക്കളായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലികുട്ടി അടക്കമുള്ളവരുടെ ചിത്രങ്ങളും എഡിറ്റ് ചേര്‍ത്ത് പോസ്റ്ററിനൊപ്പം ചേര്‍ത്തിട്ടുണ്ട്.