Sun. Dec 22nd, 2024
Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു. എന്നാല്‍, കേരളത്തിലെ കൊവിഡ്‌ മരണങ്ങളുടെ കണക്ക്‌ സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ കൃത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ബിബിസി സംശയം പ്രകടിപ്പിക്കുന്നു.

പല കൊവിഡ്‌ മരണങ്ങളും രേഖപ്പെടുത്താതെ പോയെന്നാണ്‌ ഡോക്‌റ്റര്‍മാരടങ്ങിയ ചില സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബിബിസി പറയുന്നത്‌. ഇത്‌ സര്‍ക്കാരിന്‌ വലിയ തിരിച്ചടിയാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ഡോക്‌റ്റര്‍ അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തില്‍ ഒരു പറ്റം ആരോഗ്യപ്രവര്‍ത്തകര്‍ ഏഴു പ്രാദേശിക പത്രങ്ങളുടെ വിവിധ എഡിഷനുകള്‍ പരിശോധിച്ച്‌ നടത്തിയ പഠനങ്ങളില്‍ വ്യാഴാഴ്‌ച വരെ 3,356 കൊവിഡ്‌ മരണങ്ങള്‍ കണക്കു കൂട്ടിയിട്ടുണ്ട്‌. എന്നാല്‍ വെള്ളിയാഴ്‌ച വരെ സംസ്ഥാനത്തു കൊവിഡ്‌ മൂലം മരിച്ചത്‌ 1997 പേര്‍ മാത്രമാണെന്ന്‌ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. പ്രാദേശിക പത്രങ്ങളുടെ ജില്ലാ എഡിഷനുകളും അഞ്ചോളം പ്രാദേശിക ചാനലുകളും പരിശോധിച്ച ശേഷമുള്ള ഈ താരതമ്യത്തില്‍ വലിയ അന്തരമുണ്ടെന്ന്‌ സന്നദ്ധപ്രവര്‍ത്തകര്‍ വാദിക്കുന്നു.

ഓരോ മരണത്തെയും കുറിച്ച്‌ കുറിപ്പുകള്‍ എടുത്ത്‌ വിശദാശംങ്ങള്‍ രേഖപ്പെടുത്തി അവര്‍ സമര്‍പ്പിച്ച കണക്ക്‌ ഇന്ത്യയിലെ അകാലമരണനിരക്കിനെക്കുറിച്ച്‌ പഠനം നടത്തിയ ടൊറന്റൊ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ പ്രഭാത്‌ ഝായുടെ അംഗീകാരത്തോടെയാണ്‌ ബിബിസി പ്രസിദ്ധീകരിച്ചത്‌.

സാന്ദര്‍ഭികമായ സാഹചര്യങ്ങളും ഇതുമായി ഒത്തുവരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലെ നിഗമനം. ജനുവരിയില്‍ രാജ്യത്തെ ആദ്യ കൊവിഡ്‌ കേസും മാര്‍ച്ചില്‍ ആദ്യ മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കേരളത്തിലായിരുന്നു. ഇന്ത്യയില്‍ കൊറോണ വൈറസ്‌ കേസുകള്‍ 90 ലക്ഷം കഴിഞ്ഞിട്ടുമുണ്ട്‌, മരണ സംഖ്യ 132,000 ആയി. ഇത്‌ കൊവിഡ്‌ വ്യാപനത്തില്‍ യുഎസിനു പിന്നില്‍ ഇന്ത്യയെ രണ്ടാംസ്ഥാനത്തെത്തിച്ചു. എന്നാല്‍ ഇതിന്‌ ആനുപാതികമായി ഉണ്ടാകേണ്ട മരണങ്ങള്‍ കാണുന്നില്ലെന്ന്‌ അരുണ്‍ മാധവന്‍ പറഞ്ഞു.

കേരളത്തിലെ താരതമ്യേന കുറഞ്ഞ രോഗ, മരണനിരക്ക്‌ മുഴുവന്‍ കൊവിഡ്‌ സംബന്ധിച്ച മുഴുവന്‍ യാഥാര്‍ത്ഥ്യങ്ങളും പറയുന്നില്ലെന്നാണ്‌ സന്നദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്‌. മരണത്തിനു തൊട്ടു മുമ്പ്‌ കൊവിഡ്‌ സ്ഥിരീകരിച്ച കണക്കുകള്‍ അവര്‍ ഉദാഹരണമായി എടുത്തു കാട്ടുന്നു. ഇത്‌ അന്തിമ കൊവിഡ്‌ മരണക്കണക്കുകളില്‍ ഉള്‍പ്പെടുത്താറില്ലെന്ന്‌ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ്‌ ബാധയാലുള്ള മരണം അശ്രദ്ധ കൊണ്ട്‌ ചേര്‍ക്കപ്പെടുത്താതെ പോകുന്നത്‌ സാമാന്യവത്‌കരിക്കപ്പെടുകയാമെന്നും അവര്‍ പറയുന്നു.