Thu. Jan 23rd, 2025
Candidate's poster troll

സ്ത്രീകൾ അവരുടെ മേഖലയിൽ എത്രത്തോളം മികവ് തെളിയിച്ചെന്ന് പറഞ്ഞാലും, പ്രാഗത്ഭ്യമുള്ളവരാണെന്ന് പറഞ്ഞാലും സമൂഹം മിക്കപ്പോഴും അവരെ അളക്കുന്നത്  സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടാണ്. സമൂഹം പരമ്പരാഗതമായി നിഷ്കർഷിക്കുന്ന തൊലിയുടെ നിറവും രൂപവുമൊക്കെ തന്നെയാണ് ഈ സൗന്ദര്യം എന്നതുകൊണ്ട് ഈ സമൂഹം ഉദ്ദേശിക്കുന്നതും.

ഇത്തരത്തിൽ കഴിവിനെ വിലമതിക്കാതെ സ്ത്രീകളെ അവരുടെ ബാഹ്യസൗന്ദര്യത്തിന്റെ മാത്രം പേരിൽ പ്രശംസിക്കുകയും ആ ചട്ടക്കൂടിന് വെളിയിലുള്ള സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നതിന്റെ നിലവിലെ ഉദാഹരണമാണ് സ്ഥാനാർത്ഥികളുടെ ട്രോൾ.

ഇത്തവണ പൊതുവെ യുവതലമുറയ്ക്ക് പ്രാതിനിധ്യം നൽകികൊണ്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് എല്ലാ പ്രധാന മുന്നണികളും മുന്നോട്ട് വെച്ചത്. അക്ഷരാർത്ഥത്തിൽ ആരാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നതിന്റെ മത്സരമായിരുന്നു പാർട്ടികൾ തമ്മിൽ.

എന്നാൽ, സമൂഹ മാധ്യമങ്ങൾ ചെറുപ്പക്കാരായ വനിത സ്ഥാനാർത്ഥികളെ വരവേറ്റത് അവരുടെ ബാഹ്യസൗന്ദര്യം പരിഗണിച്ചാണ്. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ഷെയർ ചെയ്ത് വൈറലാക്കി കമന്റ് ബോക്സുകളിൽ അവരുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തി, അശ്ലീലം പറഞ്ഞും അല്ലാതയുമൊക്കെ പുരുഷസമൂഹം ഇത് ആഘോഷമാക്കി.

ഈ പ്രവണതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രവീൺ പ്രഭാകരൻ എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാനിയ മിർസ മുതൽ കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസെടുക്കാൻ വിക്ടേഴ്‌സ് ചാനലിൽ വന്ന അധ്യാപികമാരെ വരെ മെറിറ്റ് നോക്കാതെ സൗന്ദര്യം നോക്കി പുകഴ്ത്തുന്ന സമൂഹമാണുള്ളതെന്ന് പ്രവീൺ പോസ്റ്റിൽ പറയുന്നു.

“ഇപ്പോഴും സ്ത്രീകളെ അഭിസംബോധന ചെയ്യണമെങ്കിൽ, അവരെ സ്വീകരിക്കണമെങ്കിൽ, അവരെ ഇഷ്ടപെടണമെങ്കിൽ, അവരെ ബഹുമാനിക്കണമെങ്കിൽ സൗന്ദര്യം എന്ന ഘടകം മാത്രമാണെങ്കിൽ അതിന്റെ പേര് ലിംഗ സമത്വം എന്നല്ല, ലൈംഗിക ദാരിദ്ര്യം എന്ന് തന്നെയാണ്,” പ്രവീൺ കുറിച്ചു.

https://www.facebook.com/praveen.prabhakar.7547031/posts/1649955761844175

കഴിഞ്ഞദിവസങ്ങളിൽ വാട്സപ്പ് സ്റ്റാറ്റസുകളിലടക്കം നിറഞ്ഞ ട്രോളാണിത്.

Candidate Troll
Picture Courtesy: Facebook; Candidate Troll

അപ്പുറത്തെ വാർഡിലെ സ്ഥാനാർത്ഥി ചെറുപ്പവും, എന്റെ വാർഡിലെ സ്ഥാനാർത്ഥി മധ്യവയസ്കയായ നിഷ്കർഷിക്കപ്പെടുന്ന സൗന്ദര്യസങ്കല്പങ്ങൾ ഇല്ലാത്തതുമാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഈ ട്രോൾ.

കള്ളവോട്ട് ചെയ്തിട്ടാണെങ്കിലും മേൽപ്പറഞ്ഞ ചെറുപ്പക്കാരായ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന കമന്റുകളാണ് ഈ ട്രോളിന്‌ കൂടുതലായും വരുന്നത്. അപ്പോൾ, സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണോ മെറിറ്റിന്റെ അടിസ്ഥാനത്തിലാണോ ഭരണകൂടത്തെപോലും തിരഞ്ഞെടുക്കുന്നത് എന്ന ഗുരുതര സംശയം ഇവിടെ ഉയരുന്നുണ്ട്.

യഥാർത്ഥ സ്ഥാനാർത്ഥിയെ മാറ്റി സീരിയൽ താരങ്ങളെ പോസ്റ്ററിൽ വെട്ടിക്കയറ്റിയും, സ്ഥാനാർത്ഥികളുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലത പ്രചരിപ്പിച്ച് ആനന്ദിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

Candidate's poster morphed with serial actress' picture
Picture Courtesy: Facebook; 1. UDF Candidate’s morphed poster, 2. UDF Candidate’s original poster

ഇതിനെതിരെ കേരള പോലീസ് രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ഐടി നിയമത്തിലെ 66, 66 (C), 67, 67 (A) എന്നീ വകുപ്പുകളും കേരള പോലീസ് നിയമത്തിലെ 120 (O) വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചും കേസെടുക്കാനാണ് നിർദ്ദേശം.

By Arya MR