തൊടുപുഴ:
തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. കേസിൽ ആകെ 51 പ്രതികളാണുള്ളത്.
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സജിൽ. ഇയാളെ കൂടാതെ എം.കെ.നാസർ, ഷെഫീഖ്, സുബൈർ.ടി.പി, അസീസ് ഓടക്കാലി, നജീബ്, മുഹമ്മദ് റാഫി, എം.കെ.നൗഷാദ്, മൻസൂർ, പി.പി.മൊയ്തീൻകുഞ്ഞ്, പി.എം.അയ്യൂബ് എന്നിവർക്കെതിരെയും കുറ്റപത്രം വായിച്ചു കേൾപ്പിക്കും. സമീപ കാലത്താണ് 11 കുറ്റവാളികളും പിടിയിലായത്. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ കുറച്ചുപേർ കീഴടങ്ങി. യുഎപിഎ പ്രകാരമുള്ള വകുപ്പുകളാണ് മുഴുവൻ പ്രതികൾക്കെതിരെയും ചുമത്തിയിട്ടുള്ളത്.
കേസിലെ 51 പ്രതികളിൽ 45 പേർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 31 പേർ വിചാരണ നേരിടുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തു. കേസിലാകെ 306 സാക്ഷികളും, 963 രേഖകളും, ശക്തമായ തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. 2010 ജൂലൈ 4നാണ് മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളജിലെ അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുന്നത്.