ബുക്കർ പ്രൈസ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടാണ് ഇത്തവണത്തെ ബുക്കർ പ്രൈസിന് അർഹനായിരിക്കുന്നത്.
എൺപതുകളിൽ സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോവിൽ വളർന്നു വന്ന ആൺകുട്ടിയുടെ കഥപറയുന്ന ‘ഷഗ്ഗി ബെയ്‌ൻ’ എന്ന നോവലാണ് ഡഗ്ലസ് സ്റ്റുവാർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആത്മകഥ നോവലായ ‘ഷഗ്ഗി ബെയ്‌ൻ’ സ്റ്റുവർട്ടിന്റെ ആദ്യ നോവലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ബുക്കർ പ്രൈസ് ലഭിച്ചുവെന്ന വാര്‍ത്ത അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്നുമാണ് ഡഗ്ലസ് പ്രതികരിച്ചത്.
സ്റ്റുവർട്ടിന് 16 വയസുള്ളപ്പോൾ അമിത മദ്യപാനം മൂലം മരിച്ചുപോയ അമ്മയ്‌ക്കാണ് ഈ നോവൽ സ്റ്റുവർട്ട് സമർപ്പിച്ചിരിക്കുന്നതും. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലൻഡുകാരനാണ് ഡഗ്ലസ് സ്റ്റുവർട്ട്. 1994ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്‌കോട്ട് പൗരന്‍.
വ്യാഴാഴ്ച രാത്രിയായിരുന്നു അവാർഡ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. നവംബർ 17ന് നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപന ചടങ്ങായിരുന്നു ഇത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ പുസ്തക പ്രകാശനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തേക്ക് നീട്ടി വെയ്ക്കുകയായിരുന്നു. അമ്പതിനായിരം പൗണ്ട് ഏകദേശം 49 ലക്ഷം രൂപയാണ് ബുക്കർ പ്രൈസിന്റെ സമ്മാനത്തുക.